SignIn
Kerala Kaumudi Online
Monday, 07 July 2025 9.28 AM IST

വേണുജി അതും കണ്ടെത്തി

Increase Font Size Decrease Font Size Print Page
as

യൂത്ത് കോൺഗ്രസിന്റെ അടിത്തറ അത്ര പോരെന്നാണ് ഹൈക്കമാൻഡിന്റെ വാർറൂം മേധാവി കെ.സി. വേണുഗോപാൽജിയുടെ ലേറ്റസ്റ്റ് കണ്ടെത്തൽ. ഇതു കണ്ടുപിടിക്കാൻ ഡൽഹിയിൽനിന്ന് കെ.സിക്ക് വരേണ്ടിവന്നു. അടിത്തറ ശക്തമല്ലെങ്കിൽ ഏതു മാളികയും തകർന്നു വീഴും. അടിത്തറ ബലഹീനമാണെങ്കിലും അടിയൊഴുക്ക് അതിശക്തമായ പ്രസ്ഥാനമാണ് കോൺഗ്രസ്. ഇടയ്ക്കിടെ ഒഴുക്കിന്റെ ഗതി മാറിക്കൊണ്ടിരിക്കും. കേരളത്തിൽ ഘടാഘടിയന്മാരായ ഒരുപാട് നേതാക്കളുണ്ടായിട്ടും കണ്ടെത്താൻ കഴിയാതിരുന്നത് വലിയ പോരായ്മയാണ്. ഇന്നത്തെ യൂത്തന്മാരാണ് നാളത്തെ ലീഡർമാർ. കോൺഗ്രസിന്റെ മേൽത്തട്ടിൽ നേതാക്കൻമാർ സമൃദ്ധമാണെങ്കിലും താഴെ ശുഷ്‌കമാണ്. അതുകൊണ്ട്, മുകൾത്തട്ടിലേക്ക് ഇടിച്ചുകയറാൻ ശ്രമിക്കുന്നവർ താഴത്തുതന്നെ ഉറച്ചുനിൽക്കണം എന്നാണ് വേണുഗോപാൽജിക്ക് പറയാനുള്ളത്. നിലമ്പൂരിലെ വിജയത്തിനു പിന്നിലെ ക്യാപ്റ്റനും മേജറും ബ്രിഗേഡിയറുമാണെന്നൊക്കെ പറഞ്ഞ് പലരും രംഗത്തുണ്ടെങ്കിലും അവരാരുമല്ല. ഡൽഹിയിലെ വാർറൂമിലെ സി.ഐ.ഡിയുടെ നിർദ്ദേശമനുസരിച്ച് കേരളത്തിലെ കോൺസ്റ്റബിൾമാർ പ്രവർത്തിക്കുകയായിരുന്നു. ആ സി.ഐ.ഡി താനാണെന്ന് പറയാതിരുന്നതാണ് വേണുജിയുടെ വലിപ്പം. പ്രതിപക്ഷ നേതാവിനും കെ.പി.സി.സി പ്രസിഡന്റിനുമെല്ലാം കൃത്യമായ നിർദ്ദേശങ്ങൾ നൽകി കോൺഗ്രസ് സ്ഥാനാർത്ഥിയെ നിലമ്പൂരിൽ വിജയിപ്പിക്കാൻ കഴിഞ്ഞത് നിസാര കാര്യമല്ല. അടുത്തവർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിക്കുമെന്ന് ഹൈക്കമാൻഡിന് ആസ്ഥാന ജ്യോത്സ്യൻമാർ ഉറപ്പുനൽകിയിട്ടുണ്ട്. അനുയോജ്യനായ ഒരാൾ മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹം. അങ്ങനെയൊരാൾ വേണുജിയുടെ മനസിലുണ്ട്. സമയമാകുമ്പോൾ പ്രഖ്യാപിക്കും.
മൂത്തുപോയ യൂത്തുനേതാക്കൻമാർ ഒരുപാട് പേരുള്ളത് വലിയ പ്രശ്‌നമാണ്. അവർ താഴേക്ക് ഇറങ്ങിച്ചെല്ലണം. മണ്ഡലം-ബൂത്ത് തലങ്ങളിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ഒരു പഞ്ചായത്ത് പ്രസിഡന്റായി നാടിനെ സേവിക്കണമെന്നാണ് വേണുജിയുടെ ആഗ്രഹമെങ്കിലും രാഹുൽജി സമ്മതിക്കുന്നില്ല. എന്തിനും ഏതിനും വേണുജി കൂടെവേണമെന്നു നിർബന്ധമാണ്. തകർക്കാൻ പറ്റാത്ത ഈ വിശ്വാസമാണ് പാർട്ടിയുടെ കരുത്ത്. മസാലദോശയും വടയും പോലെ, തകർക്കാൻ പറ്റാത്ത കോമ്പിനേഷൻ.

പച്ചച്ചെങ്കൊടി

സിന്ദാബാദ്

ലീഗ് വിരോധിയായ ആര്യാടന്റെ മകനെ വിജയിപ്പിച്ച് സകല പാർട്ടികൾക്കും മാതൃകയാകാൻ മുസ്ലിം ലീഗ് നേതാക്കൾക്കു കഴിഞ്ഞെങ്കിലും ക്യാപ്റ്റൻ ആണെന്ന് കുഞ്ഞാലിക്കുട്ടി സാഹിബടക്കം ആരും പറഞ്ഞില്ല. പി.വി. അൻവറിക്കയെ ആണ് ഇഷ്ടമെങ്കിലും വോട്ട് ചെയ്തില്ല. അതാണ് നിലപാട്. യു.ഡി.എഫ് അധികാരത്തിലെത്തുമ്പോൾ ആരാകണം ഉപമുഖ്യമന്ത്രിയെന്ന കാര്യത്തിലടക്കം ഒരു തർക്കവുമില്ലാത്ത ഏക പാർട്ടിയാണ് ലീഗ്. കാലങ്ങൾക്കു ശേഷം കേരളത്തിനൊരു ഉപമുഖ്യമന്ത്രിയുണ്ടാകും. വിദ്യാഭ്യാസ-സാംസ്‌കാരിക മേഖലകളിലടക്കം വിപ്ലവകരമായ മാറ്റം അനിവാര്യമാണ്. നിലപാടുകളെ ചാക്കിൽ ഒളിപ്പിക്കാത്ത ഏക പാർട്ടിയാണിത്.
പഠിക്കാൻ പോകുന്ന കുട്ട്യോൾ പഠിക്കണം. അല്ലാതെ ഡാൻസ് കളിച്ചു നടക്കരുത്. ജിന്ന് കയറിയപോലെ തുള്ളുകയും അങ്ങോട്ടും ഇങ്ങോട്ടും ചാടിമറിയുകയും ചെയ്യുന്ന കളിയാണത്. പെൺകുട്ടികൾ നന്നായി പഠിച്ചാലേ അവരുടെ കുട്ടികളെ നല്ലരീതിയിൽ വളർത്തിയെടുക്കാനാവൂ. പെൺകുട്ടികൾ വീട്ടമ്മമാരായി കുടുംബഭരണം ഏറ്റെടുക്കുകയാണ് വേണ്ടത്. നല്ല കുടുംബങ്ങളാണ് നല്ല സമൂഹവും രാജ്യവുമായി മാറുന്നത്. അതുകൊണ്ട് ഏതെങ്കിലും ജോലിക്കു പോയി പെൺകുട്ടികൾ ഭാവി തുലയ്ക്കരുത്. വീടെന്ന വലിയ ആപ്പീസിന്റെ മേധാവിയാകുന്നതിൽ അപ്പുറം ഒന്നുമില്ല.

നവോത്ഥാനം

ചാക്ക് കെട്ടിലൂടെ

നവോത്ഥാന സമരം നടത്തിയ ഇടതു സർക്കാരിന് കാര്യങ്ങൾ ഒൻപതാം വർഷത്തിലാണ് കുറച്ചെങ്കിലും പിടികിട്ടിയത്. അപ്പോഴേക്കും കൈയ്യിൽ ഇരുന്നതു പോയി. അത് കാവിക്കാരുടെ ഫിക്‌സഡ് ഡെപ്പോസിറ്റ് ആയി. ശബരിമല അയ്യപ്പനെ കല്ല്യാണം കഴിപ്പിക്കാൻ ബ്രോക്കറായി രംഗത്തെത്തിയ പണ്ഡിതൻ സഖാവ് നിലമ്പൂരിൽ സംപൂജ്യനായതോടെ മതനിരപേക്ഷതയുടെ ഇരിപ്പുവശം സഖാക്കൾക്കു പിടികിട്ടി.

വിപ്ലവകാരികൾ താത്വികന്മാരായതിനാൽ ഘ്രാണശക്തി കൂടുതലാണ്. ഫാസിസം കടന്നുവരുമ്പോൾ അവർ മണത്തറിയും. നവോത്ഥാന സമരത്തിൽ ഫാസിസത്തെ ചാക്കുകെട്ടുകൾ കൊണ്ട് പ്രതിരോധിക്കാൻ കഴിഞ്ഞത് അതുകൊണ്ടാണ്. സൂംബ നൃത്തത്തിന് അനുകൂലമായി ഒരു നവോത്ഥാന മതിൽ ഉണ്ടാകുമെന്നും, അതിൽ കൂടുതൽ ചാക്കുകെട്ടുകൾ നിരത്തുമെന്നുമാണ് മതനിരപേക്ഷ കേരളത്തിന്റെ പ്രതീക്ഷ. പല കാര്യങ്ങളും കണ്ടില്ലെന്നു നടിക്കുകയും ചില കാര്യങ്ങളിൽ സടകുടഞ്ഞ് എണീൽക്കുകയും ചെയ്യുന്നവരാണ് ഉത്തമസഖാക്കൾ. സിനിമയിലെയോ കഥയിലെയോ ചോദ്യ പേപ്പറിലെയോ ഏതെങ്കിലും പേരിനെതിരെ വാളെടുക്കുന്നവർക്കു മുന്നിൽ സഖാക്കൾ തളരുമ്പോൾ തോൽക്കുന്നത് സാംസ്കാരിക കേരളമാണ്. വർഷങ്ങളായി കേരളം തോറ്റുകൊണ്ടേയിരിക്കുകയാണ്. യു.ഡി.എഫിലെ ലീഗല്ല, എൽ.ഡി.എഫിലെ സി.പി.എം എന്ന് ഇനിയെങ്കിലും തിരിച്ചറിയണമെന്ന് പഴയ സഖാക്കൾ രഹസ്യമായി പറയുന്നു.

ഇക്കയ്ക്ക് ഇനി

പഠനകാലം

സഖാവ് അൻവറിക്ക വിപ്ലവജീവിതം മടുത്ത് ത്യാഗത്തിന്റെ രാഷ്ട്രീയത്തിൽ എത്തുമെന്നാണ് സൂചനകൾ. ദേഷ്യക്കാരനായ ശുദ്ധഹൃദയനാണെന്ന് ലീഗുകാർക്ക് അറിയാം. ഇരിക്കും മുൻപേ കാലുനീട്ടിയതാണ് പ്രശ്‌നമായത്. ഒരു വർഷത്തേക്ക് എം.എൽ.എ ആയിട്ട് എന്തുകാര്യമെന്നു പാവം പഹയൻ ചിന്തിച്ചില്ല. വ്യവസായ മന്ത്രി ആകേണ്ട ആളാണ്. തോറ്റത് നന്നായി. ഒരു കൊല്ലം കൊണ്ട് കാര്യങ്ങൾ പഠിച്ച് പാകപ്പെടണം. കോൺഗ്രസുകാരനാകാൻ ആർക്കും പറ്റും. ലീഗുകാരനാകണമെങ്കിൽ ലേശം പാടുപെടണം. പേരിലൊരു ലീഗ് ഉണ്ടായതിന്റെ പേരിൽ ഒരുപാട് പഴികൾ കേൾക്കുന്ന ശുദ്ധഹൃദയ്മാരുടെ പ്രസ്ഥാനമാണിത്.

TAGS: VENU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.