ജീവിതത്തിൽ പലപ്പോഴും അപ്രതീക്ഷിതമായി പല വെല്ലുവിളികളും നേരിടേണ്ടതായി വരും. ചുരുക്കം ചിലർക്ക് മാത്രമേ ഇവയെല്ലാം ധൈര്യത്തോടെ മറികടക്കാനാകൂ. ഭൂരിഭാഗംപേരും വിധിക്ക് മുന്നിൽ തോറ്റുകൊടുക്കുകയാണ് പതിവ്. ഇപ്പോഴിതാ ബോളിവുഡ് സിനിമാ ലോകത്ത് നിന്നും അത്തരത്തിലൊരാളുടെ അസാധാരണ കഥയാണ് പുറത്തുവരുന്നത്. ഒരുകാലത്ത് പ്രതികൂല കാരണങ്ങളാൽ ബാർ നർത്തകിയാകേണ്ടി വന്ന ഷഗുഫ്‌ത റഫീഖിന് ലൈംഗിക തൊഴിലാളിയായും ജീവിക്കേണ്ടിവന്നു. എന്നാലിന്ന് തന്റെ ദൃഢനിശ്ചയത്തിലൂടെയും കഴിവുകളിലൂടെയും സിനിമാ മേഖലയിൽ കരിയർ കെട്ടിപ്പടുക്കാൻ അവർക്ക് സാധിച്ചു.
1960 -70 കാലഘട്ടത്തിലെ പ്രമുഖ നടിയായിരുന്ന സയീദ ഖാന്റെ അമ്മ ദത്തെടുത്ത കുട്ടിയായിരുന്നു ഷഗുഫ്‌ത. സിനിമയുമായി ബന്ധപ്പെട്ടതും നല്ല സാമ്പത്തികവുമുള്ള കുടുംബത്തിലാണ് എത്തിയതെങ്കിലും പിന്നീട് അവരുടെ സ്ഥിതി വഷളായി. സയീദയുടെ വിവാഹവും അവരുടെ പിതാവിന്റെ മരണവും കുടുംബത്തെ വലിയ സലാമ്പത്തിക പ്രതിസന്ധിയിലാക്കി. പട്ടിണി കിടക്കാതിരിക്കാൻ വസ്‌ത്രങ്ങൾ വിറ്റാണ് അവർ ജീവിച്ചത്. ഷഗുഫ്‌തയ്‌ക്ക് ഏഴാം ക്ലാസിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു. 17-ാം വയസിലെ വിവാഹവും അധികനാൾ നീണ്ടുനിന്നില്ല.
കുടുംബത്തിന്റെ പിന്തുണ നഷ്‌ടപ്പെട്ട് വൻ സാമ്പത്തിക പ്രശ്‌നം നേരിടേണ്ടി വന്നതോടെ ഷഗുഫ്‌തയ്‌ക്ക് മുംബയിലും ദുബായിലും ബാറുകളിൽ നർത്തകിയായി ജോലി ചെയ്യേണ്ടിവന്നു. പിന്നീട് ലൈംഗിക തൊഴിലാളിയായി. ഈ ജോലിയിലേക്ക് കടക്കാൻ കാരണം ജീവിതത്തിലുണ്ടായ നിരാശയാണെന്ന് അവർ പറയുന്നു. ഇതിനിടെയും സിനിമാമേഖലയുടെ ഭാഗമാകുക എന്ന സ്വപ്‌നം അവരുടെ മനസിലുണ്ടായിരുന്നു.
ഇതിനിടെ ദുബായിൽ വച്ച് അസുഖമുണ്ടായതിനെത്തുടർന്ന് അവർക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. അവിടെ ബോളിവുഡ് ചലച്ചിത്ര നിർമ്മാതാവായ മഹേഷ് ഭട്ടുമായുണ്ടായ കൂടിക്കാഴ്‌ചയാണ് ഷഗുഫ്‌തയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. കഥ പറയാനുള്ള അവരുടെ കഴിവ് തിരിച്ചറിഞ്ഞ അദ്ദേഹം കലിയുഗ് (2005) എന്ന ചിത്രത്തിനായി സീനുകൾ എഴുതാൻ വിളിച്ചു. ഈ സിനിമയിൽ അവരുടെ വർക്ക് ഇഷ്‌ടപ്പെട്ടതോടെ വിശേഷ് ഫിലിംസിൽ മുഴുവൻ സമയ എഴുത്തുകാരിയായി അവരെ നിയമിച്ചു.
ഷഗുഫ്‌തയെ എഴുത്തുകാരിയാക്കിയത് വിദ്യാഭ്യാസമല്ല അവരുടെ അനുഭവങ്ങളാണെന്ന് മഹേഷ് ഭട്ട് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അവരുടെ തിരക്കഥകളിൽ യാഥാർത്ഥ്യവും വേദനകളും തിരിച്ചുവരവുമെല്ലാം അതേപടി പ്രതിഫലിച്ചു. വോ ലംഹേ (2006), അവരപൻ (2007), റാസ് - ദി മിസ്റ്ററി കണ്ടിന്യൂസ് (2009), മർഡർ 2 (2011), ആഷിഖി 2 (2013), മിസ്റ്റർ എക്സ് (2014) എന്നിവയുൾപ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് അവർ തിരക്കഥ എഴുതി.
2019ൽ ഷഗുഫ്‌ത സംവിധാന രംഗത്തേക്ക് കാലെടുത്തുവച്ചു. അത് അവരുടെ ജീവിതത്തിലെ പുതിയൊരു അദ്ധ്യായമായിരുന്നു. പിന്നീട് ദുഷ്മാൻ: എ സ്റ്റോറി ഓഫ് ദി എനിമി വിത്തിൻ (2017) എന്ന ഹിന്ദി ചിത്രവും മോൺ ജാനേ നാ (2019) എന്ന ബംഗാളി ആക്ഷൻ ത്രില്ലറും സംവിധാനം ചെയ്‌ത് സിനിമാമേഖലയിലെ ഒരു ശക്തിയായി അവർ മാറി.
ഷഗുഫ്‌തയുടേത് വെറുമൊരു വിജയകഥയല്ല. അത് അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ശക്തിയുടെയും കഥയാണ്. ബോളിവുഡ് ലോകത്തിൽ ഉയരങ്ങൾ കീഴടക്കാൻ അവർക്ക് നേരിടേണ്ടിവന്ന കഷ്‌ടപ്പാടുകൾ പുതിയ തലമുറയ്‌ക്ക് പ്രചോദനമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |