ആലപ്പുഴ: സൂംബ നൃത്ത വിഷയത്തിൽ സർക്കാരിനും വിദ്യാഭ്യാസ വകുപ്പിനും പൂർണ പിന്തുണ പ്രഖ്യാപിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സൂംബ നൃത്തത്തെ ചില മുസ്ളീം സംഘടനാനേതാക്കൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
വിദ്യാഭ്യാസമന്ത്രി നടപ്പാക്കുന്ന ഏതോ പദ്ധതിയാണെന്ന നിലയിലാണ് കാര്യങ്ങൾ മനസിലാക്കാത്ത ചിലരുടെ പ്രതികരണം. വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കുകയും മതവിദ്വേഷമുണ്ടാക്കുകയുമാണ് അവരുടെ ലക്ഷ്യം. സർക്കാർ ഇക്കാര്യത്തിൽ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടത്.
വിദ്യാലയങ്ങളിലെ സമയക്രമ പരിഷ്കാരത്തിലും മതപഠനവുമായി ബന്ധപ്പെടുത്തി പ്രതിഷേധവുമായി ഇവർ രംഗത്തെത്തി. സ്കൂൾ സമയക്രമത്തിനനുസരിച്ച് മതപഠനത്തിന്റെ സമയം ക്രമീകരിക്കാതെ അവിടെയും ധാർഷ്ട്യത്തോടെയുള്ള സമീപനമായിരുന്നു അവർ സ്വീകരിച്ചത്. മതരാജ്യവും മതസംസ്ഥാനവും സ്ഥാപിക്കാനുള്ള ശ്രമമായി ഇത്തരം കുത്സിത ശ്രമങ്ങളെ ആരെങ്കിലും വ്യാഖ്യാനിച്ചാൽ തെറ്റുപറയാനാകില്ല.
ഞങ്ങളുടെ പഠനകാലത്ത് ഡ്രില്ലുണ്ടായിരുന്നതുപോലെ കുട്ടികളുടെ മാനസിക- ശാരീരിക ഉല്ലാസത്തിനുതകുന്ന ഒരു വ്യായാമമുറയായാണ് സൂംബയെ കാണേണ്ടത്. സ്കൂൾ യൂണിഫോം ആപാദചൂഡം ധരിച്ച് നടത്തുന്ന സൂംബയെ എന്തിന്റെ പേരിലാണ് ചില സംഘടനകൾ വിമർശിക്കുന്നതെന്ന് മനസിലാകുന്നില്ല.
നിലമ്പൂർ വിജയത്തിൽ അതിശയമില്ല
നിലമ്പൂർ യു.ഡി.എഫിന്റെ പരമ്പരാഗത സീറ്റെന്ന നിലയിൽ യു.ഡി.എഫ് വിജയത്തിൽ അതിശയമൊന്നുമില്ല. എൽ.ഡി.എഫിന് നല്ല മാർജിനിലുള്ള വോട്ട് നേടാൻ കഴിഞ്ഞിട്ടുണ്ട്. അൻവർ നേടിയ 20,000ത്തോളം വോട്ടുകളെ തള്ളിക്കളയാനാകില്ല. അൻവറിന്റെ ശക്തി തിരിച്ചറിയാതെ പോയി. നിലമ്പൂരിലെ ജനങ്ങളുടെ പ്രശ്നങ്ങളുമായി അടുത്തിടപഴകിയതിനുളള അംഗീകാരമാണത്.
അൻവറിന്റെ യു.ഡി.എഫ് പ്രവേശവുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉറച്ച നിലപാടാണ് സ്വീകരിച്ചത്. ലീഗ് രണ്ട് വള്ളത്തിലും നിന്നെങ്കിലും സതീശൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.സാധാരണ പലകാര്യങ്ങളിലും ചാഞ്ഞും ചരിഞ്ഞുമുള്ള നിലപാടുകളാണ് കോൺഗ്രസ് സ്വീകരിക്കുന്നതെങ്കിലും ഇക്കാര്യത്തിൽ കേഡർ പാർട്ടികളുടേതിന് സമാനമായ നിലപാട് ശരിയായിരുന്നു.
നിലമ്പൂർഫലം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ദിശാസൂചികയായി കാണേണ്ട കാര്യമില്ല. നിലമ്പൂർ വിജയത്തിന്റെ പേരിലുണ്ടായ ക്യാപ്റ്റൻ, മേജർ, സോൾജിയർ വാദങ്ങളെപ്പറ്റിയുള്ള ചോദ്യത്തിന് അവർ അണ്ണനും തമ്പിയും കളിച്ചോട്ടെ ജനം ഇതൊക്കെ കാണുകയല്ലേ, ഒരാൾ ഡൽഹിയിലുൾപ്പെടെ മൂന്നുതട്ടിലല്ലേ കളിക്കുന്നതെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. ഭാരതാംബ വിവാദത്തിൽ എസ്.എൻ.ഡി.പി യോഗത്തിന് പ്രത്യേക നിലപാടില്ലെന്നും വിശ്വാസം രക്ഷിക്കട്ടെയെന്നും പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |