സഹോദരൻ പ്രണവിനെ പോലെ ക്യാമറയ്ക്ക് മുൻപിലേക്ക് വിസ്മയ മോഹൻലാൽ എത്തുന്നത് ഏവരെയും വിസ്മയിപ്പിച്ച്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം സിനിമയിലൂടെ വിസ്മയ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. തുടക്കത്തിൽ ക്യാമിയോ വേഷത്തിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രണവ് മോഹൻലാൽ നായകനായി എത്തിയ ആദിയിലും മോഹൻലാൽ ക്യാമിയോവേഷത്തിൽ എത്തിയിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന 37-ാമത് ചിത്രമാണ് തുടക്കം. ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കും. അതേസമയം ക്യാമറയ്ക്ക് പിന്നിലാണ് തനിക്ക് താത്പര്യമെന്ന് വിസ്മയ മുമ്പ് പറഞ്ഞിട്ടുണ്ട്. മോഹൻലാൽ സംവിധാനം ചെയ്ത ബറോസിൽ സഹസംവിധായികയായി വിസ്മയ പ്രവർത്തിച്ചിട്ടുണ്ട്. ക്യാമറ കണ്ണുകളിൽ അധികം പ്രത്യക്ഷപ്പെടാത്ത വിസ്മയ സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല. എഴുത്ത്, ചിത്രരചന എന്നീ മേഖലകളിലായിരുന്നു വിസ്മയ്ക്ക് താത്പര്യം. അതുകൊണ്ട് തന്നെ വിസ്മയയുടെ ആദ്യ സിനിമാപ്രവേശവും ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ബാലതാരമായാണ് പ്രണവിന്റെ അഭിനയത്തുടക്കം. ജീത്തു ജോസഫിന്റെ സംവിധാന സഹായിയായിട്ടാണ് സിനിമയിലേക്ക് പ്രണവ് മോഹൻലാൽ സിനിമയിൽ ചുവടുറപ്പിക്കുന്നത്. 2022ൽ പ്രണവിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയിരുന്നു. ഈ സമയങ്ങളിൽ ആരാധകർ വിസ്മയയുടെ വരവും പ്രതീക്ഷിച്ചു. എന്നാൽ ഇപ്പോൾ വിസ്മയ തന്നെ വിസ്മയം തീർത്തു. പ്രണവ് മോഹൻലാൽ നായകനായ ആദി നിർമ്മിച്ചതും ആശീർവാദ് സിനിമാസാണ്. 2018 എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിനുശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം ആക്ഷൻ ഗണത്തിൽപ്പെടുന്നു. ചിത്രത്തിന്റെ ടൈറ്റിൽ ഡിസൈനും സൂചന നൽകുന്നുണ്ട്. മാർഷ്യൽ ആർട്സിൽ വിസ്മയ പ്രാവീണ്യം നേടിയതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |