പത്തനംതിട്ട : ബിരിയാണിയും ഫ്രൈഡ് റൈസുമൊക്കെയായി പരിഷ്കരിച്ച സ്കൂൾ ഉച്ചഭക്ഷണ മെനു കടബാദ്ധ്യത കൂട്ടുമെന്ന ആശങ്കയിൽ പ്രഥമാദ്ധ്യാപകരും
പി.ടി.എയും. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ച മെനുവിന്റെ ചെലവിനുള്ള സർക്കാർ വിഹിതം വർദ്ധിപ്പിച്ചിട്ടില്ല.
പ്രഥമാദ്ധ്യാപകരും പി.ടി.എയും പണം കണ്ടെത്തിയാണ് മുൻവർഷങ്ങളിൽ ഉച്ചഭക്ഷണം മുടങ്ങാതെ വിതരണം ചെയ്തിരുന്നത്. മൂന്നും നാലും മാസങ്ങൾ കൂടുമ്പോഴായിരുന്നു സർക്കാർ വിഹിതം അനുവദിച്ചിരുന്നത്. പ്രൈമറി ക്ളാസുകളിൽ കുട്ടി ഒന്നിന് 6.78 രൂപയും യു.പി, ഹൈസ്‌കൂൾ ക്ലാസുകളിൽ 10.17 രൂപയുമാണ് സർക്കാർ വിഹിതം. മുട്ടയ്ക്ക് ആറു രൂപയും പാൽ ലിറ്ററിന് 52 രൂപയും ആഴ്ചതോറും കണക്കാക്കി നൽകുന്നു. പൊതു വിപണിയിൽ മുട്ടയ്ക്ക് എട്ട് രൂപയും പാലിന് 60 രൂപയുമുണ്ട്. പി.ടി.എയുടെയും പൊതുജന പങ്കാളിത്തത്തോടെയും പദ്ധതി നടപ്പാക്കണമെന്നാണ് മന്ത്രിയുടെ നിലപാട്. ഉച്ചഭക്ഷണത്തുകയിൽ 60 ശതമാനം കേന്ദ്ര വിഹിതവും 40 ശതമാനം സംസ്ഥാന
വിഹിതവുമാണ്.
ഉത്തരവ് ഇറങ്ങിയില്ല
സ്കൂൾ തുറന്ന് ഒരു മാസമാകുമ്പോഴും ഉച്ചഭക്ഷണത്തിനുള്ള പരിഷ്കരിച്ച മെനു
ഉത്തരവ് ഇറങ്ങിയില്ല. പരിഷ്കരിച്ച മെനു പ്രകാരം ആഴ്ചയിലൊരു ദിവസം പോഷകങ്ങൾ അടങ്ങിയ അരി കൊണ്ട് വെജിറ്റബിൾ ഫ്രൈഡ് റൈസ് നൽകണം. വെജിറ്റബിൾ ബിരിയാണി, ലെമൺ റൈസ്, കാരറ്റ്, ചെറുധാന്യ പായസം തുടങ്ങിയവയും പട്ടികയിലുണ്ട്. ആഴ്ചയിലൊരിക്കൽ പാലും മുട്ടയും തുടരണം
മെനു പരിഷ്‌കരണത്തിലൂടെ പ്രഥമാദ്ധ്യാപകരെ വീണ്ടും കടക്കെണിയിലേക്ക് തള്ളിയിടാനാണ് സർക്കാർ ശ്രമിക്കുന്നത്. നേരത്തെ അഡ്വാൻസായി നൽകിയിരുന്ന തുക പിന്നീട് ചെലവ് എഴുതി നൽകുമ്പോൾ നൽകിയാൽ മതിയെന്നായി. ഇത് മാസങ്ങൾ കഴിഞ്ഞാണ് ലഭിക്കുന്നത്.
-ബിജു തോമസ്,
പ്രൈമറി സ്കൂൾ എച്ച്.എം
അസോ.പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |