തിരുവനന്തപുരം: സ്കൂൾ തുറന്ന് ഒരു മാസം പിന്നിട്ടിട്ടും അക്കാഡമിക് കലണ്ടറും അദ്ധ്യാപകർക്കുള്ള ഹാൻഡ് ബുക്കും വിതരണം ചെയ്യാതെ പൊതുവിദ്യാഭ്യാസ വകുപ്പ്.
ഒരു വർഷത്തെ അക്കാഡമിക പ്രവർത്തനങ്ങളും സമയക്രമവും ഉൾപ്പെടുന്ന അക്കാഡമിക് കലണ്ടറിൽ മൂന്ന് ടേമുകളിലെയും മേളകൾ, പരീക്ഷകൾ, സ്കോളർഷിപ്പ് പരീക്ഷകളുടെ സമയം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. സാധാരണ ജൂൺ ആദ്യവാരം കലണ്ടർ അദ്ധ്യാപകരുടെ കൈകളിലെത്താറുണ്ട്.
പരീക്ഷാ തീയതികൾ അനുസരിച്ച് സമയം ക്രമീകരിച്ച് മുൻകൂട്ടി പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതിനും അദ്ധ്യാപകരെ സഹായിക്കുന്നത് അക്കാഡമിക് കലണ്ടറാണ്.
പാഠപുസ്തകങ്ങൾ മാറിയ സാഹചര്യത്തിൽ അദ്ധ്യാപക സഹായികളായ ഹാൻഡ് ബുക്കുകളില്ലാത്തത് കൂടുതൽ പ്രതിസന്ധിയുണ്ടാക്കുന്നു. പരിചയമില്ലാത്ത പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതിൽ വ്യക്തതക്കുറവുള്ളതായി അദ്ധ്യാപകർ പറയുന്നു. കഴിഞ്ഞവർഷം ഒന്ന്, മൂന്ന്, ഏഴ്, അഞ്ച്, ഒൻപത് ക്ളാസുകളിലെയും ഈ വർഷം രണ്ട് മുതൽ പത്ത് വരെയുള്ള ബാക്കി ക്ളാസുകളിലെയും പാഠഭാഗങ്ങളാണ് മാറിയത്. വകുപ്പിന്റെ അലംഭാവത്തിനെതിരെ അദ്ധ്യാപക സംഘടനകൾ രംഗത്തെത്തി.
ജൂലായ് ആയിട്ടും യൂണിഫോം വിതരണം പൂർത്തിയായിട്ടില്ലെന്നും അദ്ധ്യാപകർ പറയുന്നു.
.................................
പൊതുവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാനപ്രശ്നങ്ങൾ മറച്ചുവച്ച് പുറംമോടിയിൽ അഭിരമിക്കുകയാണ് . പാദവാർഷിക പരീക്ഷ അടുത്തിട്ടും അക്കാഡമിക് കലണ്ടറും അദ്ധ്യാപകർക്കുള്ള ഹാൻഡ് ബുക്കും ലഭിക്കാത്തത് അതീവ ഗൗരവമുള്ള കാര്യമാണ്.
കെ.അബ്ദുൾ മജീദ്
പ്രസിഡന്റ്
കെ.പി.എസ്.ടി.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |