തിരുവനന്തപുരം: കേന്ദ്ര ഫണ്ട് വക മാറ്റിയും, പാഴാക്കിയും കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളെ പിണറായി വിജയന്‍ സര്‍ക്കാര്‍ അസ്ഥി കൂടമാക്കി മാറ്റിയെന്നും സ്വകാര്യ ആശുപത്രി ലോബിക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ആശുപത്രികളെ തകര്‍ക്കുന്നതെന്നും ബി ജെ പി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സര്‍ക്കാര്‍ ആശുപത്രികളിലെ ശസ്ത്രക്രിയാ ഉപകരണ ക്ഷാമത്തില്‍ പ്രതിഷേധിച്ച് ബി ജെ പി ഉള്ളൂര്‍ മണ്ഡലം കമ്മറ്റി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍.
കേരളം പണ്ട് നിര്‍മാര്‍ജ്ജനം ചെയ്ത രോഗങ്ങള്‍ തിരിച്ചു വന്നിരിക്കുന്നതാണോ മന്ത്രി വീണാ ജോര്‍ജും സര്‍ക്കാരും കൊട്ടിഘോഷിക്കുന്ന നമ്പര്‍ വണ്‍ മാതൃക ? മരുന്നില്ലാത്തതില്‍ നമ്പര്‍ വണ്‍, ഡോക്ടര്‍മാരില്ലാത്തതില്‍ നമ്പര്‍ വണ്‍, ചികിത്സ സൗകര്യങ്ങള്‍ ഇല്ലാത്തതില്‍ നമ്പര്‍ വണ്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശാ പ്രവര്‍ത്തകര്‍ക്കും ശമ്പളം കൊടുക്കാത്തതില്‍ നമ്പര്‍ വണ്‍ എന്നതാണ് വീണ ജോര്‍ജിന്റെ നേട്ടം. ആരോഗ്യമന്ത്രിയുടെ ആരോഗ്യം മാത്രമാണ് മെച്ചപ്പെട്ടത്. അതിനവര്‍ക്ക് അവാര്‍ഡ് കൊടുക്കണം. കേരളത്തിലെ പൊതുജനങ്ങളുടെ ആരോഗ്യത്തില്‍ താല്പര്യമില്ലാത്ത മന്ത്രിയാണ് വീണാ ജോര്‍ജ്. ജനങ്ങളോട് ഉത്തരവാദിത്വം ഉണ്ടാവേണ്ട വീണയ്ക്ക് സ്വന്തം ജോലി ചെയ്യാന്‍ താല്പര്യവും കഴിവും ഇല്ല. കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയെ വെന്റിലേറ്ററിലാക്കിയ മന്ത്രിയാണ് വീണാ ജോര്‍ജെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ബിജെപി സിറ്റി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, മേഖല അധ്യക്ഷന്‍ സോമന്‍,ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പാപ്പനംക്കോട് സജി, സിമി ജ്യോതിഷ്, തിരുമല അനില്‍, ജില്ലാ ഭാരവാഹികളായ ആര്‍ എസ് രാജീവ്,പോങ്ങമൂട് വിക്രമന്‍,എസ് കെ പി രമേശ്, ജയചന്ദ്രന്‍, മുട്ടത്തറ പ്രശാന്ത്, കമലേശ്വരം ഗിരി, മണ്ഡലം പ്രസിഡന്റ് ദിവ്യ, മണ്ഡലം ഭാരവാഹികളായ മണികണ്ഠന്‍, ശ്യാം കരിക്കകം ,മറ്റു ജില്ലാ , മണ്ഡലം ഭാരവാഹികള്‍ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |