ആലപ്പുഴ : ചെലവുകൾ ഏറെ വർദ്ധിച്ചിട്ടും 12വർഷത്തിലേറെയായി സേവന നിരക്ക് വർദ്ധിപ്പിക്കാത്തതിനാൽ ദാരിദ്ര്യത്തിലായി അക്ഷയകേന്ദ്രങ്ങൾ. 2013ൽ നിശ്ചയിച്ച നിരക്കിലാണ് അക്ഷയ കേന്ദ്രങ്ങൾ ഇപ്പോഴും സേവനം നൽകുന്നത്. സർക്കാർ നേരിട്ട് നൽകുന്ന സേവനങ്ങൾക്ക് ഇക്കാലയളവിൽ ഇരട്ടിയിലേറെ വർദ്ധനവുണ്ടായി.
വാടക, വൈദ്യുതി, ഇന്റർനെറ്റ് നിരക്ക്, പേപ്പർ, മഷി എന്നിവയുടെ വിലയും ജീവനക്കാരുടെ ശമ്പളവും വർദ്ധിച്ചു.
അക്ഷയ സംരംഭകരുടെ എട്ട് സംഘടനകളുമായി ചർച്ച നടത്താൻ സർക്കാർ തീരുമാനിച്ചതല്ലാതെ ചർച്ച നടന്നില്ല. ഒരു അക്ഷയകേന്ദ്രം സ്ഥാപിക്കുന്നതിന് കുറഞ്ഞത് ആറുലക്ഷം രൂപ ചെലവാകും. 50,000 മുതൽ 80,000 രൂപ വരെയാണ് പ്രതിമാസ പ്രവർത്തന ചെലവ്. വിപുലമായ സൗകര്യവും കൂടുതൽ ജീവനക്കാരുമുള്ളിടത്ത് ചെലവും കൂടും.
നൂറോളം സേവനങ്ങളാണ് അക്ഷയ വഴി നൽകുന്നത്. ഇ-ജില്ലാ സേവനങ്ങൾക്ക് ജനറൽ വിഭാഗത്തിന് 25 രൂപയാണ് ഫീസ്. സ്കാനിംഗ്, പ്രിന്റിംഗ് എന്നിവയ്ക്ക് അധികമായി മൂന്നുരൂപ നൽകണം. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് സേവന ഫീസ് 10 രൂപയും പ്രിന്റിംഗ്, സ്കാനിംഗ് ചാർജുകൾക്ക് രണ്ടുരൂപയുമാണ്. മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് 40രൂപയും സ്കാനിംഗ്, പ്രിന്റിംഗ് ചാർജായി മൂന്നുരൂപയും നൽകണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള അപേക്ഷകൾക്ക് സ്കാനിംഗും പ്രിന്റിംഗും ഉൾപ്പടെ 20രൂപയാണ് നിരക്ക്.
ചർച്ച നടത്താതെ സർക്കാർ
1. പെൻഷൻ മസ്റ്ററിംഗ് നടത്തുന്നതിന് 30രൂപയാണ് അക്ഷയകേന്ദ്രങ്ങളിൽ നിരക്ക്. കിടപ്പ് രോഗികൾക്ക് വീട്ടിലെത്തി മസ്റ്ററിംഗ് ചെയ്യുന്നതിന് 50രൂപയുമാണ്
2. മുമ്പ് വീടുകളിൽ പോയി മസ്റ്ററിംഗ് ചെയ്യുന്നതിന് സർക്കാർ 130 രൂപ നൽകിയിരുന്നു. എന്നാൽ ഇത് നിറുത്തലാക്കി ഗുണഭോക്താക്കളിൽ നിന്ന് വാങ്ങാനാണ് നിർദ്ദേശം
3. കിലോമീറ്ററുകളോളം സഞ്ചരിച്ച് വീടുകളിലെത്തി 50രൂപയ്ക്ക് സേവനം നൽകുന്നത് വലിയ നഷ്ടമാണ്. ഗതാഗതച്ചെലവ് തന്നെ പലപ്പോഴും 50 രൂപയ്ക്ക് മുകളിൽ വരും
4. വിവിധസേവനങ്ങളുടെ നിരക്ക് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അക്ഷയ സംരംഭകരുടെ സംഘടനകൾ ഹൈക്കോടതിയിൽ കേസ് നൽകിയിട്ടുണ്ട്
ജില്ലയിൽ അക്ഷയ കേന്ദ്രങ്ങൾ
223
പ്രതിമാസം പ്രവർത്തനച്ചെലവ്
₹80,000
സർക്കാർ മൂന്ന് തവണ സംഘടനകളെ ചർച്ചയ്ക്ക് വിളിച്ചെങ്കിലും അവസാന നിമിഷം ചർച്ച മാറ്റിവയ്ക്കുകയാണ് ചെയ്തത്. ചർച്ച നടത്തി സേവന നിരക്കുകൾ വർദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം
- പി.ആർ. സൽജിത്ത്,മുൻ പ്രസിഡന്റ്,അക്ഷയ വെൽഫെയർ അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |