തൃശൂർ: സി.പി.എം പ്രാദേശിക നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ ജയന്തനും സുഹൃത്തുക്കളും ചേർന്ന് വീട്ടമ്മയെ കൂട്ടമാനഭംഗപ്പെടുത്തിയെന്ന കേസിൽ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു.
യുവതിയുടെ പരാതി വ്യാജമാണെന്നും അനിൽ അക്കര എം.എൽ.എക്ക് ആഭ്യന്തര വകുപ്പ് നൽകിയ മറുപടിയിൽ വ്യക്തമാക്കി. സാമ്പത്തിക ഇടപാടിലെ തർക്കമാണ് പരാതിക്ക് കാരണമെന്നും റിപ്പോർട്ടിലുണ്ട്.നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് അനിൽ അക്കര എം.എൽ.എ 2016 നവംബർ 17ന് മുഖ്യമന്ത്രിക്ക് നൽകിയ കത്തിനാണ് മറുപടി.
പരാതി വ്യാജമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥയായ പൂങ്കുഴലി വടക്കാഞ്ചേരി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയായ കൗൺസിലർ 3.5 ലക്ഷം രൂപ രേഖകളില്ലാതെ പരാതിക്കാരിക്ക് കൊടുത്തിരുന്നുവെന്നും അത് തിരികെ ചോദിച്ചതിനെ തുടർന്നുള്ള തർക്കത്തിനിടെ പരാതിക്കാരിയുടെ ഭർത്താവിനെ പ്രതികൾ മർദ്ദിച്ചതിലുള്ള വിരോധത്തിലാണ് വ്യാജ പരാതി നൽകിയതെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ.
2016ലാണ് പരാതിക്കടിസ്ഥാനമായ ആരോപണം ഉയർന്നത്. രണ്ടു വർഷം മുൻപാണ് സംഭവം നടന്നതെന്നും പൊലീസ് അന്ന് കേസ് മുക്കിയെന്നും യുവതി, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കൊപ്പം അന്ന് വാർത്താസമ്മേളനത്തിൽ ആരോപിച്ചത് വിവാദമായിരുന്നു. ജയന്തനെ സി.പി.എം സസ്‌പെൻഡ് ചെയ്തിരുന്നു. ഇരയുടെ പേര് പരസ്യപ്പെടുത്തിയെന്ന ആക്ഷേപത്തിൽ സി.പി.എം തൃശൂർ ജില്ലാ മുൻ സെക്രട്ടറി കെ. രാധാകൃഷനെതിരെ ദേശീയ വനിതാ കമ്മിഷൻ കേസെടുക്കുകയും ചെയ്തിരുന്നു. കേസിൽ നുണ പരിശോധനയ്ക്ക് പരാതിക്കാരി സമ്മതിക്കാതിരുന്നതും വിവാദമായിരുന്നു.
വാദിയെ പ്രതിയാക്കി:
അനിൽ അക്കര
പീഡനം നടന്ന സ്ഥലവും തട്ടിക്കൊണ്ടുപോയ വാഹനവും ഉൾപ്പെടെ ലഭിച്ചിട്ടും അത് തൊണ്ടിയായി ശേഖരിക്കാതെ പ്രതികളെ രക്ഷപ്പെടുത്തുന്ന സമീപനമാണ് പൊലീസ് തുടക്കം മുതൽ സ്വീകരിച്ചതെന്ന് . അനിൽ അക്കര എം.എൽ.എ പറഞ്ഞു. വിചിത്രന്യായം നിരത്തി വാദിയെ പ്രതിയാക്കുകയാണ്. ഇരയ്ക്ക് മൂന്നര ലക്ഷം രൂപ പ്രതി കടം കൊടുത്തിരുന്നുവെന്നതിന് എന്ത് തെളിവാണ് കിട്ടിയത്.
. സി.പി.എം നേതാക്കൾക്കു വേണ്ടി കേസ് അട്ടിമറിക്കുകയാണെന്നും അനിൽ അക്കര ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |