തിരുവനന്തപുരം :ജീവൻ രക്ഷിക്കാൻ മെഡിക്കൽ കാേളേജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ വാങ്ങാനുള്ള പണം ആഭരണങ്ങൾ പണയപ്പെടുത്തിയും കടംവാങ്ങിയും നൽകിയിട്ടുണ്ടെന്ന് രോഗികൾ. ഇതോടെ സർക്കാരിന്റെ വാദഗതികളും ന്യായീകരണങ്ങളും വീണ്ടും പൊളിഞ്ഞു.
ദയനീയാവസ്ഥ തുറന്നടിച്ച തിരുവനന്തപുരം മെഡിക്കൽ കാേളേജിലെ യൂറോളജി മേധാവി ഡോ.ഹാരിസിൻെറ വാക്കുകൾ ശരിവയ്ക്കുകയാണ് ചികിത്സതേടിയവർ.
ശസ്ത്രക്രിയ മുടങ്ങാതിരിക്കാൻ ഡോക്ടർമാർ രോഗികളുടെ ബന്ധുക്കളോട് നിസഹായവസ്ഥ വെളിപ്പെടുത്തും. ഓരോരുത്തരും
കഴിയുന്നത്ര പണം നൽകും. ഇതോടെ ഉപകരണം എത്തും. ശസ്ത്രക്രിയയും നടക്കും. ഡോക്ടർമാരുടെ സൗമ്യമായ സമീപനവും സ്വകാര്യ ആശുപത്രിയിൽ നൽകേണ്ടിവരുന്ന ഭീമമായ തുകയും ഓർത്ത് സമാധാനിക്കുകയാണ് ശസ്ത്രക്രിയകൾക്ക് വിധേയരായവർ.
ഡോക്ടർമാർ പണം പിരിച്ച് ശസ്ത്രക്രിയ നടത്തുന്നത് നിയമവിരുദ്ധമാണെങ്കിലും രോഗികൾക്ക് വലിയ ആശ്വാസമാണ്. എന്നാൽ ഡോ.ഹാരിസ് പറഞ്ഞതുപോലെ, ഇക്കാര്യം ചൂണ്ടിക്കാട്ടി വിജിലൻസ് അന്വേഷണം ഉൾപ്പെടെ നടത്തി കുരുക്കിലാക്കുമോയെന്ന ആശങ്ക ഡോക്ടർമാർക്കുണ്ട്.
രണ്ടായിരം കൊടുത്തെന്ന്
കൊട്ടറ സ്വദേശി രമ
കൊല്ലം മീയന്നൂർ കൊട്ടറ സ്വദേശി രമ സ്വന്തം
ചേച്ചി സതിയുടെ ചികിത്സയ്ക്കാണ് മെഡിക്കൽ കോളേജിലെത്തിയത്.
മൂത്രാശയത്തിലെ കല്ല് നീക്കാനുള്ള ശസ്ത്രക്രിയ്ക്കായി ഏപ്രിൽ അഞ്ചിന് അഡ്മിറ്റായി. ഏഴിനായിരുന്നു ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. ഉപകരണം കേടാണെന്ന് പറഞ്ഞ് അത് 10ലേക്ക് മാറ്റി. പക്ഷേ, 8ന് രാത്രി അഞ്ച് രോഗികളുടെ ബന്ധുക്കളെ വിളിച്ച് ഡോ.മാധവൻ നിസഹായവസ്ഥ വെളിപ്പെടുത്തി. പലരും ബുദ്ധിമുട്ടുകൾ ഡോക്ടറോട് പറഞ്ഞു. സഹോദരി സതിയ്ക്ക് കശുവണ്ടി ഫാക്ടറിയിൽ പണിയെടുത്ത് കിട്ടുന്ന വരുമാനം മാത്രമേയുള്ളുവെന്ന് രമ പറഞ്ഞു. പണം തങ്ങൾക്ക് വീട്ടിൽ കൊണ്ടുപോകാനല്ലെന്നും ശസ്ത്രക്രിയ യഥാസമയം നടത്താൻ മറ്റൊരു പോംവഴിയും കാണുന്നില്ലെന്ന് ഡോക്ടറും പറഞ്ഞു. അയ്യായിരം രൂപവീതമാണ് ആവശ്യപ്പെട്ടത്. കഴിയാവുന്നതു മതിയെന്നും പറഞ്ഞു. പലരും കഴിയുന്നതുപോലെ പണം നൽകി. ശസ്ത്രക്രിയ കൃത്യമായി നടന്നു. സതിയ്ക്കായി 2000 രൂപ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് നൽകിയത്. കൃത്യമായ രസീത് നൽകിയെന്നും രമ വെളിപ്പെടുത്തി. 12ന് ഡിസ്ചാർജ് ചെയ്തു. അന്ന് പണം നൽകാതിരുന്നെങ്കിൽ ശസ്ത്രക്രിയ മുടങ്ങുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |