വെള്ളത്തിലും കരയിലുമായി ജീവിക്കുന്ന മുതലകളെ കാണാത്തവർ ചുരുക്കമാണ്. മനുഷ്യനെ വരെ ആക്രമിക്കുന്ന ഇവയെ പലർക്കും പേടിയാണ്. എന്നാൽ മുതലകൾക്ക് മരം കയറാനുള്ള കഴിവില്ലെന്ന് കരുതിയെങ്കിൽ അത് നൂറു ശതമാനം ശരിയല്ല. എന്തുകൊണ്ടെന്നാൽചില വർഗത്തിൽപെട്ട മുതലകൾക്ക് മരത്തിൽ കയറാൻ സാധിക്കുമെന്നാണ് ഉഭയ ജീവികളെ കുറിച്ചുള്ള പഠനങ്ങൾ വെളിപ്പെടുത്തുന്നത്.
ഇവയ്‌ക്ക് ദിവസവും ഇതു ചെയ്യാൻ കഴിയുമെന്നും ഗവേഷകർ പറയുന്നു. ആഫ്രിക്ക, ഓസ്ട്രേലിയ, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ കാണപ്പെടുന്ന അഞ്ച് വ്യത്യസ്‌തയിനം സ്‌പീഷീസുകളിൽ നടത്തിയ പഠനങ്ങളിൽ അവയ്‌ക്ക് ആറടിയോളം ഉയരത്തിൽ വരെ ഇഴഞ്ഞ് കയറാൻ സാധിക്കുമെന്ന് തെളിഞ്ഞിരുന്നു.
അതേ സമയം പ്രായപൂർത്തി എത്താത്ത മുതലകൾക്ക് വേണ്ടി വന്നാൽ 30 അടി ഉയരത്തിൽ വരെ ഇഴഞ്ഞ് കയറാനും സാധിക്കുമത്രെ. ചെറിയ മുതലകൾക്ക് കുത്തനെ നിൽക്കുന്ന മരങ്ങളിൽ വരെ ഇഴഞ്ഞ് കയറാൻ സാധിക്കും. അതേ സമയം വലിയ മുതലകൾക്ക് ചരിഞ്ഞ പ്രതലങ്ങളിലൂടെ മാത്രമേ മുകളിലേക്ക് ഇഴഞ്ഞ് കയറാൻ പറ്റൂ. ശീതരക്തമുള്ള ജീവികളിൽ ശരീര താപനില ക്രമപ്പെടുത്താൻ മരം കയറ്റം സഹായിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ഈ പ്രത്യേക സ്‌പീഷീസ് മുതലകൾ കാണപ്പെടുന്ന പ്രദേശങ്ങളിലെ ആളുകൾക്ക് ഇക്കാര്യം നൂറ്റാണ്ടുകൾ മുമ്പ് തന്നെ അറിയാമായിരുന്നെങ്കിലും ഇതേ പറ്റി കാര്യമായ പഠനങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ല. അതുകൊണ്ട് തന്നെ അധികം പേർക്കും മുതലകളുടെ ഈ പ്രത്യേകത അറിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |