തിരുവനന്തപുരം: സ്കൂളുകളിൽ അക്കാഡമിക്, അക്കാഡമിക് ഇതരകാര്യങ്ങളിൽ എന്തു ചെയ്യണമെന്ന് സർക്കാർ തീരുമാനിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇന്ന കാര്യം ചെയ്യണമെന്ന് ആജ്ഞാപിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. തീരുമാനങ്ങളിൽ സംശയമുണ്ടെങ്കിൽ അതു ചർച്ച ചെയ്യാൻ തയ്യാറാണ്. ബോധപൂർവം വർഗീയനിറം നൽകി മതേതരത്വത്തിന് യോജിക്കാത്ത തരത്തിൽ അഭിപ്രായം പറഞ്ഞാൽ അംഗീകരിക്കില്ല. സൂംബ നൃത്തത്തിൽ പങ്കെടുക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ആക്ഷേപിക്കുന്ന തരത്തിലുള്ള വിവാദമാണ് ഉണ്ടായിട്ടുള്ളത്.
കായികതാരങ്ങളുടെ ഡ്രസ് കോഡ് തീരുമാനിക്കാൻ അവരുടെ അസോസിയേഷൻ ഉണ്ട്. സ്കൂൾയൂണിഫോം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് പി.ടി.എ ആണ്. വേറെ ആരെങ്കിലും ആജ്ഞാപിക്കുന്നത് നടപ്പിലാക്കില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.
സൂംബയുടെ പേരിൽ കായികരംഗത്ത് പ്രവർത്തിക്കുന്നവരെയാകെ ആക്ഷേപിച്ചിരിക്കുകയാണ്. മോശം പരാമർശം നടത്തിയവർ അതു പിൻവലിച്ച് മാപ്പ് പറയണം. രാജ്ഭവനിലെ സംഭവത്തിൽ പ്രോട്ടോക്കോൾ ലംഘനം നടത്തിയിട്ടില്ല. ഗവർണറാണ് പ്രോട്ടോക്കോൾ ലംഘനവും ഭരണഘടനാ ലംഘനവും നടത്തിയത്. ആർ.എസ്.എസിന്റെ രണ്ട് പ്രധാന നേതാക്കൾ രാജ്ഭവനിൽ പ്രവർത്തിക്കുകയാണെന്നും മന്ത്രി ആരാേപിച്ചു.
സൂംബ ചുവടുകളുമായി കുട്ടികൾ
ആസ്വാദകനായി മന്ത്രിയും
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് നോർത്ത് ഗേറ്റിന് മുന്നിൽ നിരന്ന കുട്ടിക്കൂട്ടത്തിന്റെ സൂംബ ചുവടുകൾ ആസ്വദിക്കാൻ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയും! മന്ത്രിയെ കണ്ടതോടെ കുട്ടികൾക്ക് ആവേശം ഇരട്ടിച്ചു.
സൂംബ പരിശീലകരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്നലെ സെക്രട്ടേറിയറ്റിനു മുന്നിലായിരുന്നു പ്രകടനം. ജില്ലാ ഫുട്ബോൾ അസോസിയേഷനിലെ കുട്ടികളാണ് സൂംബ താളത്തിനൊപ്പം തകർത്ത് നൃത്തം ചവിട്ടിയത്. ഇരുനൂറിലധികം കുട്ടികളുടെ ഒരേക്രമത്തിലുള്ള ചുവടുകൾ ആസ്വാദ്യമായിരുന്നു. 15 മിനിറ്റ് നീണ്ട നൃത്തം തീരുവോളം മന്ത്രി അരികിലൂടെ നടന്ന് കുട്ടികളെ പ്രോത്സാഹിപ്പിച്ചു. ഇതിനിടെ വഴിയാത്രക്കാരും ചുവടുവയ്ക്കാൻ ചേർന്നു.
പരിശീലകരായ ദർശന സുദർശനൻ, നക്ഷത്ര പ്രദീപ്, വി.സി. ഉല്ലാസ്, ഇസ ജോഷി എന്നിവരാണ് സൂംബയ്ക്ക് നേതൃത്വം നൽകിയത്. പല സ്കൂളുകളിലും യു ട്യൂബ് വീഡിയോ കണ്ട് കുട്ടികളെ സൂംബ അഭ്യസിപ്പിക്കുന്നുണ്ടെങ്കിലും നേരിട്ട് പരിശീലിപ്പിക്കുന്നതാണ് പൂർണതോതിലുള്ള ഫലമുണ്ടാക്കുന്നതെന്ന് ദർശന പറഞ്ഞു. ജില്ലാ ഫുട്ബോൾ അസോസിയേഷന് കീഴിലെ മുഴുവൻ അക്കാഡമികളിലും പരിശീലനത്തിനു മുമ്പ് പത്തു മിനിറ്റ് സൂംബ ചെയ്യിക്കുമെന്ന് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.എം. റഫീക്ക് പറഞ്ഞു.
തീരുമാനിക്കേണ്ടത്
മതസംഘടനകളല്ല :
എ.ബി.വി.പി
തിരുവനന്തപുരം : വിദ്യാലയങ്ങളിലെ സൂംബ ഡാൻസ് വിഷയത്തിൽ വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങൾ തീരുമാനിക്കേണ്ടത് മതസംഘടനകളല്ലെന്നും മത സംഘടനകളുടെ അഭിപ്രായത്തിന് അനുസരിച്ച് വിദ്യാഭ്യാസമന്ത്രി യു ടേൺ അടിക്കരുതെന്നും എ.ബി.വി.പി സംസ്ഥാന സെക്രട്ടറി ഇ.യു ഈശ്വരപ്രസാദ്. ലഹരിക്കെതിരെയുള്ള ക്യാമ്പയിന്റെ ഭാഗമായി നടന്ന യോഗത്തിൽ മുഖ്യമന്ത്രി ഈ ആശയമുന്നയിച്ചപ്പോൾ വിദ്യാഭ്യാസരംഗത്തെ മുഴുവൻ സംഘടനകളും അംഗീകരിച്ചതാണ്.
പല വിഷയങ്ങളിലും മതസംഘടനകൾ അഭിപ്രായം പറയുമ്പോൾ വോട്ടുബാങ്കിന് വേണ്ടി സർക്കാർ തീരുമാനങ്ങളിൽനിന്നു യു ടേൺ അടിക്കുന്നത് കണ്ടിട്ടുണ്ട്. മതപാഠശാലയല്ല സ്കൂളുകൾ എന്ന് മതസംഘടനകൾ മനസ്സിലാക്കണം. സൂംബ ഡാൻസ് നടപ്പിലാക്കുമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നത് സ്വാഗതം ചെയ്യുന്നുവെന്നും ഇ.യു ഈശ്വരപ്രസാദ് പറഞ്ഞു.
സൂംബ ഡാൻസിനെതിരെയുള്ള
പ്രചാരണം ദുഷ്ടലാക്കോടെ:കെ.എസ്.ടി.എ
തിരുവനന്തപുരം:ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്ന സൂംബ ഡാൻസിനെതിരെയുള്ള പ്രചാരണം ദുഷ്ടലാക്കോടെയാണെന്ന് കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി.ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി ചേർന്ന യോഗത്തിൽ ഉയർന്നുവന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്നതാണ് സൂംബ ആശയം.അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷാകർതൃസമൂഹവും ആവേശത്തോടെയാണിത് ഏറ്റെടുത്തത്.മുൻയോഗങ്ങളിലോ തുടർന്നോ യാതൊരു അഭിപ്രായവും പറയാത്തവർ ഇപ്പോൾ കള്ളപ്രചരണവുമായി വരുന്നത് ഗൂഢലക്ഷ്യത്തോടെയാണ്.അശാസ്ത്രീയവും അപക്വവുമായ നിലപാടു പുലർത്തുന്നവർ ഭൂരിപക്ഷവർഗീയതയ്ക്ക് വെള്ളവും വളവും നൽകുകയാണ്. ലഹരിക്കെതിരായ എല്ലാ പ്രവർത്തനങ്ങളും വിജയിപ്പിക്കണമെന്നും കള്ളപ്രചാരണങ്ങൾ തള്ളിക്കളയണമെന്നും കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് ഡി.സുധീഷ് ജനറൽ സെക്രട്ടറി ടി.കെ എ ഷാഫി എന്നിവർ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |