ആലപ്പുഴ: അകാലത്തിൽ മരിച്ച ഭാര്യയുടെ ഓർമ്മയ്ക്കായി മെഡിക്കൽ ലാബ് സ്ഥാപിച്ച് പരിശോധനയ്ക്ക് പകുതി നിരക്ക് ഏർപ്പെടുത്തി മുഹമ്മ സ്വദേശി. മുഹമ്മ കായിപ്പുറം കാരയ്ക്കാപ്പള്ളി വീട്ടിൽ റിട്ട.കോടതി ആമീൻ ടി.കുഞ്ഞുമോനാണ് (57) പത്ത് മാസം മുമ്പ് മരിച്ച ഭാര്യ ആർ.എസ്.രജനിയുടെ (49) സ്മരണയിൽ ലാബ് സ്ഥാപിച്ചത്. കായിപ്പുറം കവല - പാതിരാമണൽ റോഡിലുള്ള ഈ ലാബിൽ എല്ലാ പരിശോധനകൾക്കും 40 മുതൽ 50 ശതമാനം വരെ ഇളവും തീരെ നിർധനർക്ക് സൗജന്യ സേവനം നൽകുന്നുണ്ട്. എ.പി.എൽ, ബി.പി.എൽ വെത്യാസമില്ല. ഇറക്കുമതി ചെയ്ത ഫുൾ ഓട്ടോമാറ്റിക്ക് പരിശോധനാ മെഷീനുകളാണുള്ളത്. ഇവയ്ക്ക് മാത്രം പന്ത്രണ്ട് ലക്ഷത്തിലധികം രൂപ ചെലവായി- കുഞ്ഞുമോൻ പറഞ്ഞു.
ചെലവ് 35 ലക്ഷം
2000ൽ പ്രവർത്തനമാരംഭിച്ച കായിപ്പുറം സൗഹൃദവേദി വായനശാലയുടെ തുടക്കകാലം മുതലുള്ള പ്രസിഡന്റാണ് ടി.കുഞ്ഞുമോൻ. എല്ലാ വർഷവും പത്ത് ലക്ഷത്തോളം രൂപയുടെ പഠനസഹായം,രണ്ട് ലക്ഷം രൂപയുടെ ചികിത്സാ സഹായം തുടങ്ങിയവ സ്പോൺസർമാരുടെ സഹകരണത്തോടെ വായനശാല നടത്തിപോന്നു. ഒരു ജനകീയ ലാബെന്ന ആശയം ഭാരവാഹികളുടെ മനസ്സിലുണ്ടായിരുന്നെങ്കിലും സാമ്പത്തിക വെല്ലുവിളി കാരണം പദ്ധതി നീണ്ടു. പത്ത് വർഷം മുമ്പ് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ രജനി അണുബാധയെ തുടർന്ന് കഴിഞ്ഞ ആഗസ്റ്റ് 9ന് മരിച്ചു. തുടർന്നാണ് ഭാര്യയുടെ ഓർമ്മയിൽ ലാബ് സ്ഥാപിച്ചത്. സ്വന്തം ഭൂമിയിൽ 850 ചതുരശ്ര അടിയിൽ 35 ലക്ഷത്തോളം രൂപ മുടക്കി ആറ് മാസം കൊണ്ട് കുഞ്ഞുമോൻ ലാബ് യാഥാർത്ഥ്യമാക്കി. കഴിഞ്ഞ മേയ് 31ന് മുൻ മന്ത്രി വി.എം. സുധീരനും ഭാര്യയും ചേർന്ന് ലാബ് ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |