തിരുവനന്തപുരം: ഹൃദയാഘാതത്തെത്തുടർന്ന് ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. വൃക്കയുടെ പ്രവർത്തനവും ശ്വസനവും രക്തസമ്മർദവും സാധാരണനിലയിലാക്കാൻ ശ്രമിക്കുകയാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
എഴുപത്തിരണ്ട് മണിക്കൂർ അതിനിർണായകമാണ്. വി എസിന്റെ ആരോഗ്യനില വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോഗം ചേരും. അതിനുശേഷം മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിടും. കാർഡിയോളജി, ന്യൂറോളജി, നെഫ്രോളജി തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം.
വി എസിന്റെ ആരോഗ്യനിലയെ സംബന്ധിച്ച് ഇന്നലെ രാത്രി മകൻ അരുൺ കുമാർ ഫേസ്‌ബുക്കിൽ കുറിപ്പിട്ടിരുന്നു. "അച്ഛന്റെ ആരോഗ്യാവസ്ഥയിൽ ഇന്നലത്തേതിൽനിന്നും ഇന്ന് രാവിലെ വരെ കാര്യമായ വ്യത്യാസങ്ങളുണ്ടായിട്ടില്ല എന്നാണ് പറഞ്ഞത്. എന്നാൽ വൈകുന്നേരത്തോടെ, നേരിയ പുരോഗതിയുണ്ടായതായി ഡോക്ടർമാർ സൂചിപ്പിച്ചു. 72 മണിക്കൂർ നിരീക്ഷണ സമയം കഴിഞ്ഞിട്ടില്ല. നാളെ രാവിലെ കുറച്ചുകൂടി വ്യക്തമായ നിഗമനങ്ങളിലെത്താനാവും എന്ന് പ്രതീക്ഷിക്കുന്നു."- എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
ഇന്നലെയും മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ആരോഗ്യനില വിലയിരുത്തിയിരുന്നു. മന്ത്രിമാരായ വി ശിവൻകുട്ടി, എം ബി രാജേഷ്, മുൻമന്ത്രി കെ കെ ശൈലജ, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി തുടങ്ങി നിരവധി ആളുകൾ ആശുപത്രിയിലെത്തി വി എസിന്റെ മകൻ അരുൺ കുമാർ ഉൾപ്പെടെയുള്ളവരുമായി സംസാരിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് വി എസിനെ തിരുവനന്തപുരം പട്ടത്തെ എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |