കൊല്ലം: വെളിച്ചെണ്ണ വില കുതിച്ചുയർന്ന് അടുക്കള ബഡ്ജറ്റ് താളം തെറ്റിക്കുന്നു. രണ്ടാഴ്ചക്കിടെ 80 രൂപയോളം വർദ്ധിച്ച് ലിറ്ററിന് 450 രൂപയിലെത്തി. വിവിധ കമ്പനികൾ പല വിലയാണ് ഈടാക്കുന്നത്. ഒരു വർഷത്തിനിടെ വെളിച്ചെണ്ണ വില ഇരട്ടിയോളമാണ് ഉയർന്നത്. മില്ലുകളിലും ആട്ടിയ വെളിച്ചെണ്ണ വില വർദ്ധിച്ചു. 330 രൂപയ്ക്ക് നൽകിയിരുന്ന മിൽമയുടെ വെളിച്ചെണ്ണ സ്റ്റോക്ക് തീരുന്നതോടെ 410 ലേക്ക് കുതിക്കും.
വെളിച്ചെണ്ണ വില റെക്കാർഡ് വേഗത്തിൽ ഉയരുമ്പോൾ മാസബഡ്ജറ്റ് പിടിച്ചുനിറുത്താൻ പാടുപെടുകയാണ് സാധാരണക്കാർ. തേങ്ങയുടെ ലഭ്യതക്കുറവാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായി വ്യാപാരികൾ പറയുന്നത്. തമിഴ്നാട്ടിൽ കൊപ്ര വില കുതിച്ചുയർന്നതും കേരളത്തിൽ ഉൽപ്പാദനം കുറഞ്ഞതുമാണ് തിരിച്ചടിയായത്.
വിലവർദ്ധന മുതലെടുത്ത് വിപണി പിടിക്കാൻ വ്യാജന്മാരും രംഗത്തുണ്ട്. കുറഞ്ഞ വിലയിൽ വിൽക്കുന്നവയിൽ മിക്കതും വ്യാജനാണെന്നാണ് ആക്ഷേപം. 80 ശതമാനം പാമോയിലും 20 ശതമാനം വെളിച്ചെണ്ണയും ചേർത്ത ഭക്ഷ്യ എണ്ണയാണ‌് വെളിച്ചെണ്ണ എന്ന വ്യാജേന വിൽക്കുന്നത്. ചക്കിലാട്ടിയത് എന്ന വ്യാജേന തമിഴ്നാട്ടിൽ നിന്ന് വ്യാജ വെളിച്ചെണ്ണയും ജില്ലയിലേക്ക് എത്തുന്നുണ്ട്.
തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ മില്ലുകളിലും ഗോഡൗണുകളിലും കെട്ടിക്കിടക്കുന്ന ഉപയോഗശൂന്യമായ കൊപ്ര നാമമാത്ര വിലയിൽ ശേഖരിച്ച് കെമിക്കൽസ് ഉപയോഗിച്ച് നിർമ്മിക്കുന്ന വെളിച്ചെണ്ണയാണ് ഇത്തരത്തിൽ വിൽക്കുന്നത്. വിലയേക്കാൾ 50 മുതൽ 60 രൂപ വരെ വില കുറച്ച് വിൽപ്പന നടത്തുന്നതിനാൽ കച്ചവടവും ഉഷാറാണ്. എന്നാൽ പേരിനുപോലും പരിശോധന നടത്താൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് പരാതി.
പിടികൊടുക്കാതെ തേങ്ങ വില
ഉത്പാദനക്കുറവിനൊപ്പം തമിഴ്നാട്ടിൽ നിന്നുള്ള വരവും കുറഞ്ഞതോടെ തേങ്ങ വിലയും ഉയരുകയാണ്. പൊതിക്കാത്ത തേങ്ങ ഒന്നിന് മൊത്തവിപണിയിൽ 35- 40 രൂപ വരെയായി. പൊതിച്ച തേങ്ങ കിലോയ്ക്ക് 75 രൂപയാണ് മൊത്തവില. കൊപ്രയുടെ മൊത്ത വില 150ൽ നിന്ന് 200 രൂപയിലെത്തി. കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ നിന്ന് ജില്ലയിലേക്ക് തേങ്ങ എത്തുന്നുണ്ട്. കരുനാഗപ്പള്ളി, കായംകുളം ഭാഗങ്ങളിൽ നിന്നാണ് പൊതിക്കാത്ത തേങ്ങ കൂടുതലായും എത്തുന്നത്.
ചില വൻകിട കച്ചവടക്കാർ ഓണവിപണി ലക്ഷ്യമിട്ട് മനഃപൂർവം വില ഉയർത്തുകയാണ്. മൂന്ന് മാസത്തേക്കെങ്കിലും ഇറക്കുമതി തീരുവ കുറച്ചാൽ വെളിച്ചെണ്ണയുടെയും കൊപ്രയുടെയും വില കുറയും.
വിപീഷ്, കൗമുദി ഓയിൽ മിൽസ്
തേങ്ങ -വെളിച്ചെണ്ണ വില ഉയരുകയാണ്. തേങ്ങയുടെ വരവ് കുറഞ്ഞതാണ് വില കൂടാൻ കാരണം. സീസൺ എത്തുന്നതുവരെ ഇനിയും വില കൂടാനാണ് സാദ്ധ്യത.
സുധാകരൻ, തേങ്ങ മൊത്ത വ്യാപാരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |