കൊല്ലം: പാതി പുകച്ചണച്ച ബീഡിത്തുമ്പിൽ രണ്ടായി കീറിയ തീപ്പെട്ടിക്കൊള്ളിയിലൊന്നുരച്ച് കത്തിച്ചു. പിന്നെ വലിച്ച്, പുറത്തേക്ക് പുകതുപ്പി. കൊല്ലത്തെ 'കസബ ജയിലിൽ' ഇപ്പോഴും ബഷീറിന്റെ ആ പുകച്ചുരുളുകളുടെ ഗന്ധമുണ്ടാകും. ഇന്ന് കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീന്റെ ഓർമ്മദിനം.
പുകവലിക്കാനും കത്തെഴുതാനും കിട്ടിയ സ്വാതന്ത്ര്യത്തെ 'ഒരു ചെറിയ ടൗൺ' എന്ന ജയിൽ വിശേഷണത്തിനുപോലും പ്രേരിപ്പിച്ചുവെന്നത് ചരിത്രം. എഴുത്തെന്ന രാജ്യദ്രോഹക്കുറ്റത്തിനാണ് മലയാളത്തിന്റെ ഇമ്മിണി ബല്യ സുൽത്താനെ കസബ ജയിലിൽ അടച്ചത്. ജയിൽ വാസത്തിന്റേതായ ബുദ്ധിമുട്ടുകളൊന്നും ബഷീറിനെ വേട്ടയാടിയിരുന്നില്ലെന്ന് സാഹിത്യലോകം ഇന്നും വായിച്ച് അടിവരയിടുന്നു.
പോഞ്ഞിക്കര റാഫിക്ക് അയച്ച കത്തുകളിൽ ജയിലിലെ അനുഭവങ്ങൾ തനത് ശൈലിയിൽ ബഷീർ കുറിച്ചിരുന്നു. കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ സർവേ വിഭാഗം അസി.ഡയറക്ടറുടെ ഓഫീസ് കെട്ടിടമാണ് പഴയ കസബ ജയിൽ. ദിവാൻ സർ സി.പിക്കെതിരെ ദിനപ്പത്രത്തിൽ വന്ന 'ധർമ്മരാജ്യം' എന്ന ലേഖനത്തെ തുടർന്നാണ് ബഷീറിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്. അഞ്ചൽപ്പെട്ടിക്ക് ആസിഡ് ഒഴിച്ചുവെന്ന കേസുമുണ്ടായി.
1942 ഒക്ടോബർ 28ന് കോട്ടയം പൊലീസ് സ്റ്റേഷനിൽ ബഷീർ കീഴടങ്ങി. തൊട്ടടുത്ത ദിവസമാണ് കൊല്ലം കസബ ജയിലിലേക്ക് കൊണ്ടുവന്നത്. തകഴി അന്ന് കാണാനായി ജയിലിൽ എത്തിയതോടെ ബഷീറിന് കൂടുതൽ പ്രാധാന്യം നൽകാൻ ജയിൽ അധികൃതർ ശ്രദ്ധിച്ചു. അതാണ് ബീഡിവലിയുടെ സ്വാതന്ത്ര്യത്തിലേക്ക് എത്തിച്ചത്.
മതിലുകളുടെ പൊക്കം
ബഷീറിന്റെ 'മതിലുകൾ'ക്ക് ഉൾക്കാഴ്ചയുടെ ഉയരമുണ്ടെന്ന് സാഹിത്യലോകം എപ്പോഴും ചർച്ച ചെയ്യാറുണ്ട്. ആ മതിലുകളെഴുതാൻ ബഷീറിന് പ്രേരണയായത് കസബ ജയിലായിരുന്നു. പോക്കറ്റടിക്കാരെയും തെരുവ് ഗുണ്ടകളെയുമൊക്കെ കഥാപാത്രങ്ങളാക്കാനും കഴിഞ്ഞു. രണ്ടര വർഷത്തെ ജയിൽവാസത്തിൽ അധികവും തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലായിരുന്നു. ഇവിടെ കണ്ട ഇരുപത്തിരണ്ടുകാരിയാണ് പിന്നീട് മതിലുകളിലെ നായിക 'നാരായണി'യായത്. കൗമുദി ആഴ്ചപ്പതിപ്പിന്റെ 1964 ലെ ഓണം വിശേഷാൽ പതിപ്പിലാണ് മതിലുകൾ അച്ചടിച്ചുവന്നത്. നാല് ദിവസം കൊണ്ടാണ് ഇതെഴുതിയതെന്നും പറയുന്നു. കസബ ജയിലിൽ നിന്ന് പോകുംമുമ്പ് അദ്ദേഹം ജയിൽ വളപ്പിൽ നട്ട ആര്യവേപ്പ് അടുത്തകാലംവരെയുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |