ഓണക്കാലത്ത് പത്തുകാശ് കൈയിൽ വരണമെങ്കിൽ ഇപ്പോഴേ തുടങ്ങിക്കോളൂ. വലിയ മുതൽമുടക്കോ കഠിനാദ്ധ്വാനമോ ഇല്ലാതെ എളുപ്പത്തിൽ ചെയ്യാവുന്ന ചെണ്ടുമല്ലി കൃഷിയെക്കുറിച്ചാണ് പറയുന്നത്. നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് യോജിച്ച ഒരു ഹ്രസ്വകാലവിളയാണ് ചെണ്ടുമല്ലി. മേൽത്തരം വിത്ത് വാങ്ങിവേണം കൃഷിയിറക്കാൻ എന്നകാര്യം മറന്നുപോകരുത്.
ഒരുസെന്റ് സ്ഥലത്ത് കൃഷിയിറക്കാൻ വെറും ആറുഗ്രാം വിത്ത് മാത്രം മതിയാവും. മുളപ്പിച്ച തൈകൾ വാങ്ങിച്ചുനടുകയും ചെയ്യാം. പക്ഷേ അതിന് ചെലവേറും. പോട്രേകളിൽ ചകിരിച്ചോറും ചാണകപ്പൊടിയും യാേജിപ്പിച്ച മിശ്രിതം നിറച്ചശേഷം അതിൽവേണം തൈകൾ വളർത്തിയെടുക്കാൻ. തൈകൾ മുളച്ചുതുടങ്ങിയാൽ ആവശ്യത്തിന് വെയിൽ കിട്ടുന്ന സ്ഥലത്ത് ട്രേ വയ്ക്കണം. ഇല്ലെങ്കിൽ തൈകൾ ആരോഗ്യമില്ലാതെ നീണ്ടുവളരും. നാലാഴ്ചയാകുമ്പോൾ തൈകൾ പറിച്ചുനടാം. നന്നായി കിളച്ചൊരുക്കിയസ്ഥലത്ത് ആവശ്യത്തിന് അടിവളം ചേർത്തശേഷമായിരിക്കണം തൈകൾ നടേണ്ടത്. മണ്ണിൽ അമ്ലത കുറയ്ക്കാനുള്ള മാർഗം സ്വീകരിക്കുകയും വേണം. ഇല്ലെങ്കിൽ ചെടികൾ അഴുകിപ്പോകാൻ സാദ്ധ്യത കൂടും.
വരികളും ചെടികളും തമ്മിൽ ഒരടി അകലം നൽകാൻ ശ്രദ്ധിക്കണം. ആവശ്യത്തിന് വെള്ളം നൽകുന്ന കാര്യവും മറക്കരുത്. ഒരുസെന്റിൽ കുറഞ്ഞത് 200 ചെടികൾ നടാം. നട്ട് ഇരുപതുദിവസം കഴിയുമ്പോൾ ഇടയിളക്കി ആവശ്യത്തിന് രാസ, ജൈവ വളങ്ങൾ നൽകാം. നട്ട് ഒരുമാസമാകാറാകുമ്പോൾ തലപ്പ് നുള്ളിക്കൊടുക്കുന്നത് കൂടുതൽ ശിഖരങ്ങൾ വളർന്ന് കൂടുതൽ മൊട്ടുകളും പൂക്കളും ഉണ്ടാകുന്നതിന് ഇടയാക്കും. പറിച്ചുനട്ട് രണ്ടുമാസം കഴിയുമ്പോൾ പൂക്കൾ പറിച്ചെടുക്കാൻ സമയമാകും. മൂന്നുദിവസത്തിലൊരിക്കൽ പൂക്കൾ ശേഖരിക്കാം. ഓണക്കാലമായതിനാൽ വിപണി ഒരു പ്രശ്നമേ ആകില്ല. മികച്ച വിലയും ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |