ഗുരുഗ്രാം: ശക്തമായ മഴയിൽ ഗുരുഗ്രാമിലെ സതേൺ പെരിഫറൽ റോഡിലുണ്ടായ ഗർത്തത്തിലേക്ക് ട്രക്ക് മറിഞ്ഞ് അപകടം. മിക്ക സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. വരുന്ന രണ്ട് ദിവസങ്ങളിൽ നഗരത്തിലെ പലഭാഗങ്ങളിലും കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഗതാഗതക്കുരുക്ക് രൂക്ഷമായതിനാൽ അനാവശ്യ യാത്രകൾ ഒഴിവാക്കാൻ അധികൃതർ ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. റോഡിലുണ്ടായ ഗർത്തം പരിശോധിക്കാനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
പല പ്രദേശങ്ങളിലും മരങ്ങൾ കടപുഴകി വീണതിനാൽ നഗരത്തിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങി. റോഡുകളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ ഗതാഗതവും കാൽനടയാത്രയും തടസ്സപ്പെട്ടു. കനത്ത മഴയെത്തുടർന്ന് മേഖലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബസായി, ഗോൾഫ് കോഴ്‌സ് എക്സ്റ്റൻഷൻ റോഡ്, രാജീവ് ചൗക്ക്, ശീത്‌ല മാതാ റോഡ്, സദർ ബസാർ, ബസ് അഡ്ഡ റോഡ്, റസിഡൻഷ്യൽ കോളനികൾ തുടങ്ങിയ പ്രധാന റോഡുകൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഡൽഹി-ഗുരുഗ്രാം എക്സ്പ്രസ് വേയിലെ നർസിംഗ്പൂർ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ വെള്ളക്കെട്ട് ബാധിച്ചത്.
സുഭാഷ് ചൗക്കിലും സോഹ്ന റോഡിലും വാഹനങ്ങളുടെ നീണ്ട നിരയാണ്. സോഹ്ന റോഡിൽ നിരവധി വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങി. മുനിസിപ്പൽ കോർപ്പറേഷന്റെയും ജിഎംഡിഎയുടെയും ഡ്രെയിനേജ് സംവിധാനങ്ങൾ പൂർണ്ണമായും തകരാറിലായി. ഇന്നലെ രാത്രി മുതൽ ആരംഭിച്ച ശക്തമായ മഴയിലാണ് ഗുരുഗ്രാമിലെ പല സ്ഥലങ്ങളും വെള്ളക്കെട്ടിലായത്. വാഹനവുമായി ആരെങ്കിലും പുറത്തിറങ്ങിയാൽ യാത്ര ചെയ്യാൻ പതിവിലും കൂടുതൽ സമയമെടുക്കുമെന്ന് ഗുരുഗ്രാം ട്രാഫിക് പൊലീസ് സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |