കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ രാത്രി ഓട്ടോറിക്ഷയിൽ യാത്ര ചെയ്തതിലെ ദുരനുഭവം വ്യക്തമാക്കി,ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ ശ്രദ്ധ ക്ഷണിച്ച് യുവ സംവിധായിക കുഞ്ഞില മാസിലാമണി ഫേസ്ബുക്ക് പോസ്റ്റിട്ടൂ. ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകുന്നില്ലെന്നും കുഞ്ഞില.. 'സ്വാതന്ത്ര്യസമരം' എന്ന ആന്തോളജി ചിത്രത്തിലെ 'അസംഘടിതർ' എന്ന ഭാഗത്തിന്റെ സംവിധായികയായി ശ്രദ്ധ നേടിയിരുന്നു .
വ്യാഴാഴ്ച രാത്രി 10മണിക്ക് കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലിറങ്ങിയ കുഞ്ഞില തൊണ്ടയാട് സബ്‌സ്‌റ്റേഷൻ റോഡിലെ വീട്ടിലേക്ക് ഓട്ടോ വിളിച്ചപ്പോഴാണ് ദുരനുഭവം.' 120 രൂപയാകുമെന്നാണ് ഓട്ടോ ഡ്രൈവർ പറഞ്ഞത്. വീടെത്തിയപ്പോൾ ഗൂഗിൾ പേ ഉണ്ടോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് പറഞ്ഞു. ഇരുട്ടാണ്. പഴ്‌സിന്റെ ഉള്ളിൽ കാണാനായി ഫോണിലെ ടോർച്ച് അടിച്ചു പിടിച്ച് നോക്കുമ്പോൾ ടോർച്ച് പിടിച്ച് തരാനായി ഫോണിന്റെ ഒരറ്റം ഡ്രൈവറുടെ കൈയിൽ കൊടുത്തു. നൂറ്റി ഇരുപത് രൂപ കൊടുത്തതും നൂറ്റി അറുപതാണെന്ന് പറഞ്ഞ് എന്റെ ഫോണിൽ പിടി മുറുക്കി. വലിച്ചിട്ടും ഫോൺ തന്നില്ല. വളരെ ശക്തി ഉപയോഗിച്ച് വലിച്ചാണ് ഒടുവിൽ ഫോൺ തിരിച്ചു കിട്ടിയത്. അപ്പോഴേക്കും ഇയാൾ ശബ്ദമുയർത്തി സംസാരിക്കാൻ തുടങ്ങി.'
'ഞാൻ അങ്ങോട്ട് കയറി വരും കേട്ടോ'' എന്ന് എന്നോട് പറഞ്ഞു. ഞാൻ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയാണ്. പറഞ്ഞ പൈസ കൊടുത്തതിന് വീട്ടിലേക്ക് കയറി വരുമെന്ന് ഭീഷണിപ്പെടുത്താൻ എന്തധികാരം ? ഈ ഭീഷണി കേട്ടതും ഞാൻ വണ്ടിയുടെ നമ്പർ പ്ലേറ്റിന്റെ ഫോട്ടോ എടുത്തു. അതോടെ വീട്ടിനുള്ളിലേക്ക് കയറി വരാനായി ശ്രമം. കഷ്ടിച്ച് രക്ഷപ്പെട്ടതാണ്. കോഴിക്കോട്ടെ ഓട്ടോക്കാരുടെ നന്മ കേട്ടാണ് വളർന്നത്. പക്ഷെ ഇതുപോലുള്ള ആളുകളും ഇവിടെയുണ്ട്. നിരവധി പരാതികൾ പലകേസുകളിലും കൊടുത്തിട്ടുള്ള അനുഭവമുള്ളതിനാലാണ് പൊലീസിൽ പരാതിയുമായി പോകാത്തത്. മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി അയയ്ക്കും. അവിടെ നിന്ന് നീതി പ്രതീക്ഷിക്കുന്നു- കുഞ്ഞില പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |