തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാറിന്റെ
സസ്പെൻഷൻ ഉടൻ പിൻവലിക്കണമെന്നു കാട്ടി വി.സിയുടെ താത്കാലിക ചുമതല വഹിക്കുന്ന ഡോ.സിസാ തോമസിന് പ്രോചാൻസലർ കൂടിയായ മന്ത്രി ആർ.ബിന്ദു കത്ത് നൽകി.
വി.സിയുടെ നടപടി അധികാരപരിധി ലംഘിച്ചുള്ളതാണ്. ചട്ടവിരുദ്ധവും ബാഹ്യ സമ്മർദ്ദത്താലുമാണ്.
വൈസ് ചാൻസലർക്ക് രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ അധികാരമില്ല. കേരള സർവകലാശാല നിയമം 1974 അനുസരിച്ച് രജിസ്ട്രാർ സിൻഡിക്കേറ്റ് നിയമിക്കുന്ന ഉദ്യോഗസ്ഥനാണ്. അച്ചടക്ക നടപടികളും സസ്പെൻഷൻ ഉത്തരവുകളും പുറപ്പെടുവിക്കാൻ സിൻഡിക്കേറ്റിന് മാത്രമാണ് അധികാരം. രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്യേണ്ട അടിയന്തര സാഹചര്യം സർവകലാശാലയിൽ ഉണ്ടായിരുന്നില്ല. നടപടി സർവകലാശാലയുടെയും ഉന്നതവിദ്യാഭ്യാസ മേഖലയുടെയും താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കേരള രജിസ്ട്രാറുടെ നിയമനം പുന:പരിശോധിക്കണം:എ.ബി.വി.പി.
തിരുവനന്തപുരം:ചാൻസിലറെയും വൈസ് ചാൻസിലറെയും മറികടന്നു കൊണ്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും രജിസ്ട്രാർക്കും സർവകലാശാല ഭരണത്തിൽ അമിതാധികാരം നൽകുന്ന സർവകലാശാലാ ഭേദഗതി ബില്ലിൽ ഒപ്പ് വയ്ക്കരുത് എന്നാവശ്യപ്പെട്ട് എ.ബി.വി.പി.പ്രതിനിധികൾ ഗവർണർക്ക് നിവേദനം നൽകി. കേരള സർവ്വകലാശാല രജിസ്ട്രാർ പ്രൊഫ. കെ എസ് അനിൽ കുമാറിന്റെ നിയമനം പുന: പരിശോധിക്കണമെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടു.എ.ബി.വി.പി ദേശീയ സെക്രട്ടറി ശ്രാവൺ.ബി.രാജ്, സംസ്ഥാന അധ്യക്ഷൻ ഡോ. വൈശാഖ് സദാശിവൻ,സംസ്ഥാന സെക്രട്ടറി ഈ.യു. ഈശ്വരപ്രസാദ്, ജോയിന്റ് സെക്രട്ടറി എം.ആര്യലക്ഷ്മി,സംഘടനാ സെക്രട്ടറി സി.ഐ.വിപിൻകുമാർ, സഹസംഘടനാ സെക്രട്ടറി എൻ.സി.ടി.ശ്രീഹരി എന്നിവരാണ് പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |