ഇന്ത്യക്കാർക്ക് ഏറെ ഇഷ്ടപ്പെട്ട ബ്രാൻഡുകളിലൊന്നാണ് ടൊയോട്ട. ആദ്യകാലത്ത് പ്രൗഢിയുടെ ഭാഗമായ കൊറോള, കാംറി തുടങ്ങി സെഡാനുകൾ ഇന്ത്യക്കാർക്ക് പ്രിയമായിരുന്നു. പിന്നീട് അവരുടെ മിനിവാൻ ആയ ക്വാളിസ് ഏറെ ജനപ്രീതി ഇന്ത്യയിൽ നേടി. ഇതിനുശേഷമാണ് ഇന്ത്യയിലെ മന്ത്രിമാർ മുതൽ ടാക്‌സിക്കാർ വരെ ഉപയോഗിക്കുന്ന മൾട്ടി പർപ്പസ് വെഹിക്കിൾ (എംപിവി) ആയ ഇന്നോവയുടെ വരവ്. ടൊയോട്ടയെ ഇന്നും നിലനിർത്തുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നത് ഇന്നോവയാണ്. ഇതിനുശേഷം ഇന്ത്യയിലെ ടാക്‌സി മേഖലയിൽ ശ്രദ്ധേയ സാന്നിദ്ധ്യമായ എത്തിയോസ്, എത്തിയോസ് ലിവ തുടങ്ങി നിരവധി ജനപ്രിയ മോഡലുകൾ ടൊയോട്ട ഇറക്കി.
ഇതിനുശേഷം മാരുതിയുമായി സഹകരിച്ച് അർബൻ ക്രൂയിസർ, ഗ്ളാൻസ, റൂമിയോൺ എന്നിവയും പുറത്തിറക്കി ടൊയോട്ട ഇന്ത്യയിലെ സാധാരണക്കാരനൊപ്പം നിന്നു. ഇപ്പോഴിതാ മാരുതിയുമായി സഹകരിക്കാതെ തന്നെ സ്വന്തം കോംപാക്‌ട് ഹാച്ച്ബാക്ക് പുറത്തിറക്കാൻ പോകുകയാണ് ടൊയോട്ട. ഈയടുത്ത് ഇന്ത്യൻ നിരത്തിൽ ഈ കാറിന്റെ പരീക്ഷണ ഓട്ടം നടന്നിരുന്നു. അക്വാ ഹൈബ്രിഡ് എന്ന ഹാച്ച്‌ബാക്കാണ് ഇന്ത്യയിൽ ടൊയോട്ട ടെസ്റ്റ് ഡ്രൈവ് നടത്തിയത്.
അക്വാ ഹാച്ച് ബാക്കിന് പകരം ഹൈബ്രിഡ് പവർട്രെയിൻ ഇന്ത്യയിലിറക്കുന്നതിന് കഴിയുമോ എന്ന കാര്യമാണ് ഇതിലൂടെ ടൊയോട്ട വിശകലനം ചെയ്യുന്നത്. ടിഎൻജിഎ-ബി പ്ളാറ്റ്ഫോമിലാണ് ടൊയോട്ട അക്വ ഹൈബ്രിഡ് നിർമ്മിച്ചിരിക്കുന്നത്. സാധാരണ മോഡലിനൊപ്പം റിയർ മോട്ടോർ ഇ-ഫോർ വകഭേദവും അക്വയുടേതുണ്ട്. 1.5 ലിറ്റർ പെട്രോൾ ഹൈബ്രിഡ് എഞ്ചിനൊപ്പം രണ്ട് ഇലക്‌ട്രിക് മോട്ടോറും ഈ കാറിലുണ്ട്. ഇസിവിടി ഓട്ടോമാറ്റിക് ട്രാൻസ്‌മിനുള്ള ഈ കാറിന് 35.8 കിലോമീറ്റർ മൈലേജ് കിട്ടുമെന്നാണ് കമ്പനി പറയുന്നത്.
ബൈപോളാർ നിക്കൽ ഹൈഡ്രജൻ ബാറ്ററി പായ്ക്കുള്ള കാറാണിത്. 100 വി/1, 500 W ആക്‌സസറി പവർ ഔട്ട്‌ലെറ്റ് വഴി കാറിനും അതിലെ ഇലക്‌ട്രോണിക് ഉപകരണങ്ങൾക്കും പവർ നൽകാൻ ഇതിനാകും. ഇത്ര ശക്തിയും മൈലേജുമേറിയ അക്വ ഇന്ത്യയിലെ നിരത്തുകളിൽ എത്തിക്കുന്നതിൽ ഇനിയും കമ്പനി വ്യക്തത വരുത്തേണ്ടതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |