കേരളത്തിലെ ലഹരി ഇടപാടുകളുടെ വ്യാപ്‌തിയും മാനവും കരുതിയതിലും അപ്പുറം വളരെ വിപുലവും സങ്കീർണവുമാണെന്ന് തെളിയിക്കാൻ മൂവാറ്റുപുഴ സ്വദേശി എഡിസൺ ബാബു എന്ന എൻജിനിയറിംഗ് ബിരുദധാരിയുടെ അറസ്റ്റ് ഇടയാക്കിയിരിക്കുകയാണ്. മൂവാറ്റുപുഴ കേന്ദ്രീകരിച്ച് രാജ്യത്തെ മെട്രോ നഗരങ്ങളിൽ വൻ ലഹരിമരുന്ന് ശൃംഖലയാണ് ഇയാൾ തീർത്തതെന്നാണ് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ നൽകുന്ന സൂചനകൾ. എൻജിനിയറിംഗ് കാലം മുതൽ സുഹൃത്തുക്കളായ മൂന്നുപേർ ചേർന്ന് രാജ്യാന്തര തലത്തിൽ ലഹരി മരുന്ന് കച്ചവടം നടത്തുന്നതിന് എഡിസൺ നേതൃത്വം നൽകിയിരുന്നെങ്കിലും ഇതുവരെ ഇയാളെ ആർക്കും തൊടാൻ കഴിഞ്ഞിരുന്നില്ല. എഡിസണിനു പുറമെ മൂവാറ്റുപുഴ സ്വദേശി ഡിയോൾ, ഭാര്യ അഞ്ജു എന്നിവരും അറസ്റ്റിലായിട്ടുണ്ട്. സാമ്പത്തികമായി ഉയർന്ന നിലയിലുള്ളവരും പാഞ്ചാലിമേട്ടിൽ റിസോർട്ട് നടത്തുന്നവരുമാണ് ഇവർ.
കഞ്ചാവും എം.ഡി.എം.എയുമൊക്കെ ചെറുകിട കച്ചവടം നടത്തുന്നവരാണ് സാധാരണനിലയിൽ സംസ്ഥാന എക്‌സൈസിന്റെ പിടിയിൽ അകപ്പെടുന്നത്. എഡിസൺ നടത്തിയ ലഹരി ബിസിനസുമായി താരതമ്യപ്പെടുത്തുമ്പോൾ വെറും പരൽമീനുകളാണ് അവർ. സംസ്ഥാനം വലിയ പ്രചാരണം നൽകുന്ന ലഹരിവേട്ടയുടെ ഭാഗമായി പിടിയിലാവുന്നവരുടെ എണ്ണം കൂടിയിട്ടും ലഹരിയുടെ വ്യാപനം കുറയാത്തതിനു കാരണം എഡിസണെപ്പോലെയുള്ള പല വമ്പൻ സ്രാവുകളും പിടിയിലാവാതെ ഇവിടെ തുടരുന്നുണ്ട് എന്നതിനാലാണെന്ന് കരുതേണ്ടിവരും. ഡാർക്ക് നെറ്റ് വഴി വിദേശത്തു നിന്നെത്തിക്കുന്ന എൽ.എസ്.ഡി സ്റ്റാമ്പ്, കെറ്റാമിൻ തുടങ്ങിയ രാസലഹരികൾ നാട്ടിലും വിദേശത്തും വിൽപ്പന നടത്തുന്നവരാണ് മൂവാറ്റുപുഴയിൽ പിടിയിലായത്. ഇവരിൽ നിന്ന് രാസലഹരി വാങ്ങിയവരെക്കുറിച്ചുള്ള അന്വേഷണം എൻ.സി.ബി തുടരുകയാണ്. രാജ്യത്ത് പത്തോളം സ്ഥലങ്ങളിലാണ് ഏജൻസി രണ്ടുദിവസമായി പരിശോധന നടത്തിയത്. ലഹരി വാങ്ങിയവരുടെ വീടുകളിലും പരിശോധന തുടരുന്നു.
വ്യാജ ഐ.ഡിയിലാണ് ഡാർക്ക് നെറ്റ് വഴി ഇടപാട് നടത്തുന്നത് എന്നതിനാൽ ഇവരെ കണ്ടെത്തുക ദുഷ്‌കരമാണ്. മാസങ്ങളോളം നീണ്ട നിരന്തര നിരീക്ഷണത്തിനു ശേഷമാണ് എറണാകുളത്തെ പോസ്റ്റ് ഓഫീസ് വഴി ലഹരി പായ്ക്കറ്റുകൾ മറ്റൊരു വിലാസത്തിൽ വന്നതിനെ പിന്തുടർന്നു നടത്തിയ അന്വേഷണത്തിൽ എഡിസൺ അറസ്റ്റിലായത്. ആദ്യം സ്വന്തം ആവശ്യത്തിനാണ് എഡിസൺ ഡാർക്ക് നെറ്റ് വഴി ലഹരിമരുന്ന് വാങ്ങിയത്. പിന്നീട് ഇത് ബിസിനസാക്കി മാറ്റുകയായിരുന്നു. എൽ.എഡ്.ഡി വിദേശത്തുനിന്ന് എത്തിക്കുമ്പോൾ കെറ്റാമിൻ ഇന്ത്യയിൽ നിന്നു തന്നെയാണ് വാങ്ങിയിരുന്നത്. അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയായ സാംബഡയുമായി ബന്ധം പുലർത്തിയാണ് എഡിസൺ ലഹരിമരുന്നുകൾ എത്തിച്ചിരുന്നത്. ഡിജിറ്റൽ കറൻസി ഉപയോഗിച്ചാണ് ഇടപാട് എന്നതിനാൽ സാധാരണ നിലയിലുള്ള അന്വേഷണത്തിൽ ഇവരെ പിടികൂടാനാകില്ല. ഇത്തരം ബിസിനസ് നടത്തുന്ന മറ്റ് സംഘങ്ങളും കേരളത്തിൽ പ്രവർത്തിക്കുന്നില്ലെന്ന് പറയാനാകില്ല.
ഡാർക്ക് നെറ്റിന്റെ മറവിൽ നടക്കുന്ന മയക്കുമരുന്ന് വ്യാപാരവും ക്രിപ്റ്റോ കറൻസി ഇടപാടുകളും ആശങ്ക ഉണർത്തുന്നതാണ്. ഡാർക്ക് നെറ്റിൽ നിന്ന് വാങ്ങാൻ കഴിയാത്തതായി ഒന്നുമില്ലെന്നാണ് പറയപ്പെടുന്നത്. തോക്കുകളും മറ്റ് ആയുധങ്ങളും വിഷവുമൊക്കെ ഇതിൽ ലഭ്യമാണെന്നും പറയപ്പെടുന്നു. സാങ്കേതികമായി നല്ല പരിജ്ഞാനമുള്ളവർക്കാണ് ഇത് ഉപയോഗിക്കാനാവുന്നത്. അധോലോകക്കാരും തട്ടിപ്പുകാരും ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒന്നാണിത്. മറഞ്ഞിരുന്ന് എന്ത് കുറ്റകൃത്യവും ചെയ്യാനാവും എന്നതാണ് കഷ്ടപ്പെടാതെ വേഗം പണമുണ്ടാക്കാൻ ശ്രമിക്കുന്ന ചെറുപ്പക്കാരെ ഇതിലേക്ക് ആകർഷിക്കുന്നത്. ഇത്തരം പ്രവൃത്തികളിലേർപ്പെടുന്നവരെ നിരീക്ഷിക്കാനും കണ്ടെത്താനുമുള്ള പ്രത്യേക പരിശീലനം സംസ്ഥാനത്തെ എക്‌സൈസ് ഉൾപ്പെടെയുള്ള ഏജൻസിക്ക് നൽകാൻ സർക്കാർ നടപടി സ്വീകരിക്കേണ്ടതാണ്. എന്തുവിലകൊടുത്തും രാസലഹരിയുടെ വ്യാപനം നമുക്ക് തടഞ്ഞേ മതിയാവൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |