തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിന്റെ ഫേസ്‌ബുക്കിലൂടെയുള്ള വെളിപ്പെടുത്തൽ ആരോഗ്യവകുപ്പിനും സർക്കാരിനും അറിയാത്ത കാര്യമൊന്നുമല്ല. ഡോക്ടറുടെ തുറന്നുപറച്ചിൽ നൂറു ശതമാനവും സത്യമാണെന്ന് ബോദ്ധ്യമുള്ളതുകൊണ്ടാണ് ഡോക്ടർക്കെതിരെ ഡി.എം.ഇ തിരിഞ്ഞത്. ഡി.എം.ഇയ്ക്കു പിന്നിൽ പാറപോലെ ഉറച്ചുനിൽക്കുന്നത് സർക്കാർ തന്നെയാണ്. ഹാരിസിന്റെ വെളിപ്പെടുത്തൽ ആരോഗ്യ സംവിധാനത്തെ നാണംകെടുത്തിയെന്നും അതിനാൽ വിശദീകരണം തേടുമെന്നുമാണ് ഡി.എം.ഇ ഡോ. കെ.വി. വിശ്വനാഥൻ മാദ്ധ്യമങ്ങളെ അറിയിച്ചത്. മറ്റ് വകുപ്പ് മേധാവികൾക്കൊന്നും പരാതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റ് വകുപ്പു മേധാവികളുടെ മൗനമാണ് ആരോഗ്യവകുപ്പ് മുതലെടുക്കുന്നത്. അവരും സധൈര്യം ഇതുപോലുള്ള വെളിപ്പെടുത്തലുകൾ നടത്തിയാൽ ആരോഗ്യവകുപ്പിനും അതിനെ നയിക്കുന്നവർക്കും തലയിൽ മുണ്ടിട്ട് നടക്കാൻ മുണ്ട് തികയാതെ വരും!
സർക്കാർ വകുപ്പിൽ നൂറു ശതമാനം ആത്മാർത്ഥതയോടെ പ്രവർത്തിക്കാൻ ശ്രമിക്കുന്നവർ അവരുടെ മുകളിലുള്ളവരുടെയും സഹപ്രവർത്തകരുടെയും കീഴ്ജീവനക്കാരുടെയും കാഴ്ചപ്പാടിൽ വെറും വിഡ്ഢികളാണ്. മാസാമാസം കൃത്യമായി ശമ്പളം ലഭിക്കുന്ന ഏർപ്പാടാണ് സർക്കാർ ജോലി. ജോലി കൂടുതൽ ചെയ്താലും കുറവ് ചെയ്താലും ഇനി ഒരു ജോലിയും ചെയ്യാതിരുന്നാലും ശമ്പളത്തിൽ വ്യത്യാസമൊന്നുമുണ്ടാകില്ല! ആരെങ്കിലും ഒരാൾ ഇതിനെതിരെ ശബ്ദമുയർത്തിയാൽ അയാൾ ബലിയാടാക്കപ്പെടും. സ്ഥലംമാറ്റം, വകുപ്പുതല അന്വേഷണം, അതും പോരാതുണ്ടെങ്കിൽ വിജിലൻസ് അന്വേഷണം തുടങ്ങിയവ സർക്കാർ പ്രയോഗിക്കുമെന്നതാണ് മുൻ അനുഭവങ്ങളുടെ രത്നച്ചുരുക്കം. അതിനാൽ ഉള്ള സ്വസ്ഥത ഇല്ലാതാക്കുന്ന 'വിസിൽ ബ്ളോവറാ"കാൻ ഒരുമാതിരിപ്പെട്ട ആരും തുനിയാറില്ല. ഇത് മനസിലാക്കിയാണ് മറ്റ് മേധാവികൾക്കൊന്നും പരാതിയില്ലല്ലോ എന്ന് ഡി.എം.ഇ തന്നെ പറഞ്ഞത്.
മെഡിക്കൽ കോളേജ് ആശുപത്രികളും അവയുടെ ഭരണം നിയന്ത്രിക്കുന്ന ആരോഗ്യവകുപ്പും അതിനു മുകളിലുള്ള ഭരണകൂടവും ഒരു വലിയ വ്യവസ്ഥാ സംവിധാനത്തിന്റെ ഭാഗമാണ്. അതിനെതിരെ ഒരാൾക്ക് ഒറ്റയ്ക്ക് ഒരു യുദ്ധം നടത്തി ജയിക്കാനാവില്ല. ഭൂരിപക്ഷം പറയുന്നതാണ് ജനാധിപത്യത്തിൽ ശരിയായി മാറുന്നത്. എന്നിരുന്നാലും ഡോ. ഹാരിസിന്റെ ഒറ്റയാൾ പോരാട്ടം വിഫലമാകില്ല. കാരണം, ഇവിടത്തെ വെറും സാധാരണക്കാരായ രോഗികൾക്കു വേണ്ടിയാണ് ഡോക്ടർ ശബ്ദിച്ചത്. മെഡിക്കൽ കോളേജുകളിലെ എല്ലാ വകുപ്പുകളിലും ലഭിക്കുന്ന ചികിത്സ, പുറത്ത് സ്വകാര്യ ആശുപത്രികളിലും ലഭ്യമാണ്. അവിടെ ഇതേ ഉപകരണം കേടായാൽ പിറ്റേദിവസം കമ്പനിക്കാർ വന്ന് മാറ്റിവയ്ക്കും. കാരണം ആ ഉപകരണം രോഗികളിലൂടെ നേടിക്കൊടുക്കുന്ന ലാഭം അത്ര വലുതാണ്. മെഡിക്കൽ കോളേജിൽ ഏപ്രിലിൽ കേടായ ഉപകരണം ജൂൺ തീരാറായിട്ടും മാറ്റിവച്ചില്ലെങ്കിൽ ആർക്ക് ചേതം?
ഏറ്റവും മികച്ച ചികിത്സ ലഭിക്കുന്ന ഇടങ്ങൾ കൂടിയാണ് മെഡിക്കൽ കോളേജുകൾ എന്നതും മറക്കരുത്. നിലവിലുള്ള സിസ്റ്റത്തിന്റെ പ്രശ്നമാണ് ഉപകരണം വാങ്ങാൻ വൈകിയതിന് കാരണമായി മന്ത്രി ചൂണ്ടിക്കാട്ടുന്നത്. സംവിധാനം മൊത്തം അഴിച്ചുപണിയാൻ മന്ത്രി വിചാരിച്ചാലും നടക്കില്ല. അതിനാൽ വകുപ്പ് മേധാവികൾക്ക് ഇത്ര രൂപയിൽ താഴെ വരെയുള്ള ഉപകരണങ്ങൾ വാങ്ങാനുള്ള അനുമതിയും ഫണ്ടും അനുവദിക്കാനുള്ള നടപടിയാണ് മന്ത്രി എടുക്കേണ്ടത്. ഉപകരണം വാങ്ങിയ ശേഷം രേഖകൾ സഹിതം വകുപ്പ് മേധാവി മുകളിൽ അറിയിച്ചാൽ മതി എന്ന വ്യവസ്ഥ ഏർപ്പെടുത്തണം. അങ്ങനെയുണ്ടായായാൽ ഡോ. ഹാരിസിനെ വ്യക്തിപരമായി പരാജയപ്പെടുത്തിയാലും അദ്ദേഹം ഉന്നയിച്ച വിഷയം വിജയിക്കുകയും, അത് സാധാരണക്കാരായ രോഗികൾക്ക് ഭാവിയിൽ ഗുണകരമായി മാറുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |