തിരുവനന്തപുരം: ഡോ.സുകുമാർ അഴീക്കോട് സ്മാരക ദേശീയ ട്രസ്റ്റിന്റെ 2025ലെ അവാർഡിന് പ്രമുഖ ന്യൂറോളജിസ്റ്റും സാംസ്‌കാരിക പ്രവർത്തകനും എഴുത്തുകാരനുമായ പ്രൊഫ. ഡോ. ഷാജി പ്രഭാകരൻ അർഹനായി. 50,000 രൂപയും ശില്പവും പൊന്നാടയും അടങ്ങുന്നതാണ് അവാർഡ്. കവിയും ഐ.ജെ.ടി ഡയറക്ടറുമായ ഡോ. ഇന്ദ്രബാബു ചെയർമാനും പ്രശസ്ത പ്രമേഹരോഗ വിദഗ്ദ്ധൻ ഡോ. ജ്യോതിദേവ് കേശവദേവ്, പ്രമുഖ ഭൗമശാസ്ത്രജ്ഞൻ ഡോ. ഡി. പദ്മലാൽ എന്നിവർ അംഗങ്ങളും ട്രസ്റ്റ് ദേശീയ പ്രസിഡന്റ് ശാസ്താന്തല സഹദേവൻ കൺവീനറുമായ ജൂറിയാണ് അവാർഡ് നിർണയിച്ചത്.
ആലപ്പുഴ മെഡിക്കൽ കോളേജിൽനിന്ന് പ്രിൻസിപ്പലായി വിരമിച്ച ഷാജി പ്രഭാകരൻ ആതുരശുശ്രൂഷാമേഖലയിൽ ഇപ്പോഴും നിറസാന്നിദ്ധ്യമാണ്. വിദേശ സർവ്വകലാശാലകളിൽനിന്ന് ഉന്നത ബിരുദങ്ങളും പദവികളും ലഭിച്ചിട്ടുണ്ട്. കാഴ്ചപ്പാടുകൾ,ന്യൂറോ സംവാദം,കവിത ശ്ലോകാഞ്ജലി തുടങ്ങി 15 കൃതികളുടെ കർത്താവാണ്. ജീവകാരുണ്യപ്രവർത്തന രംഗത്തും സാംസ്‌കാരിക രംഗത്തും അദ്ദേഹം നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾകൂടി പരിഗണിച്ചാണ് സമഗ്ര സംഭാവനയ്ക്കുള്ള ഈ അവാർഡ് നൽകുന്നതെന്ന് ട്രസ്റ്റ് ദേശീയ പ്രസിഡന്റ് ശാസ്താന്തല സഹദേവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നേമം മെരിലാന്റ് സ്റ്റുഡിയോയ്ക്ക് എതിർവശം നിർമ്മിച്ച അഴീക്കോട് സ്മാരക ഹാളിൽ ആഗസ്റ്റ് രണ്ടാം വാരം നടക്കുന്ന ചടങ്ങിൽ അവാർഡ് നൽകുമെന്ന് ജനറൽ സെക്രട്ടറി പനവിള രാജശേഖരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |