ദേവന്മാരും അസുരന്മാരും ചേർന്ന് പാലാഴി കടഞ്ഞ് അമൃത് നേടാൻ ശ്രമിക്കുന്നതിനിടെ അത്യുഗ്രമായ ഹാലാഹലം എന്നൊരു വിഷം ഉയർന്നുവന്നൊരു കഥയുണ്ട്. ദേവന്മാരും അസുരന്മാരും വിഷത്തിന്റെ പ്രഭാവം കൊണ്ട് ഓടിമാറി. ഭൂമിയിലെ ജനങ്ങളെല്ലാം വിഷത്തിന്റെ ശക്തികണ്ട് ഭയന്നു. ഈ സമയം ലോകത്തെ രക്ഷിക്കാൻ പരമശിവൻ ഹാലാഹലത്തെ ഒരു ഞാവൽപ്പഴത്തിന്റെ ആകൃതിയിലാക്കി വിഴുങ്ങാൻ തുടങ്ങി. വിഷം പുറത്തുവന്നാൽ ലോകം നശിക്കും, ഉള്ളിൽ പോയാൽ പരമശിവന് ആപത്തുണ്ടാകും. ഇതറിഞ്ഞ പാർവതീ ദേവി ശിവന്റെ തൊണ്ടയിൽ അമർത്തി. ഇതോടെ വിഷം ശിവന്റെ കഴുത്തിൽ ഉറച്ചു കഴുത്ത് നീലനിറമായി. ശിവൻ നീലകണ്‌ഠനായി.
തുടർന്ന് മോഹാലസ്യമുണ്ടായ ശിവൻ പള്ളികൊണ്ടു. പാർവതീ ദേവിയുടെ മടിയിലാണ് കിടന്നത്. ലോകത്തെ രക്ഷിച്ച ശിവന് വേണ്ടി ലോകത്തിലെ മുപ്പത്തിമുക്കോടി ദേവന്മാരും നിരന്നു. മയങ്ങിക്കിടന്ന ശിവനെ പള്ളികൊണ്ടേശ്വരൻ എന്ന് വിളിക്കാൻ തുടങ്ങി. ശിവന്റെ ഇത്തരത്തിലുള്ള അപൂർവ ഭാവത്തിലുള്ള, പള്ളികൊണ്ട ശിവനായുള്ള ഒരു ക്ഷേത്രം ഉണ്ട്. തമിഴ്നാട്-ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളുടെ അതിർത്തിയിലായി തിരുപ്പതി ജില്ലയിലെ ഊറ്റുകോട്ട എന്ന ഗ്രാമത്തിലാണിത്. ദേവന്മാർ എത്തിയ സ്ഥലമെന്ന അർത്ഥത്തിൽ സുരരർ പള്ളി എന്നും പിന്നീട് 'സുരട്ടുപള്ളി' എന്നും ഇവിടെ അറിയപ്പെടാൻ തുടങ്ങി.
പാർവതീ ദേവിയുടെ മടിയിൽ ശയിക്കുന്ന മഹാദേവനും ഒപ്പം ദേവന്മാരുമാണ് ഇവിടെ പ്രതിഷ്‌ഠ. യുഗങ്ങൾക്ക് മുൻപ് ഒരിക്കൽ വാത്‌മീകി മഹർഷി ഇവിടെയെത്തി ശിവനെ പൂജ ചെയ്‌തു. ഇതോടെ ശിവൻ സ്വയംഭൂലിംഗമായി പ്രത്യക്ഷപ്പെട്ടു. ക്ഷേത്രത്തിൽ മറ്റൊരു ശ്രീകോവിലിൽ ഈ സ്വയംഭൂലിംഗത്തെ പ്രതിഷ്‌ഠിച്ചു. രാവിലെ 6 മണി മുതൽ ഉച്ചയ്‌ക്ക് 12.30 വരെയും വൈകുന്നേരം നാല് മണിമുതൽ രാത്രി എട്ട് മണിവരെയുമാണ് ക്ഷേത്രത്തിൽ ദർശനമുണ്ടാകുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |