തിരുവനന്തപുരം: സുപ്രീംകോടതി കൈവിട്ടാൽ പ്രിയന്റെ അച്ഛന് സ്ഥലംമാറ്റപ്പെട്ട ജമ്മുകാശ്മീരിലെ ഓഫീസിലേക്ക് പോകേണ്ടിവരും. അത് പ്രിയന് സഹിക്കാനാവില്ല. അച്ഛനില്ലാതെ അനങ്ങാൻ പോലുമാവില്ല. അതിനാൽ, സുപ്രീംകോടതി വിധി എതിരാകല്ലേ എന്ന പ്രാർത്ഥനയിലാണ് തിരുവനന്തപുരം ഇടപ്പഴിഞ്ഞി സ്വദേശിയായ 16കാരൻ പ്രിയൻ.
ജന്മനാ അരയ്ക്കുകീഴെ ചലനശേഷിയില്ലാത്ത, ലക്ഷത്തിൽ ഒരാൾക്കു മാത്രം വരുന്ന 'മെനിൻഗോ മൈലോസിലേ' എന്ന സ്പൈനൽ കോഡ് രോഗബാധിതനാണ് പ്രിയൻ. സ്വന്തമായി നിൽക്കാനോ നടക്കാനോ സാധിക്കില്ല. സ്കൂളിൽ കൊണ്ടുവിടുന്നതും പ്രാഥമിക കൃത്യങ്ങൾ ചെയ്യിപ്പിക്കുന്നതുമെല്ലാം അച്ഛനാണ്.
അതിനിടെയാണ് തിരുവനന്തപുരത്ത് കേന്ദ്ര സർക്കാരിന് കീഴിലുള്ള ഒരു സ്ഥാപനത്തിലെ ശാസ്ത്രജ്ഞനായ അച്ഛനെ ജമ്മുകാശ്മീരിലേക്ക് സ്ഥലംമാറ്റിയത്. 2020ൽ ജമ്മുവിൽ പത്തുവർഷത്തേക്ക് നടപ്പിലാക്കേണ്ട ഒരു പദ്ധതിയുടെ ചുമതലയുണ്ടായിരുന്നു ഇദ്ദേഹത്തിന്. എന്നാൽ, ചില സാങ്കേതിക കാരണങ്ങളാൽ സ്ഥാപനത്തിന് പദ്ധതിയുടെ പണം ലഭിക്കാൻ വൈകി. തുടർന്ന് ജമ്മുവിൽപോയി പ്രശ്നം പരിഹരിക്കണമെന്ന് കാട്ടി 2023ൽ അവിടേക്ക് സ്ഥലംമാറ്റി. ഭിന്നശേഷി കുട്ടികളുള്ള മാതാപിതാക്കളെ ദൂരെസ്ഥലത്തേക്ക് സ്ഥലംമാറ്റരുതെന്ന മാനദണ്ഡം പാലിക്കാതെയായിരുന്നു ഇത്.
തുടർന്ന് ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു. ഭിന്നശേഷിക്കുട്ടികൾക്ക് മാനസിക, ശാരീരിക പിന്തുണ നൽകാൻ മാതാപിതാക്കൾ ഒപ്പമുണ്ടാകണമെന്ന് വിധിച്ച കോടതി, സ്ഥലംമാറ്റം റദ്ദാക്കി. എന്നാൽ, സ്ഥാപനം ശമ്പളം തടഞ്ഞുവച്ചു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയേയും സമീപിച്ചു. പ്രിയന്റെ അച്ഛൻ ജമ്മുവിൽ പോകാൻ തയ്യാറാണെന്നും ശമ്പളം ലഭിക്കാത്തത് മാത്രമാണ് പ്രശ്നമെന്നും ചൂണ്ടിക്കാട്ടിയാണിത്. ഇതിനെതിരെ റിവ്യൂ ഹർജി നൽകിയിരിക്കുകയാണ് പ്രിയന്റെ അച്ഛൻ.
അച്ഛൻ വേണം
എല്ലാത്തിനും
ക്രൈസ്റ്റ്നഗർ സ്കൂളിലെ പ്ലസ്‌വൺ കമ്പ്യൂട്ടർസയൻസ് വിദ്യാർത്ഥിയാണ് പ്രിയൻ. പരിമിതികൾ മറികടന്ന് ഐ.സി.എസ്.ഇ പത്താംക്ലാസ് പരീക്ഷ ഡിസ്റ്റിംഗ്ഷനോടെ പാസായി. യൂറിൻ നിയന്ത്രിക്കാനുള്ള കഴിവില്ലാത്തതിനാൽ എപ്പോഴും ഡയപ്പർ ഇടണം. അതിനാൽ അച്ഛൻ എപ്പോഴും കൂടെ വേണം. ഭാരം കൂടിയതിനാൽ അമ്മയ്ക്ക് എടുത്ത് ഉയർത്താനോ സഹായിക്കാനോ ആവില്ല. സംസ്ഥാന, ദേശീയതലങ്ങളിൽ ചെസ് മത്സരത്തിൽ പ്രിയൻ വിജയിച്ചിട്ടുണ്ട്. നന്നായി ചിത്രവും വരയ്ക്കും. സ്പീക്കർ എ.എൻ.ഷംസീറിന്റെ ചിത്രംവരച്ച് അനുമോദനം നേടിയിട്ടുണ്ട്. സ്കൂൾ ബാൻഡിലും അംഗമാണ്. കമ്പ്യൂട്ടർ ശാസ്ത്രജ്ഞനാകണം, ചെസിൽ ചാമ്പ്യനും. ഇതാണ് പ്രിയന്റെ സ്വപ്നം. ഇതിനെല്ലാം അച്ഛനാണ് പിന്തുണ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |