യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചത് പണം കൊടുക്കരുതെന്ന് ഉപദേശിച്ചതിന്റെ പകയിൽ
കാസർകോട്:വോർക്കാടി ബേക്കറി ജംഗ്ഷൻ നളങ്കിപദവിലെ ഹിൽഡ മൊന്തേരോ(59)യെ മകൻ മെൽവിൻ മൊന്തേരോ തലയ്ക്കടിച്ച് കൊന്ന് ചുട്ടെരിച്ചതിന് പിന്നിൽ പണവും സ്വത്തും നൽകാത്തതിലുള്ള വൈരാഗ്യമെന്ന് പൊലീസ്. വീടും സ്ഥലവും തനിക്ക് എഴുതി തരണമെന്നാവശ്യപ്പെട്ട് നിരന്തരം വഴക്കിട്ട മെൽവിൻ വിവാഹ ചെലവിനായി എട്ട് ലക്ഷം രൂപ വേണമെന്നും കൊല്ലപ്പെട്ട ഹിൽഡയോട് ആവശ്യപ്പെട്ടിരുന്നു.ഇത് നിരസിച്ചതിലെ വൈരാഗ്യമാണ് ക്രൂരകൃത്യം ചെയ്യാൻ ഈയാളെ പ്രേരിപ്പിച്ചതെന്ന് അന്വേഷണോദ്യോഗസ്ഥർ വെളിപ്പെടുത്തി.
പണം നൽകരുതെന്ന് ഹിൽഡയോട് പറഞ്ഞതിന്റെ ദേഷ്യത്തിലാണ് അയൽവാസിയും ബന്ധുവുമായ ലോലിറ്റയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും മെൽവിൻ കുറ്റസമ്മതം നടത്തി. ലോലിറ്റ 40 ശതമാനം പൊള്ളലേറ്റ നിലയിൽ മംഗളുരു യേനപോയ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആശുപത്രിയിൽ എത്തിയ കാസർകോട് ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് യുവതിയിൽ നിന്ന് മൊഴിയെടുത്തു.
തലയ്ക്കടിച്ചുകൊന്നു;വലിച്ചിഴച്ചുകൊണ്ടുപോയി ചുട്ടെരിച്ചു
ഹിൻഡ മൊന്തേരയുടെ മരണം പലക പോലുള്ള ആയുധം കൊണ്ട് തലക്കടിയേറ്റതിനെ തുടർന്നാണെന്ന് പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിരുന്നു. കൊലപ്പെടുത്തിയ ശേഷമാണ് പിൻഭാഗത്തേക്ക് വലിച്ചു കൊണ്ടുപോയി പെട്രോളൊഴിച്ച് ചുട്ടുകരിച്ചത്. ഇതിന് ശേഷമാണ് ബന്ധുവായ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ രക്തക്കറ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
കസ്റ്റഡിയിലെടുത്തത് കൊല്ലൂരിൽ നിന്ന്
സംഭവത്തിന് ശേഷം രക്ഷപ്പെട്ട മെൽവിൻ മൊന്തോരോയെ അഞ്ച് മണിക്കൂറിനുള്ളിലാണ് മഞ്ചേശ്വരം പൊലീസ് പിന്തുടർന്ന് പിടികൂടിയത്. വ്യാഴാഴ്ച പുലർച്ചെ ഒന്നര മണിയോടെയാണ് കൊല നടത്തിയ ഈയാൾ പുലർച്ചെ ആറ് മണിവരെ വീടിന് സമീപത്തുണ്ടായിരുന്നു. ആളുകൾ കൂടുന്നത് കണ്ട് ബേക്കറി ജംഗ്ഷനിൽ എത്തി ഓട്ടോയിൽ ഹൊസങ്കടിയിലെത്തി ബസിൽ മംഗളൂരു ഭാഗത്തേക്കുള്ള ബസിൽ കയറി. രാവിലെ ഒമ്പത് മണിയോടെ മഞ്ചേശ്വരം എസ്.ഐ.രതീഷ് ഗോപിയും സംഘവും പ്രതിയുടെ മൊബൈൽ ലൊക്കേഷൻ പരിശോധിച്ച് പിൻതുടർന്ന് കർണ്ണാടക പൊലീസിന്റെ സഹായത്തോടെ കൊല്ലൂരിലെത്തി. വർഷങ്ങൾക്ക് മുമ്പ് ജോലി ചെയ്തിരുന്ന കൊല്ലൂരിലെ ഒരു ക്വാറിയിൽ ഒളിച്ചിരിക്കുകയായിരുന്ന മെൽവിനെ ഉച്ചക്ക് രണ്ട് മണിയോടെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി മഞ്ചേശ്വരം സ്റ്റേഷനിൽ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ കൊലപാതകം സംബന്ധിച്ച വിവരങ്ങൾ ഈയാൾ പൊലീസിന് കൈമാറി. ഇന്നലെ ഉച്ചയോടെ ഹാജരാക്കിയ ഈയാളെ കോടതി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |