എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു. ആദ്യ ഇന്നിംഗ്‌സില്‍ ആതിഥേയരെ 407 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 180 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് കരസ്ഥമാക്കി. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ 64ന് ഒന്ന് എന്ന നിലയിലാണ്. ആകെ ലീഡ് 244 റണ്‍സ്. കെഎല്‍ രാഹുല്‍ (28*), കരുണ്‍ നായര്‍ (7*) എന്നിവരാണ് ക്രീസില്‍. 28 റണ്‍സെടുത്ത യശസ്വി ജയ്‌സ്‌വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
സ്‌കോര്‍ ഇന്ത്യ 587 & 64-1 | ഇംഗ്ലണ്ട് 407
നേരത്തെ 77ന് മൂന്ന് എന്ന നിലയില്‍ മൂന്നാം ദിവസം കളി പുനരാരംഭിച്ച ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് 407 റണ്‍സില്‍ അവസാനിച്ചു. ജോ റൂട്ട് (22), ബെന്‍ സ്‌റ്റോക്‌സ് (0) എന്നിവരുടെ വിക്കറ്റുകള്‍ ആദ്യ സെഷനില്‍ തന്നെ നഷ്ടമായപ്പോള്‍ 84ന് അഞ്ച് എന്ന നിലയില്‍ ഇംഗ്ലണ്ട് പതറി. ആറാം വിക്കറ്റില്‍ 203 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ഹാരി ബ്രൂക് (158), വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത്ത് (184*) എന്നിവരുടെ സെഞ്ച്വറി പ്രകടനങ്ങളാണ് ഇംഗ്ഷീഷ് നിരയെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്.
ക്രിസ് വോക്‌സ് അഞ്ച് റണ്‍സ് നേടി പുറത്തായപ്പോള്‍ അവസാന മൂന്ന് ബാറ്റര്‍മാരായ ബ്രൈഡന്‍ കാഴ്‌സ്, ജോഷ് ടംഗ്, ഷൊയ്ബ് ബഷീര്‍ എന്നിവര്‍ പൂജ്യത്തിന് പുറത്തായതോടെ ഇംഗ്ലീഷ് ഇന്നിംഗ്‌സിന് തിരശീല വീണു. ജെയ്മി സ്മിത്ത് 207 പന്തുകളില്‍ നിന്ന് 21 ഫോറും നാല് സിക്‌സറും സഹിതമാണ് 184 റണ്‍സ് നേടി പുറത്താകാതെ നിന്നത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് ആറ് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ആകാശ് ദീപ് നാല് വിക്കറ്റുകള്‍ പിഴുതു. മറ്റ് ബൗളര്‍മാര്‍ക്കൊന്നും തന്നെ വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിഞ്ഞില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |