നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധിയാണെന്ന് ഉറച്ചുവിശ്വസിക്കുന്നൊരാളാണ് നടൻ മഹേഷ്. ഇപ്പോഴിതാ എന്തുകൊണ്ടാണ് ദിലീപിനെ പിന്തുണയ്‌ക്കുന്നതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മഹേഷ്.
'ഞാൻ ദിലീപിന്റെ കൂടെ അധികം സിനിമയൊന്നും ചെയ്തിട്ടില്ല. ഈ വിഷയത്തെക്കുറിച്ച് എന്നെ ചിന്തിപ്പിച്ച ഒരു കാര്യമുണ്ട്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഓക്കെയെന്നുവയ്ക്കാം. ഇല്ലെങ്കിലോ? ചാർത്തിയ കുറ്റങ്ങൾവച്ച് ആ മനുഷ്യൻ 20 വർഷമാണ് ജയിലിൽ കിടക്കേണ്ടത്. സ്വയം കേറിവന്ന വ്യക്തിയാണ്. അങ്ങനെയൊക്കെ വന്നയാൾക്ക് ഒരു കാരാഗ്രഹ ജീവിതം ലഭിക്കുകയെന്ന് പറയുമ്പോൾ, ബുദ്ധിയില്ലാത്ത മനുഷ്യനൊന്നുമല്ല ദിലീപ്.
മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ളവർ ഉണ്ടായിട്ടും എന്തുകൊണ്ട് ദിലീപ് ട്വന്റി ട്വന്റിയെടുത്തു. അവന്റെ ബിസിനസ് ബുദ്ധിയുണ്ട് അവിടെ. ദിലീപിന്റെ ഏതൊരു സിനിമയെടുത്താലും മാർക്കറ്റിംഗിനെല്ലാം കൂടെ നിൽക്കുന്നയാളാണ്. അങ്ങനെയൊക്കെ ചെയ്യുന്നയാൾ അത്ര വിഡ്ഡിയൊന്നുമല്ലല്ലോ. ബുദ്ധിയുണ്ട്.
അദ്ദേഹത്തിന്റെ അന്നത്തെ സാമ്പത്തിക അവസ്ഥയിൽ, ഇങ്ങനെയൊരു കുറ്റം ചെയ്യണമെങ്കിൽ ഇവിടെയാരെയും വിളിക്കേണ്ട കാര്യമില്ല. എന്തിന് പൾസർ സുനിയെ വിളിക്കണം. അവനാരാണ്. അയാൾ ഡ്രൈവറായി വണ്ടിയോടിച്ചുനടക്കുകയും, അത്യാവശ്യം തക്കിട തരികിടകൾ ഒപ്പിക്കുകയും ചെയ്യുന്നയാളാണ്. 2011 -12 കാലഘട്ടത്തിൽ ഇതുപോലൊരു നടിയെ ഇങ്ങനെ കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത ക്രൈം റെക്കോർഡുള്ളയാളാണ്. വീണ്ടും അതേ ക്രൈം ചെയ്യാൻ അയാളെ വിളിക്കാൻ മാത്രം വിഡ്ഢിയല്ല ദിലീപ്.
കാരണം ഹിസ്റ്ററി നോക്കിയാണ് പൊലീസ് കുറ്റവാളികളെ കണ്ടെത്തുന്നത്. ഇതുപോലൊരു കുറ്റം മുമ്പ് ആര് ചെയ്തിട്ടുണ്ടെന്ന് നോക്കും. അതുവച്ചാണ് അവർ പെട്ടന്ന് പ്രതിയിലേക്ക് എത്തുന്നത്. അങ്ങനെയുള്ള ഒരു പൾസർ സുനിയെ ദിലീപ് വിളിക്കുമോ?
രണ്ട് കോടിയൊക്കെ നേരിട്ട് കണ്ടാൽ പൾസർ സുനി ബോധം കെട്ടുവീഴും. ഇരുപത് രൂപയ്ക്ക് ചെയ്യണമെന്ന് പറഞ്ഞാൽ ചെയ്‌തേക്കാം. കാരണം സുനിയുടെ സാമ്പത്തികാവസ്ഥ അതാണ്. ആ അയാളുടെയടുത്ത് ചെന്ന് രണ്ട് കോടി ഓഫർ ചെയ്യുമോ?'- മഹേഷ് പറഞ്ഞു.
ദിലീപിനെ ന്യായീകരിച്ച് സംസാരിക്കുന്നയാളുകളുടെ വീടുകളിലേക്ക് പോസ്റ്റ്കാർഡിൽ കാശെത്തുന്നുവെന്ന രീതിയിൽ അന്ന് പ്രചാരണമുണ്ടായിരുന്നു. ഇതിനെക്കുറിച്ചും മഹേഷ് പ്രതികരിച്ചു. അതെങ്കിലും കിട്ടിയാൽ മതിയായിരുന്നുവെന്നും അദ്ദേഹം തമാശരൂപേണെ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |