SignIn
Kerala Kaumudi Online
Monday, 01 September 2025 3.43 PM IST

കളളൻമാരിൽ നിന്ന് രക്ഷിക്കുന്നു,​ കുലദൈവമെന്ന് വിശ്വാസം; തമിഴ്നാട്ടിലെ മധുരവീരൻ സ്വാമി ക്ഷേത്രത്തിന് പ്രത്യേകതകളേറെ

Increase Font Size Decrease Font Size Print Page
madura-veeran

കേരളത്തിലെ ചില പ്രദേശങ്ങളിലും തമിഴ്നാട്ടിലും കാവൽദൈവമായി ആരാധിച്ചുവരുന്ന ഒരു വീരപുരുഷ ദൈവഭാവമാണ് മധുരവീരൻ സ്വാമി. കുതിരപ്പുറത്ത് ഉടവാൾ ഉയർത്തി ഇരിക്കുന്ന രൂപമാണ് മധുരവീരന്റേത്. വള്ളിയമ്മ, ബോമ്മയമ്മ എന്നീ ദേവിമാരോടൊപ്പവും മധുരവീരൻ സ്വാമിയെയും ആരാധിക്കുന്നു. മധുരവീരനെക്കുറിച്ച് പല കഥകളും പ്രചരിക്കുന്നുണ്ട്.

കാശീരാജാവിന്റെ പുത്രനായാണ് മധുരവീരൻ സ്വാമി ജനിച്ചതെന്ന് പറയപ്പെടുന്നു. ജനിച്ച സമയത്തെ ഗ്രഹനില നോക്കി ജ്യോതിഷികൾ ആ കുഞ്ഞ് കൊട്ടാരത്തിൽ വളർന്നാൽ രാജാവിനും രാജ്യത്തിനും നാശം ചെയ്യുമെന്ന് പ്രവചിച്ചു. അതുകൊണ്ട് രാജാവ് കുഞ്ഞിനെ ഒരു പേടകത്തിലടച്ച് നദിയിൽ ഒഴുക്കി. മധുരയ്ക്ക് അടുത്ത് കാട്ടിൽ വിറക് വെട്ടാൻ പോയ ഒരു വ്യക്തിക്ക് ആ പേടകം ലഭിക്കുകയും അതിലെ കുട്ടിയെ അയാൾ ഏറ്റെടുത്ത് വളർത്തുകയും ചെയ്തു.

ചെറുപ്പകാലം മുതലേ അതീവമായ ദേവിഭക്തിപ്രകടിപ്പിച്ചിരുന്ന കുട്ടി ആയോധനകലയിലും നൃത്തകലയിലും തുടങ്ങി സകലകലകളിലും അതീവസാമർത്ഥ്യം നേടി. വളർന്നപ്പോൾ ആ യുവാവിന്റെ വീരകഥകൾ അന്യനാടുകളിൽ പോലും പ്രചരിച്ചിരുന്നു. ആ കാലഘട്ടത്തിൽ മധുരനഗരം ഭരിച്ചിരുന്നത് തിരുമലനായ്ക്കർ രാജാവായിരുന്നു. ദിവസം പ്രതി രാജ്യത്ത് കൊള്ളക്കാരുടെ ഉപദ്രവം കൂടിവരികയും അതിന്റെ കാരണക്കാർ അവിടത്തെ കള്ളർ സമുദായക്കാരായ ചിലയാളുകളാണെന്നും രാജാവ് അറിഞ്ഞു.

തന്റെ സൈന്യം പലകുറി ശ്രമിച്ചിട്ടും ആ കൊള്ളസംഘത്തെ പിടികൂടാൻ സാധിച്ചില്ല. അവസാനം ആയോധനകലകളിൽ അഗ്രഗണ്യനായ ഒരു യുവാവ് അടുത്ത ഗ്രാമത്തിൽ ഉണ്ടെന്നറിഞ്ഞ രാജാവ് ആ യുവാവിനേ മധുരയുടെ പടത്തലവനായി നിയോഗിച്ചു. അതേസമയം യുവാവിന്റെ നൃത്തകലയിലെ സാമർത്ഥ്യം കണ്ട് രാജാവ്, രാജകുമാരിയായ വള്ളിയമ്മാളെ നാട്യശാസ്ത്രവും പഠിപ്പിക്കാൻ ഏൽപ്പിച്ചു. ആ ബന്ധം പ്രണയത്തിലെത്തി.

രാജാവുമായും കൊട്ടാരവുമായും മധുരവീരന് ഉള്ള അടുപ്പം മറ്റുള്ള കൊട്ടാരവാസികളുടെ കണ്ണിലെ കരടായി മാറി. എങ്ങനെയും മധുരവീരനെ വകവരുത്താൻ അവർ തീരുമാനിച്ചു. അവസാനം മധുരവീരനെ എടുത്തു വളർത്തിയത് കള്ളാർ സമുദായത്തിലെ ഒരാളാണെന്നും മധുരവീരൻ കൊള്ളസംഘത്തിലെ പ്രധാനിയാണെന്നും രാജാവിനോട് പറഞ്ഞു വിശ്വസിപ്പിച്ചു. യാഥാർത്ഥ്യം മനസിലാക്കാൻ ശ്രമിക്കാതെ ഉടൻ തന്നെ മധുരവീരന്റെ ഒരു കാലും തലയും വെട്ടാൻ രാജാവായ തിരുമലനായ്ക്കർ ഉത്തരവിട്ടു.

ഇതേസമയം പരമദേവീഭക്തനായ മധുരവീരന് പരാശക്തി ദർശനം നൽകി നടന്നകാര്യങ്ങൾ വെളിപ്പെടുത്തി കൊടുത്തിരുന്നു. രാജകൽപന അറിഞ്ഞ വള്ളിയമ്മാളും ഇതേസമയം തന്നേ മധുരവീരനെ മനസിൽ കൊണ്ടു നടന്നിരുന്ന ബൊമ്മിയമ്മയും ശിക്ഷനടത്തുന്ന സ്ഥലത്തേക്ക് ഓടിയെത്തിയപ്പോൾ ശിക്ഷകഴിഞ്ഞ് പോകുന്ന ഭടന്മാരെയും നിലത്ത് മുറിഞ്ഞ് കിടക്കുന്ന മധുരവീരന്റെ വിരലുകളും മാത്രമാണ് കാണാനായത്. അതീവദുഃഖത്തോടെ പരാശക്തിയെ വിളിച്ചുകരഞ്ഞ അവരിൽ ദേവി കാരുണ്യം ചൊരിയുകയും മധുരവീരന്റെ ജീവൻ തിരികെനൽകുകയും ചെയ്തെന്നാണ് വിശ്വാസം.

ജീവൻ തിരിച്ചുകിട്ടിയ മധുരവീരനും ബോമ്മിയമ്മയും വള്ളിയമ്മാളും അവിടെ തന്നെയുള്ള ഗുഹയിലേക്ക് കയറിപോയതായും പറയപ്പെടുന്നു. പിന്നീട് യാഥാർത്ഥ്യം തിരിച്ചറിഞ്ഞ തിരുമലനായ്ക്കർ പശ്ചാതാപത്തോടെ മധുരവീരൻ കയറിയ ഗുഹക്കു മുൻവശം മധുരവീരന് ദൈവീകപരിവേഷം നൽകി ആരാധിച്ചതായും പറയപ്പെടുന്നു. ആ സ്ഥലം ഇപ്പോൾ മധുര മീനാക്ഷിക്ഷേത്രത്തിന്റെ ഗോപുരത്തോടൊപ്പം ചെറിയ ക്ഷേത്രമായി നിർമ്മിച്ച് മധുരയുടെ കാവൽദൈവമായി ആരാധിച്ചുവരികയാണ്.

തമിഴ്നാട്ടിലെ ചെങ്കൽപേട്ട് ജില്ലയിലെ ഹനുമന്തപുരത്ത് മധുരവീരന്റെ പ്രസിദ്ധമായ ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെ 18 അടി ഉയരമുളള മധുരവീരന്റെ ഒരു പ്രതിഷ്ഠയുണ്ട്. കൂടാതെ പച്ചയമ്മൻ, നടരാജൻ, ഭൈരവർ,കരുപ്പണ്ണ സ്വാമി എന്നിവരുടെ പ്രതിഷ്ഠകളുമുണ്ട്. ഈ ദേവതകളെയെല്ലാം കുലദൈവമായാണ് ആരാധിക്കുന്നത്. ഭക്തരെ കളളൻമാരിൽ നിന്ന് ഇവരാണ് രക്ഷിക്കുന്നതെന്നാണ് വിശ്വാസം.

TAGS: TEMPLE, TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.