ഇടുക്കി: കാലവർഷം ആരംഭിച്ച് ഒരുമാസം പിന്നിടുമ്പോൾ സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു. വൈദ്യുതി ബോർഡിന്റെ 16 ഡാമുകളിൽ 12ലും ജലനിരപ്പ് 50 ശതമാനത്തിന് മുകളിലാണ്. നാലെണ്ണത്തിൽ 90 ശതമാനത്തിന് മുകളിലും. ഏഴ് ഡാമുകളുടെ ഷട്ടറുകൾ തുറന്നു. ജലസേചന വകുപ്പിന്റെ ഇരുപതിൽ 18 ഡാമുകളിലും ജലനിരപ്പ് 60 ശതമാനത്തിന് മുകളിലാണ്. 12 ഡാമുകളുടെ ഷട്ടർ തുറന്നു.
വൈദ്യുതി ബോർഡിന് കീഴിലുള്ള ഡാമുകളിൽ കഴിഞ്ഞ വർഷം ഇതേസമയം 35 ശതമാനമായിരുന്നു ജലനിരപ്പ്. ഇടുക്കി ഡാമിൽ 2364.22 അടിയാണ് നിലവിലെ ജലനിരപ്പ്. 2403 അടിയാണ് പരമാവധി സംഭരണശേഷി. കേന്ദ്ര ജലകമ്മിഷന്റെ നിലവിലെ റൂൾ കർവ് പ്രകാരം മൂന്നടി കൂടി ഉയർന്നാൽ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും. 2373.33 അടിയെത്തിയാൽ ഓറഞ്ച് അലർട്ട്. 2374.33 അടിയെത്തിയാൽ റെഡ് അലർട്ട്. തുടർന്ന് ഡാം തുറക്കാനുള്ള നടപടികൾ ആരംഭിക്കും.
പുതിയ റൂൾ കർവ് നിലവിൽ വന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിൽ തുറന്ന 13 സ്പിൽവേ ഷട്ടറുകളിൽ മൂന്നെണ്ണം അടച്ചു. 136.25 അടിയാണ് നിലവിലെ ജലനിരപ്പ്. തുറന്നിരിക്കുന്ന 10 ഷട്ടർവഴി പെരിയാറിലേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് സെക്കൻഡിൽ 194.77 ഘനയടിയായി കുറച്ചു. സെക്കൻഡിൽ 1505.47 ഘനയടി ജലമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 2117 ഘനയടി ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.
വൈദ്യുതി ഉത്പാദനം കൂട്ടി
ജലനിരപ്പ് ഉയരുന്നതിനാൽ ഡാം തുറക്കുന്ന സാഹചര്യം ഒഴിവാക്കാൻ വൈദ്യുതി ഉത്പാദനം കെ.എസ്.ഇ.ബി പരമാവധിയാക്കി. ജലവൈദ്യുത പദ്ധതികളിൽ നിന്ന് ആകെ 44.23 ദശലക്ഷം യൂണിറ്റാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. മൂലമറ്റം പവർഹൗസിൽ നിന്നുമാത്രം ഇന്നലെ 16.85 ദശലക്ഷം യൂണിറ്റ് ഉത്പാദിപ്പിച്ചു. അടുത്ത കാലത്തെ റെക്കാഡ് ഉത്പാദനമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |