ഹിന്ദുവിശ്വാസ പ്രകാരം ക്ഷേത്രദർശനം നടത്തുന്നത് വളരെ നല്ലതാണ്. എന്നാൽ പലർക്കും ഇപ്പോഴും എങ്ങനെയാണ് ശരിയായി ക്ഷേത്രദർശനം നടത്തേണ്ടതെന്ന് അറിയില്ല. പലരും അവരുടെ സൗകര്യപ്രകാരം മാത്രമാണ് ക്ഷേത്രദർശനം നടത്താറുള്ളത്. എന്നാൽ ക്ഷേത്രത്തിൽ എത്തുന്നത് മുതൽ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
കുളിച്ച് അതീവ ഭക്തിയോടുകൂടി മാത്രമേ ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ പാടുള്ളൂ. കൂടാതെ ക്ഷേത്ര പൂജാരികളെ സ്‌പർശിക്കാൻ പാടില്ല. തലേദിവസം ധരിച്ച വസ്ത്രം ധരിച്ചുകൊണ്ട് ദർശനം നടത്താൻ പാടില്ല. നഖം, മുടി, രക്തം, തുപ്പൽ ഇവ ക്ഷേത്രത്തിൽ വീഴുവാൻ ഇടയാവരുത്. ദേവനെയോ ദേവിയെയോ ദർശിക്കുന്നതിന് മുൻപ് നാം കൊണ്ടുവന്ന തിരുമുൽക്കാഴ്ച (പുഷ്പങ്ങൾ, എണ്ണ, കർപ്പൂരം, ചന്ദനത്തിരി, നാണയങ്ങൾ) സമർപ്പിക്കണം.
നാം കൊണ്ടുവന്നത് സമർപ്പിച്ച ശേഷം മാത്രം പ്രാർത്ഥിക്കുക. ഉപദേവതാ ക്ഷേത്രങ്ങളിൽ ദർശനവും നമസ്കാരവും ചെയ്തതിന് ശേഷം വേണം പ്രധാന ദേവനെ ദർശിക്കാൻ. വിഷയാസക്തി, അസൂയ, പരദ്രാേഹചിന്ത തുടങ്ങിയവ ഒഴിവാക്കി വേണം പ്രാർത്ഥിക്കാൻ. കൂടാതെ നിവേദ്യ സമയത്ത് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാൻ പാടില്ല. ക്ഷേത്രത്തിലെ ബലിക്കല്ലിൽ കാലുകൊണ്ടോ കെെ കൊണ്ടോ സ്പർശിക്കാനും പാടില്ല. തീർത്ഥം മൂന്നു തവണ മന്ത്രം ജപിച്ച് സേവിച്ച ശേഷം തലയിലും മുഖത്തും തളിക്കാം. കൈ, ചുണ്ടില്‍ തൊടാതെ നാക്ക് നീട്ടി തീര്‍ത്ഥം നാക്കില്‍ വയ്ക്കണം. കൈപ്പടത്തില്‍ കീഴ്ഭാഗത്തില്‍ കൂടിവേണം നാക്കില്‍ വീഴ്ത്താന്‍.
തീർത്ഥം സേവിച്ചു കഴിഞ്ഞാൽ പ്രസാദം നെറ്റിയില്‍ തൊടണം. പുഷ്പം തലയിലോ ചെവികൾക്കിടയിലോ വയ്ക്കാം. എണ്ണ, വാകച്ചാര്‍ത്ത് എന്നിവ തലയില്‍ പുരട്ടണം. അനാവശ്യ സ്ഥലങ്ങളില്‍ കര്‍പ്പൂരം കത്തിക്കുക, പ്രസാദം അണിഞ്ഞ ശേഷം ബാക്കി ക്ഷേത്രത്തില്‍ ഉപേക്ഷിക്കുക, ദേവനും ദേവവാഹനത്തിനും ഇടയിലൂടെ നടക്കുക, വിഗ്രഹങ്ങളില്‍ തൊട്ടു നമസ്കരിക്കുക തുടങ്ങിയവയും അരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |