തെന്നിന്ത്യൻ താരം കീർത്തി സുരേഷിനെ കേന്ദ്രകഥാപാത്രമാക്കി അനി ഐ.വി ശശി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം 'ഉപ്പു കപ്പുറമ്പു' നേരിട്ട് ഒടിടിയിലേക്ക്. ജൂലായ് 4 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിക്കും.
എല്ലാനാർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ രാധിക ലാവു നിർമ്മിക്കുന്ന ചിത്രം മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലും സ്ട്രീം ചെയ്യുന്നുണ്ട്. കീർത്തിയ്ക്കൊപ്പം സുഹാസും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിട്ടി ജയപുരം എന്ന സാങ്കൽപ്പിക ഗ്രാമത്തിൽ നടക്കുന്ന ഒരു വിചിത്രമായ പ്രശ്നത്തെ നർമ്മത്തിലൂടെ അവതരിപ്പിക്കുകയാണ് ചിത്രം. ബാബു മോഹൻ, ശത്രു, തല്ലൂരി രാമേശ്വരി എന്നിവരും സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. നിത്യ മേനൻ നായികയായ തെലുങ്ക് ചിത്രം നിന്നില നിന്നില ആണ് അനി ഐ.വി. ശശിയുടെ ആദ്യ സംവിധാന സംരംഭം.
അതേസമയം, വരുൻ ധവാൻ നായകനായ ബോളിവുഡ് ചിത്രം 'ബേബി ജോൺ' ആണ് കീർത്തിയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. മലയാളം അടക്കം തെന്നിന്ത്യൻ ഭാഷകളിൽ ധാരാളം ആരാധകരുള്ള നടിയാണ് കീർത്തി സുരേഷ്. പൈലറ്റ്സ്, അച്ഛനെയാണെനിക്കിഷ്ടം, കുബേരൻ എന്നീ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചാണ് കീർത്തി അഭിനയരംഗത്തേക്ക് എത്തുന്നത്. 2013ൽ പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു.