തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റ റവാഡ എ. ചന്ദ്രശേഖറുടെ ആദ്യ വാർത്താസമ്മേളനത്തിൽ നാടകീയ സംഭവങ്ങൾ അരങ്ങേറി. മാദ്ധ്യമപ്രവർത്തകനെന്ന വ്യാജേന അകത്തുകടന്നയാൾ വാർത്താസമ്മേളനത്തിനിടെ ഡിജിപിയുടെ അരികിലെത്തി പരാതി ഉന്നയിക്കുകയായിരുന്നു. തുടർന്ന് പരാതി പരിശോധിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകി.
'മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിരുന്നു. 30 വർഷം കാക്കിയിട്ട വേദനകൊണ്ട് പറയുകയാണ്. ഇതിന് മറുപടി തരൂ, 30 കൊല്ലം ഞാൻ അനുഭവിച്ച വേദനയാണ് സാർ'- എന്നാണ് ചില കടലാസുകൾ കാട്ടികൊണ്ട് ഇയാൾ പൊലീസ് മേധാവിയോട് പറഞ്ഞത്. തുടർന്ന് പൊലീസെത്തി ഇയാളെ ഹാളിന് പുറത്തേയ്ക്ക് കൊണ്ടുപോയി. വാർത്താസമ്മേളനത്തിനിടെ ഇയാൾ എങ്ങനെയാണ് അകത്ത് കടന്നതെന്ന് പരിശോധിക്കുന്നുണ്ട്. പരാതിയുമായി അപ്രതീക്ഷിതമായി ഒരാൾ പൊലീസ് മേധാവിയുടെ അടുത്തെത്തിയത് സുരക്ഷാവീഴ്‌ചയായാണ് വിലയിരുത്തുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഡിജിപിക്കൊപ്പം എഡിജിപിമാരായ എച്ച് വെങ്കിടേഷും എസ് ശ്രീജിത്തും ഉണ്ടായിരുന്നു. ഇവരും പരാതി പരിശോധിക്കാമെന്ന് അറിയിച്ചു.
ബഷീർ വി പി എന്നാണ് പേര് എന്നും കണ്ണൂർ സ്വദേശിയാണെന്നും ഇയാൾ പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ഐഡി ഉപയോഗിച്ചായിരുന്നു ഇയാൾ അകത്തുകടന്നത്. നിലവിൽ ഗൾഫിലെ ഓൺലൈൻ മാദ്ധ്യമത്തിൽ പ്രവർത്തിക്കുകയാണ്. കണ്ണൂർ ഡിഐജി ഓഫീസിലാണ് എസ് ഐയായി ജോലി ചെയ്തിരുന്നത്. തന്നെ പീഡിപ്പിച്ചത് സംബന്ധിച്ചാണ് പരാതി ഉന്നയിച്ചത്. കണ്ണൂർ വിമാനത്താവളത്തിലാണ് അവസാനമായി ജോലി ചെയ്തത്. 2023ൽ വിരമിച്ചെന്നും ഇയാൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ടൊവിനോ തോമസ് നായകനായ നരിവേട്ട എന്ന സിനിമയിൽ തന്റെ പേര് ദുരുപയോഗം ചെയ്തതായും ഇയാൾ ആരോപിച്ചു. 'മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന സിനിമയിൽ എന്റെ അറിവോ സമ്മതമോ ഇല്ലാതെ പൊലീസ് ഉദ്യോഗസ്ഥർ എന്റെ പേര് ഉപയോഗിച്ചു. ചിത്രത്തിൽ ബഷീർ എന്ന കഥാപാത്രമുണ്ട്. ആ സമയത്ത് കണ്ണൂർ ഡിഐജി ഓഫീസിൽ ജോലി ചെയ്ത ബഷീർ എന്ന ഉദ്യോഗസ്ഥനാണ് ഞാൻ. എന്റെ അറിവോ സമ്മതമോ ഇല്ലാതെ സിനിമാക്കാർ തരുന്ന കാശിനുവേണ്ടി എന്റെ പേര് ദുരുപയോഗം ചെയ്തു. പൊലീസിൽ കുറച്ചുകാലം പണിയെടുത്ത് സിനിമയുടെ മായികലോകത്ത് പോയ പൊലീസുകാരനാണ് ഈ സിനിമയുടെ തിരക്കഥ ഒരുക്കിയത്. സന്ദർശകർക്കുള്ള മുറിയിലിരുന്ന എന്നെ നിർബന്ധപൂർവം വാർത്താസമ്മേളനം നടക്കുന്ന സ്ഥലത്തേയ്ക്ക് അയച്ചതാണ്. ഡിജിപി ചുമതല ഏറ്റെടുക്കുന്ന ചടങ്ങ് അലങ്കോലപ്പെടുത്തണമെന്ന ഉദ്ദേശമില്ലായിരുന്നു'-പരാതിക്കാരൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |