വർഷങ്ങളായി ചക്കയുണ്ടാവുന്നതാണെങ്കിലും ഇത്തവണ പ്ലാവ് ഉടമയ്‌ക്ക് നൽകിയത് വമ്പൻ സർപ്രൈസ്. വയനാട് മൂടക്കൊല്ലിയ്‌ക്ക് സമീപം ചേമ്പുംകൊല്ലിയിലെ ചങ്ങനാമറ്റത്തിൽ അനീഷ് ഉദയന്റെ തോട്ടത്തിലാണ് സംഭവം. അധികം വലുപ്പമില്ലാത്ത പ്ലാവിൽ ഭീമൻ ചക്കയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
മറ്റ് ചക്കകൾക്കൊപ്പം നിന്ന ഈ ചക്കയുടെ വലുപ്പ വ്യത്യാസം വീട്ടുകാർ അദ്യമേ ശ്രദ്ധിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം ചക്ക പറിച്ചപ്പോഴാണ് അമ്പരന്നത്. 73 കിലോ ഭാരമാണ് ചക്കയ്‌ക്കുള്ളത്. 12 വർഷമായി പ്ലാവ് കായ്‌ക്കുന്നുണ്ടെങ്കിലും ഇങ്ങനെയൊരു അനുഭവം ആദ്യമായിട്ടാണെന്ന് അനീഷ് പറയുന്നു. മൂന്നുപേരുടെ സഹായത്തോടെയാണ് ചക്ക പ്ലാവിൽ നിന്നെടുത്തത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. വിവരമറിഞ്ഞ് എത്തിയവർക്കും വീട്ടുകാർ ചക്കയുടെ ഒരു വീതം നൽകി.
ഇതിന് മുമ്പ് 2020ൽ കൊല്ലം ജില്ലയിലെ അഞ്ചലിൽ 48 കിലോ ഭാരമുള്ള ചക്ക വിളഞ്ഞിരുന്നു. ഇടമുളയ്‌ക്കലിലെ കർഷകന്റെ പറമ്പിലെ പ്ലാവിലാണ് 48 കിലോ ഭാരമുള്ള ചക്ക വിളഞ്ഞത്. ഗിന്നസ് റെക്കോർഡ് പ്രകാരം 2016ൽ പൂനെയിൽ വിളവെടുത്ത 42.72 കിലോയുള്ള ചക്കയാണ് ലോകത്തെ ഏറ്റവും ഭാരമേറിയ ചക്കയായി കണക്കാക്കിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |