ശ്രീനാരായണ ഗുരുദേവനും മഹാത്മാഗാന്ധിയും തമ്മിൽ ശിവഗിരിയിൽ നടന്ന ചരിത്രപ്രസിദ്ധമായ കൂടിക്കാഴ്ചയിൽ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങളും സംവാദങ്ങളും വിവിധ വീക്ഷണകോണുകളിലൂടെ ഗവേഷണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെല്ലോ. ഗുരുദേവൻ, താൻ സശരീരനായിരുന്ന കാലത്തേക്കാൾ എത്രയോ മുന്നിൽ നടന്ന ക്രാന്തദർശിയും ശാസ്ത്രജ്ഞനും ആയിരുന്നെന്ന് ദിനംപ്രതി വീണ്ടുംവീണ്ടും കൂടുതൽ തെളിവുകളിലൂടെയും അനുഭവങ്ങളിലൂടെയും ലോകം അറിഞ്ഞുകൊണ്ടിരിക്കുന്നു. ഗുരുദേവൻ എന്ന മഹാശാസ്ത്രജ്ഞനെയും, ഏത് ആധുനിക പരീക്ഷണ, നിരീക്ഷണങ്ങളെയും അതിജീവിക്കുന്ന ഗുരുദേവദർശനത്തെയും സന്ദേശങ്ങളെയും, അത്ഭുതത്തോടെ മാത്രമേ ശാസ്ത്രലോകത്തിന് കാണാൻ കഴിയുന്നുള്ളൂ.
ചാതുർവർണ്യം ന്യായീകരിക്കാൻ ശിവഗിരിയിലെ മാവിനെ ചൂണ്ടി മഹാത്മജി പറഞ്ഞതും അതിനു ഗുരുദേവന്റെ പ്രതികരണവും ചരിത്രമാണല്ലോ. 'ഒരേ മരത്തിൽ ഇലകൾ പലതരത്തിലാകാം. എന്നാൽ ഇവയോരോന്നും ഇടിച്ചുപിഴിഞ്ഞ് സത്തെടുത്താൽ അതിന്റെ രാസജൈവഗുണങ്ങൾ ഒന്നുതന്നെ"എന്ന് ഗുരു പറഞ്ഞ ശാസ്ത്രസത്യം Chromatography, Molecular spectroscopy, DNA തുടങ്ങിയ ശാസ്ത്ര പരിശോധനകളിലൂടെ തിരിച്ചറിയാൻ പിന്നെയും എത്രയോ കാലം വേണ്ടിവന്നു! ശാസ്ത്ര, സാങ്കേതിക വിഷയങ്ങളിൽ കോൺഫറൻസുകൾ അപൂർവമായിരുന്ന കാലത്താണ്, ശിവഗിരി തീർത്ഥാടനത്തിൽ അത്തരം വിഷയങ്ങളെയും കൃഷിയെയും വ്യവസായത്തെയും അധികരിച്ച് പ്രദർശനങ്ങളും പ്രസംഗങ്ങളും ചർച്ചാക്ലാസുകളും വേണമെന്ന് ഗുരുദേവൻ നിഷ്‌കർഷിച്ചത്.
ഇതിനുശേഷം ഏതാണ്ട് ഒരുനൂറ്റാണ്ടു കഴിഞ്ഞാണ് സർക്കാർ തലത്തിൽ കാർഷികമേളകൾ, വ്യവസായ വാണിജ്യ മേളകൾ, ആരോഗ്യ- ശാസ്ത്രസാങ്കേതിക സെമിനാറുകൾ തുടങ്ങിയവ ആരംഭിച്ചതെന്നതുകൂടി ചേർത്ത് വായിക്കുമ്പോഴാണ്, ഗുരുദേവൻ എങ്ങനെ കാലത്തിനും അതീതനായ മഹാമേരുവായി നിൽക്കുന്നുവെന്ന് മനസിലാവുന്നത്. ക്ലീൻകേരള മിഷനും, നാഷണൽ ഹെൽത്ത് മിഷനും വരുന്നതിന് 125 വർഷം മുമ്പാണ് പഞ്ചശുദ്ധിയെപ്പറ്റി ഗുരു നമ്മെ പഠിപ്പിച്ചത്. ഗുരുദേവന്റെ ക്ഷേത്രസങ്കല്പംതന്നെ ശാസ്ത്രീയവും കാലത്തെ അതിജീവിക്കുന്നതുമാണ്. ഗുരു വിഗ്രഹാരാധനയെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. എന്നാൽ ആർക്കെങ്കിലും മനസ് കേന്ദ്രീകരിച്ചു നിർത്താൻ ഒരു ബിംബത്തിന്റെ ആവശ്യം തോന്നിയാൽ അതിനു ഗുരുദേവൻ എതിരായിരുന്നില്ല. അതിന് വിലയേറിയ കൃഷ്ണശിലയിലോ മാർബിളിലോ കൊത്തിയെടുത്ത മൂർത്തി വേണമെന്നില്ല. അത് വെറുമൊരു ശിലയാകാം, കണ്ണാടിയാകാം, പുസ്തകമാകാം, മയിൽപ്പീലിയാകാം...
ദൈവം തൂണിലും തുരുമ്പിലുമുണ്ടെന്നും അത് എങ്ങനെയെന്നത് വ്യക്തിയുടെ കാഴ്ചപ്പാടിന്റെ മാത്രം പ്രതിഫലനമാണെന്നും ഇതിലും പ്രായോഗികമായി തെളിയിക്കാൻ സാധിക്കുമോ? ആധുനിക രീതിയിലുള്ള, വായുസഞ്ചാരമുള്ള ശ്രീകോവിലും പ്രകൃതിഭംഗി നിറഞ്ഞ പരിസരവുമാണ് ഗുരുദേവൻ വിഭാവം ചെയ്ത ക്ഷേത്രങ്ങൾ. ക്ഷേത്രത്തോടനുബന്ധിച്ച് വിശാലമായ കളിസ്ഥലങ്ങൾ, വിദ്യാലയങ്ങൾ, ആശുപത്രികൾ, വ്യവസായങ്ങൾ, വായനശാലകൾ, ജനങ്ങൾക്ക് വന്നിരുന്ന് വർത്തമാനം പറയാനും ശുദ്ധവായു ശ്വസിക്കാനും പറ്റിയ ഇടങ്ങൾ. പ്രകൃതിയും പരിസ്ഥിതിയും ഒരു ചർച്ചാവിഷയം പോലുമല്ലാതിരുന്ന കാലഘട്ടത്തിലാണ് ഗുരുദേവൻ പ്രകൃതിക്ക് അനുയോജ്യമായ കാര്യങ്ങൾ മാത്രം ക്ഷേത്രനിർമ്മിതിയിലും പരിപാലനത്തിലും അവലംബിച്ചത്.
നാം കാണുന്ന ഏതൊരു വസ്തുവിനെയും വിഭജിച്ച് വിഭജിച്ച് എവിടെ വിഭജനം അസാദ്ധ്യമാകുന്നുവോ അതാണ് ആത്മാവ്/ഉള്ളം. ഇന്നും ആധുനികശാസ്ത്രം മനസിലാക്കാൻ ശ്രമിക്കുന്ന പ്രതിഭാസവും ഇതുതന്നെ. 200 വർഷങ്ങൾക്കു മുമ്പ് എല്ലാ വസ്തുക്കളുടെയും ഏറ്റവും ചെറിയ രൂപം 'തന്മാത്ര"യാണെന്ന് ശാസ്ത്രലോകം പ്രഖ്യാപിച്ചപ്പോഴാണ് 'തൊട്ടെണ്ണും പൊരുളൊടുങ്ങിയാൽ നിന്നിടും ദൃക്കുപോലുള്ളം" എന്ന് ഗുരു പറഞ്ഞത്. അതായത് നിൽക്കുന്നതുവരെയും ക്ഷമയോടെ 'എണ്ണി"കൊണ്ടിരുന്നാൽ കണ്ടെത്തും. പിന്നീട് എത്രയോ വർഷങ്ങൾ കഴിഞ്ഞാണ് ആധുനികശാസ്ത്രം ആറ്റവും അതിനെ വിഭജിച്ചു പ്രോട്ടോണും ന്യൂട്രോണും ഇലക്‌ട്രോണും, ദശാബ്ദങ്ങൾ കഴിഞ്ഞ് അതിലും ചെറിയ ക്വാർക്‌സ്/ലെപ്റ്റോൺസ്, പിന്നെ ദൈവത്തിനടുത്തെത്തിയെന്നു ധ്വനിപ്പിക്കുന്ന ദൈവകണങ്ങൾ എന്ന്‌പേരിട്ട ന്യൂട്രിനോസും കണ്ടെത്തിയത്.
നാളെ ന്യൂട്രിനോസിനെക്കാൾ ചെറിയ കണം കണ്ടെത്തുമ്പോൾ അതാവും ദൈവം. ഇതൊരു നിലയ്ക്കാത്ത അന്വേഷണമാണ്. ദൈവത്തെ ഇത്ര ലളിതമായി, യുക്തിഭദ്രമായി കാണിച്ചുതരാൻ ഗുരുദേവനല്ലാതെ ആർക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ? കഴിയുമോ? ശ്രീനാരായണ ഗുരുദേവൻ ശാസ്ത്രജ്ഞരിലെ മഹർഷിയോ മഹർഷിമാരിലെ ശാസ്ത്രജ്ഞനോ? നാമറിയുന്നതിലും എത്രയോ മേലെയാണ് ഗുരുവെന്ന് പിന്നെയും പിന്നെയും നാമറിയുന്നു!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |