ലോകമെമ്പാടും നിന്ന് വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുവാൻ സംസ്ഥാന ടൂറിസം വകുപ്പ് വലിയ പ്രചാരണവും പരസ്യങ്ങളുമാണ് നല്കുന്നത്. വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ആകട്ടെ, പുതിയതും കൗതുകകരവുമായ ന്യൂജെൻ ടൂറിസം ആശയങ്ങൾ നടപ്പാക്കുന്നതിൽ അഭിനന്ദനാർഹമായ പ്രവർത്തനങ്ങൾ നടത്തുന്നുമുണ്ട്. ഇപ്പോൾ ഇത് പറയുവാൻ കാര്യം, കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിൽ ടൂറിസം വകുപ്പിന്റേതായി പുതുമായർന്ന ഒരു പരസ്യം വൈറൽ ആകുന്നത് ശ്രദ്ധയിൽപ്പെട്ടതാണ്. നാളികേര വൃക്ഷങ്ങളുടെ ഹരിതച്ഛായയിൽ ഒരു 'ബ്രിട്ടീഷ് മോഡൽ" വിശ്രമിക്കുന്നതാണ് പരസ്യത്തിലെ ചിത്രീകരണം. ഇംഗ്ളീഷിലുള്ള പരസ്യവാചകത്തിന്റെ പരിഭാഷ ഇങ്ങനെ: 'ഒരിക്കൽ വന്നാൽ, പിന്നീടൊരിക്കലും മടങ്ങിപ്പോകാൻ നിങ്ങൾ ആഗ്രഹിക്കില്ല!" ഇതിലെന്തു പുതുമ എന്നു തോന്നും; തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തര സാഹചര്യത്തിൽ ഇറങ്ങി, കഴിഞ്ഞ ഇരുപത് ദിവസമായി സാങ്കേതിക കുഴപ്പങ്ങൾ കാരണം തിരികെപ്പോകാനാകാതെ അവിടെത്തന്നെ വിശ്രമിക്കുന്ന അത്യാധുനിക ബ്രിട്ടീഷ് യുദ്ധവിമാനമാണ് ആ 'വിദേശ മോഡൽ" എന്ന തമാശ അറിയുംവരെ!
ബ്രിട്ടീഷ് റോയൽ നേവിയുടെ എഫ് 35 ബി എന്ന യുദ്ധവിമാനം തിരികെപ്പോകാത്തത് കേരളത്തിന്റെ സൗന്ദര്യം കണ്ടിട്ടല്ല; വന്നതുപോലെ, തിരികെ പറത്തിക്കൊണ്ടുപോകാൻ നിവൃത്തിയില്ലാഞ്ഞിട്ടാണ് എന്നതൊക്കെ ശരിതന്നെ. പക്ഷേ, അതിനെ സൗന്ദര്യാത്മകമായി വ്യാഖ്യാനിച്ച് വിനോദസഞ്ചാര വകുപ്പിന്റെ പരസ്യത്തിന് പ്രയോജനപ്പെടുത്തിയത് ആരായാലും ശരി, ആ വിശേഷബുദ്ധിക്കും നർമ്മബോധത്തിനും കൈകൊടുക്കണം. ട്രോളുകളുടെ കാലത്ത്, സമൂഹമാദ്ധ്യമ പരസ്യത്തിന് ഏതാണ്ട് അതുപോലൊരു മാതൃക സ്വീകരിച്ചത് ഏതു സഞ്ചാരിയുടെയും ശ്രദ്ധ പിടിച്ചുകെട്ടും! ഇന്ത്യൻ മഹാസമുദ്രത്തിൽ നങ്കൂരമിട്ടിരുന്ന എച്ച്.എം.എസ് പ്രിൻസ് ഒഫ് വെയിൽസ് എന്ന റോയൽ നേവി യുദ്ധക്കപ്പലിൽ നിന്ന് പരിശീലനപ്പറക്കലിന് പുറപ്പെട്ടതായിരുന്നു സായിപ്പിന്റെ എഫ് 35 ബി എന്ന 'കൊലകൊമ്പൻ" യുദ്ധവിമാനം. പക്ഷേ, കാലാവസ്ഥ മോശമായതോടെ വിമാനവാഹിനിയിലേക്ക് തിരിച്ചെത്താനായില്ല. അതിനിടെ, ഇന്ധനവും കുറഞ്ഞു. അങ്ങനെയാണ് അടിയന്തര ലാൻഡിംഗിന് അനുമതി തേടിയതും, സുരക്ഷിതമായി ഇവിടെ ലാൻഡ് ചെയ്തതും!
പക്ഷേ, ഇതൊക്കെ നടന്നത് ഇക്കഴിഞ്ഞ ജൂൺ 14 രാത്രിയിലാണ്. ബ്രിട്ടീഷ് ശൗര്യവുമായി ഇരച്ചിറങ്ങിയ വിമാനം പിന്നെ അവിടെനിന്ന് അനങ്ങിയില്ല. ഹൈഡ്രോളിക് സംവിധാനത്തിലെ തകരാറായിരുന്നു ആദ്യം. പിന്നെ, കുഴപ്പങ്ങൾ ഒന്നൊന്നായി തലപൊക്കി. റോയൽ നേവിയുടെ മൂന്ന് വിദഗ്ദ്ധന്മാർ പറന്നുവന്ന് പഠിച്ചപണി പലതും പ്രയോഗിച്ചിട്ടും കിടപ്പിലായ 'ഗജരാജൻ" അതേ കിടപ്പുതന്നെ. 110 ദശലക്ഷം യു.എസ് ഡോളർ വിലവരുന്ന യുദ്ധവിമാനം മഴനനഞ്ഞുകിടക്കേണ്ട എന്നു കരുതി ബ്രിട്ടന്റെ അനുമതിയോടെ പിന്നെ അതിനെ വിമാനത്താവളത്തിലെ നാലാം നമ്പർ ബേയിലേക്കു മാറ്റി. കേന്ദ്ര സുരക്ഷാ സേനയുടെ സായുധ കാവലും ഏർപ്പെടുത്തി. വിദഗ്ദ്ധ എൻജിനിയർമാരുടെയും, വിമാനം നിർമ്മിച്ച യു.എസ് കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിനിൽ നിന്നുള്ള വിദഗ്ദ്ധരുടെയും പരിവാരം ഇന്നുവരും, നാളെ വരും എന്ന് പറയാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമായി.
ഇന്ത്യൻ എൻജിനിയർമാരുടെ മുന്നിൽ വച്ച് തങ്ങളുടെ അത്യാധുനികനെ അഴിച്ചുപെറുക്കുന്നത് ബ്രിട്ടീഷ് നാവികസേനയ്ക്ക് കുറച്ചിലല്ലേ! ബ്രിട്ടന്റെ അഞ്ചാംതലമുറ യുദ്ധവിമാനം ഒരു വിദേശരാജ്യത്ത് കുടുങ്ങിപ്പോയ വാർത്ത ലോക മാദ്ധ്യമങ്ങൾ മതിയാവോളം ആഘോഷിക്കുന്നുണ്ട്. സൈനിക മേഖലയിലെ ആഗോള വിദഗ്ദ്ധന്മാർ തിരുവനന്തപുരത്തേക്ക് ഉറ്റുനോക്കുന്നുമുണ്ട്. വലിയ വല്ല ചരക്കുവിമാനവും കൊണ്ടുവന്ന് 'ഇവനെ" എങ്ങനെയെങ്കിലും നാട്ടിലെത്തിക്കുവാനാണത്രേ ബ്രിട്ടീഷ് റോയൽ ആർമിയുടെ പദ്ധതി. അതെന്തായാലും, കിട്ടേണ്ട ചീത്തപ്പേര് ബ്രിട്ടീഷ് യുദ്ധവിമാനത്തിനു കിട്ടി. ആ ചെലവിൽ നമ്മുടെ വിനോദസഞ്ചാര വകുപ്പ് എഫ് 35 യുദ്ധവിമാനത്തെ മോഡലാക്കി ചുളുവിൽ പരസ്യവുമിറക്കി. 'സായിപ്പിനെ കവാത്തു പഠിപ്പിക്കുന്ന" ടെക്‌നിക്ക് മലയാളിക്കേ അറിയൂ!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |