തിരുവനന്തപുരം: ശുഭാംശുവിന്റെ നീക്കങ്ങൾ സൂക്ഷ്മമായി വിലയിരുത്തി ഐ.എസ്.ആർ.ഒ. എട്ടു എൻജിനിയർമാർ, രണ്ടു ഡോക്ടർമാർ, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എയ്റോ സ്പേസ് മെഡിസിനിലെ വിദഗ്ദ്ധൻ എന്നിവരടങ്ങുന്ന ഇന്ത്യൻ സംഘം ഹ്യൂസ്റ്റണിലെ നാസയുടെ ജോൺസൺ സ്പേസ് സെന്ററിൽ ഇതിനായുണ്ട്. പ്രത്യേക മുറിയും കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളും അടക്കമുള്ള സൗകര്യങ്ങൾ നാസ ഇവർക്കായി ഒരുക്കിയിട്ടുണ്ട്.
ശുഭാംശുവുമായി ക്രൂഡ്രാഗൺ സ്പേസ് സ്റ്റേഷനിലേക്ക് അടുത്തപ്പോഴുള്ള നീക്കങ്ങൾ ഐ.എസ്.ആർ.ഒ പ്രത്യേകം വിലയിരുത്തി. ഓരോ തവണയും ഡോക്ക് ചെയ്യാൻ ശ്രമിച്ച് പിൻവാങ്ങിയതിന്റെ കാരണങ്ങൾ, പ്രതിസന്ധി എങ്ങനെ മറികടന്നു, ക്രൂഡ്രാഗൺ മൊഡ്യൂളിലെ പൈലറ്റ് ശുഭാംശുവും മിഷൻ ലീഡർ പെഗ്ഗി വിൻസണും നൽകിയ സന്ദേശങ്ങൾ തുടങ്ങിയ വിവരങ്ങൾ ഐ.എസ്.ആർ.ഒ സംഘത്തിന് ലൈവായി കേൾക്കാൻ നാസ അവസരമൊരുക്കിയിരുന്നു. സാധാരണ നാസ ടീമിന് പുറത്തുള്ളവർക്ക് ഇത്തരം വിവരങ്ങൾ പങ്കുവയ്ക്കാറില്ല. ആക്സിയം 4 മിഷനിലുള്ള ഹംഗറി, പോളണ്ട് എന്നിവരുടെ പ്രതിനിധികൾ ഹ്യൂസ്റ്റണിലുണ്ടെങ്കിലും അവർക്ക് വിവരങ്ങൾ പങ്കുവയ്ക്കുന്നില്ല. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബഹിരാകാശ കരാറിനെത്തുടർന്നാണിത്.
അടുത്തവർഷം നടത്താനിരിക്കുന്ന ഗഗൻയാൻ, തുടർന്ന് നടത്താനൊരുങ്ങുന്ന അന്തരീക്ഷ നിലയം തുടങ്ങിയവയുടെ നടത്തിപ്പിനുള്ള റിയൽടൈം ഡേറ്റയാണ് ഐ.എസ്.ആർ.ഒ തയ്യാറാക്കുന്നത്. ഇതുവരെ ഒരു സ്പേസ് ഡോക്കിംഗ് മാത്രമാണ് ഇന്ത്യ നടത്തിയിട്ടുള്ളത്. സ്പേസ് സ്റ്റേഷൻ നിർമ്മിക്കുന്നതിന് നിരവധി ഡോക്കിംഗുകൾ നടത്തേണ്ടതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |