ആലപ്പുഴ: നമ്മൾ വേലി കെട്ടുകാരും മറ്റുള്ളവർ സദ്യയുണ്ണുന്നവരുമാകുന്ന ദുരവസ്ഥ മാറണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗത്തിന്റെയും വിവിധ പോഷക സംഘടനാ ഭാരവാഹികളുടെയും സംസ്ഥാന നേതൃയോഗം ആലപ്പുഴ പ്രിൻസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ രംഗത്തും തൊഴിലിലും രാഷ്ട്രീയത്തിലുമെല്ലാം സമുദായാംഗങ്ങളെ അവഗണിക്കുന്നു. മുസ്ലിം- ക്രൈസ്തവ സമുദായങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിൽ മുന്നാക്കമാണ്. മലബാർ മേഖലയിൽ സമുദായത്തിന് ഒരു കുടിപ്പള്ളിക്കുടം പോലുമില്ലാത്തത് ചൂണ്ടിക്കാട്ടിയ തന്നെ വർഗീയവാദിയാക്കി. സമുദായത്തിന്റെ സങ്കടത്തിന് പരിഹാരം കാണുന്നതിന് പകരം തന്നെ കല്ലെറിയാനും കോലം കത്തിക്കാനുമാണ് ചിലർ മുതിർന്നത്. സംവരണക്കാര്യത്തിൽ സെക്രട്ടേറിയറ്റിലും ഹൈക്കോടതിയിലും ഡൽഹിയിലുമായി എത്രയോ സമരങ്ങൾ സമുദായം നടത്തി. നമുക്ക് നീതി കിട്ടിയോ. വരുന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസോ, ഇടതുപക്ഷമോ, ബി.ജെ.പിയോ ആയാലും സമുദായാംഗങ്ങൾ പരമാവധി സീറ്റുകളിൽ മത്സരിക്കണമെന്ന് വെള്ളാപ്പള്ളി ആഹ്വാനം ചെയ്തു.
യോഗം പ്രവർത്തകർക്ക് പ്രസ്ഥാനത്തോടുള്ള കടപ്പാടും ആത്മാർത്ഥതയും ഭാവി പ്രവർത്തനങ്ങളുടെ ശുഭ സൂചനയാണെന്ന് അദ്ധ്യക്ഷത വഹിച്ച യോഗം പ്രസിഡന്റ് ഡോ.എം.എൻ സോമൻ പറഞ്ഞു..യോഗത്തെയും എസ്.എൻ ട്രസ്റ്റിനെയും കളളക്കേസുകളിൽ കുടുക്കി ഇല്ലായ്മ ചെയ്യാനാണ് ചില കുത്സിത ശക്തികളുടെ ശ്രമമെന്ന്
സ്വാഗതം ആശംസിച്ച വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ആർ.ശങ്കറിന്റെ കാലത്ത് നേടിയെടുത്ത അമ്പത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശേഷം സമുദായത്തിന് കഴിഞ്ഞ മുപ്പത് വർഷത്തിനിടെ 130 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേടാനായത് വെള്ളാപ്പള്ളി ജനറൽ സെക്രട്ടറിയായ ശേഷമാണെന്നും തുഷാർ ഓർമ്മിപ്പിച്ചു.
എസ്.എൻ.ഡി.പി യൂണിയൻ ഭാരവാഹികളായിരിക്കെ മരണമടഞ്ഞ നകുലൻ കല്ലമ്പലം, ആർ. കരുണാകരൻ, സുന്ദരേശപ്പണിക്കർ, കെ.എ ബിജു എന്നിവർക്ക് ആദരാഞ്ജലി അർപ്പിച്ചു. യോഗം യൂണിയൻ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്,സെക്രട്ടറി, ഡയറക്ടർ ബോർഡ് അംഗങ്ങൾ,പോഷക സംഘടനകളുടെ സംസ്ഥാനതല ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.
യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, യോഗം കൗൺസിലർമാരായ പി.ടി മൻമഥൻ, സുന്ദരൻ, പ്രസന്നൻ, ബാബു കടുത്തുരുത്തി, പി.എസ്.എൻ, ബാബു, ഷീബ ,എബിൻ അമ്പാടി, ബിപിനൻ, സന്ദീപ് പച്ചയിൽ, എ.ജി തങ്കപ്പൻ,ബേബി റാം എന്നിവരും പങ്കെടുത്തു.
സൂംബയ്ക്കും പിന്നാക്ക സംവരണത്തിനുമായി യോഗത്തിന്റെ പ്രമേയങ്ങൾ സിനിൽ മുണ്ടപ്പള്ളി അവതരിപ്പിച്ചു. ഹൈക്കോടതിയിൽ സെൻട്രൽ സ്റ്രാന്റിംഗ് കൗൺസലുകളായി നിയമിക്കപ്പെട്ട സീനിയർ കൗൺസൽ സിനിൽ മുണ്ടപ്പള്ളി,പി.എസ്.ജ്യോതിസ്, ശ്രീകുമാർ തട്ടേലത്ത്,പ്രതീഷ് പ്രഭ, ശാന്താറാം റോയ്, പ്രദീപ് കുമാർ,സ്പൈസസ് ബോർഡ് ചെയർമാൻ സംഗീത വിശ്വനാഥ്, റബർ ബോർഡ് വൈസ് ചെയർമാൻ കെ. ഉണ്ണികൃഷ്ണൻ എന്നിവർക്ക് യോഗം പ്രസിഡന്റ് ഡോ.എം.എൻ സോമൻ ഉപഹാരങ്ങൾ നൽകി. വർക്കല യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ ജയപ്രകാശനെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |