ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഏറ്റവും പ്രശസ്തനായ വ്യക്തിയാണെന്ന കാര്യത്തിൽ ആർക്കും സംശയം ഉണ്ടാകാൻ ഇടയില്ല. അങ്ങനെ ഉണ്ടെങ്കിൽ തന്നെ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പോടു കൂടി ആ സംശയം തീർന്നുകാണണം. ഇങ്ങനെയൊക്കെയാണെങ്കിലും രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ കുട്ടിക്കാലത്തെക്കുറിച്ച് ജനങ്ങൾക്ക് ഇപ്പോഴും കാര്യമായ അറിവുകളൊന്നും ഇല്ല. നമ്മുടെ പ്രധാനമന്ത്രി ചെറുപ്പകാലത്ത് ഒരു നാടക നടനും നാടകകൃത്തുമായിരുന്നു എന്ന വസ്തുത ഉൾപ്പെടെ. 2013ൽ പുറത്തിറങ്ങിയ എം.വി കമ്മത്തും കാളിന്ദി രന്ദേരിയും ചേർന്ന് രചിച്ച 'ദ മാൻ ഒഫ് ദ മൊമന്റ്: നരേന്ദ്ര മോദി' എന്ന പുസ്തകത്തിലാണ് മോദിയുടെ കുട്ടിക്കാലത്തെ നാടക താത്പര്യത്തെ കുറിച്ച് പരാമർശമുള്ളത്.
മോദിയുടെ നാടകഭ്രമത്തിന്റെ ഒരു ഉദാഹരണവും ഈ പുസ്തകത്തിലുണ്ട്. തന്റെ ജന്മസ്ഥലമായ ഗുജറാത്തിലെ വഡ്‌നഗറിൽ താൻ പഠിച്ച സ്‌കൂളിനായി പണശേഖരണം നടത്തുന്നതിന് വേണ്ടി മോദി ഒരിക്കൽ നാടകം എഴുതി, സംവിധാനം ചെയ്ത്, അതിൽ അഭിനയിച്ചതിനെ കുറിച്ചായിരുന്നു പുസ്തകത്തിൽ പറയുന്നത്. 'മഞ്ഞ പൂവ്' എന്ന മോദിയുടെ ഈ നാടകത്തിന്റെ പ്രമേയം ദളിതർക്കെതിരെ നിലനിന്നിരുന്ന അയിത്ത ദുരാചാരമായിരുന്നു. ഒരു കഥാപാത്രം മാത്രമുള്ള ഈ ഏകാങ്ക നാടകത്തിലെ എല്ലാ മേഖലകളും ഒറ്റയ്ക്കു കൈകാര്യം ചെയ്തത് മോദി തന്നെയായിരുന്നു. ദളിതനായ ഒരു അമ്മയുടെയും മകന്റെയും കഥയാണ് 'മഞ്ഞ പൂവ്'.
രോഗബാധിതനായ മകനെയും കൊണ്ട് അമ്മ ഡോക്ടറുടെ അടുത്ത് പോകുന്നതും ദളിതരായതിനാൽ ഡോക്ടർ കുട്ടിക്ക് ചികിത്സ നിഷേധിക്കുന്നതും ഒടുവിൽ ക്ഷേത്രത്തിൽ പോയി മഞ്ഞ നിറമുള്ള പൂവ് തൊട്ടാൽ മകന്റെ അസുഖം മാറുമെന്നുള്ള ഒരാളുടെ ഉപദേശം സ്വീകരിച്ച് അമ്മയും മകനും ക്ഷേത്രത്തിൽ പോകുന്നതുമാണ് നാടകത്തിന്റെ കഥ. ഒടുവിൽ കാരുണ്യവാനായ ക്ഷേത്രത്തിലെ പൂജാരി ദളിതരായിരുന്നിട്ടും അവർക്ക് മഞ്ഞ നിറമുള്ള പൂവ് നൽകുന്നിടത്താണ് നാടകം അവസാനിക്കുന്നത്.
എല്ലാവരും ദൈവത്തിന് മുന്നിൽ ഒന്നാണ് എന്നാണ് ഈ നാടകത്തിലൂടെ അന്ന് 13 വയസുണ്ടായിരുന്ന മോദി പറയാൻ ശ്രമിച്ചത്. മോദിയുടെ ഈ നാടകം ഇപ്പോഴും വഡ്‌നഗറിലെ നാട്ടുകാർ ഓർമിക്കുന്നുണ്ട്. തങ്ങൾ കണ്ട മികച്ച നാടകങ്ങളിൽ ഒന്നായിരുന്നു ഇതെന്നാണ് നാട്ടുകാരുടെ അഭിപ്രായം. മോദി തന്നെ രചിച്ച 'എക്സാം വാറിയേർസ്' എന്ന പുസ്തകത്തിലും തന്റെ അഭിനയ, നാടക കമ്പത്തെ കുറിച്ച് അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. താൻ ഒരു നാടകത്തിന്റെ റിഹേഴ്‌സലിനിടെ ഡയലോഗ് പറയാൻ വിഷമിച്ചതും പിന്നീട് തെറ്റ് മനസിലാക്കി മികച്ച പ്രകടനം കാഴ്ച വച്ച അനുഭവവും മോദി ഈ പുസ്തകത്തിലൂടെ വിശദീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |