തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മന്ദിരമിടിഞ്ഞ് ദാരുണമായി മരണപ്പെട്ട ബിന്ദു കണ്ണീർ നോവായി നിൽക്കെ, കേരളത്തിലെ പല സർക്കാർ ആശുപത്രി കെട്ടിടങ്ങളും അപകട ഭീതിയുയർത്തുകയാണ്. അറ്റകുറ്റപ്പണി നടത്തേണ്ടത് ജില്ലാ കളക്ടർ അദ്ധ്യക്ഷനായ ആശുപത്രിവികസന സൊസൈറ്റികളാണ്. ഫണ്ടില്ലാത്തതാണ് പ്രധാന തടസം.
തിരുവനന്തപുരം, ആലപ്പുഴ ജനറൽ ആശുപത്രികൾ, മലപ്പുറം ഗവ. താലൂക്ക് ആശുപത്രി, കണ്ണൂർ ജില്ലാ ആശുപത്രി, കാസർകോട് ജില്ലാ ടി.ബി കേന്ദ്രം എന്നിങ്ങനെ നീളുന്നു ആരോഗ്യം ക്ഷയിച്ച ആശുപത്രികൾ. പരിശോധനാ മുറി, ഒ.പി ബ്ലോക്കുകൾ, പേ വാർഡുകൾ ഒക്കെ പ്രവർത്തിക്കുന്ന കെട്ടിടങ്ങളാണ് കോൺക്രീറ്റ് അടർന്നും ചോർന്നും നിൽക്കുന്നത്.
കെട്ടിടങ്ങളുടെ ബലക്ഷയം കൃത്യമായി പരിശോധിക്കാൻ സംവിധാനമില്ല. രാജഭരണകാലത്ത് നിർമ്മിച്ച ആശുപത്രി കെട്ടിടങ്ങൾ വരെ ഇപ്പോഴുമുണ്ട്. ബലക്ഷയം പരിശോധിക്കേണ്ടതും അറ്റകുറ്റപ്പണി നടത്തേണ്ടതും പൊതുമരാമത്ത് വകുപ്പാണ്. ബന്ധപ്പെട്ട സ്ഥാപന മേധാവിമാർ ആവശ്യപ്പെട്ടാൽ പൊതുമരാമത്ത് കെട്ടിടവിഭാഗം പരിശോധിച്ച് റിപ്പോർട്ട് നൽകും. അറ്റകുറ്റപ്പണിക്ക് പണം അടയ്ക്കണം. ഫണ്ടില്ലാത്തതിനാൽ ആശുപത്രി മേധാവിമാർ മുൻകൈയെടുക്കാറില്ല.
ആശുപത്രി വരുമാനം കൊണ്ടാണ് വികസന സൊസൈറ്റിയുടെ പ്രവർത്തനം. ഇതിലെ ജീവനക്കാരുടെ ശമ്പളമുൾപ്പെടെ നൽകാനുള്ള തുകയേ വരുമാനമായി കിട്ടാറുള്ളൂ. സർക്കാർ സഹായമുണ്ടെങ്കിലേ അറ്റകുറ്റപ്പണി നടക്കൂ.
സുരക്ഷാ പദ്ധതി
നടപ്പാക്കും മുമ്പേ
മേയ് 21ന് മന്ത്രി വീണാജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയുടെ സഹകരണത്തോടെ ആശുപത്രി സുരക്ഷാ പദ്ധതി തയ്യാറാക്കാൻ തീരുമാനിച്ചു. ഇതിനുള്ള രൂപരേഖയും മാർഗനിർദ്ദേശങ്ങളും തയ്യാറാക്കി. ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ജൂൺ 26ന് ചേർന്ന അതോറിട്ടി എക്സിക്യുട്ടീവ് കമ്മിറ്റി യോഗം പ്രാരംഭ ഘട്ടത്തിന് തുക അനുവദിച്ചു. ഓഗസ്റ്റോടെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും സുരക്ഷാ സംവിധാനം മെച്ചപ്പെടുത്താനും തീരുമാനിച്ചു. ഇതിനിടെയാണ് കോട്ടയത്തെ ദുരന്തം.
പുതിയതു പണിതു, പക്ഷേ
പൊളിക്കാതെ പഴയവ
ഒന്നും രണ്ടും പിണറായി സർക്കാരുകൾ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾക്ക് വരെ ഒട്ടേറെ പുതിയ മന്ദിരങ്ങൾ പണിതു. ആധുനിക സൗകര്യവുമേർപ്പെടുത്തി. പക്ഷേ, ഉപയോഗശൂന്യമായ കെട്ടിടങ്ങൾ പലയിടത്തും പൊളിക്കാതെ നിൽക്കുന്നു. കെട്ടിടങ്ങൾ പൊളിക്കുന്നതിന് നൂലാമാലകൾ നിരവധിയാണ്. പൊളിച്ചു നീക്കുന്നതിനും ജനൽ, വാതിൽ തുടങ്ങിയവ ലേലം ചെയ്ത് വിൽക്കുന്നതിനും പ്രത്യേകം ടെൻഡർ വിളിക്കണം. മൂന്നുപേരിൽ കുറയാതെ കരാറുകാർ പങ്കെത്താലേ തുടർന്ന് നടപടികൾ സ്വീകരിക്കാനാകൂ.
കെട്ടിടങ്ങളുടെ കണക്കെടുക്കും
ബലക്ഷയമുള്ള കെട്ടിടങ്ങളുടെ കണക്കെടുക്കാൻ മന്ത്രി വീണാ ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിനും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനും കീഴിലുള്ള കെട്ടിടങ്ങളുടെ കണക്കാണ് ശേഖരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് മുമ്പ് അതത് സ്ഥാപന മേധാവിമാർ വകുപ്പ് മേധാവിമാർക്ക് റിപ്പോർട്ട് നൽകണം. ചോർച്ച, ഗുരുതര വിള്ളൽ, പൊളിഞ്ഞിളകൽ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യണം. പൊളിക്കാൻ നിശ്ചയിച്ചടത്ത് രോഗികളെ പാർപ്പിക്കുന്നുണ്ടോ, ടെൻഡർ ഉൾപ്പെടെ പ്രശ്നങ്ങളുടെ പേരിൽ പഴയകെട്ടിടങ്ങൾ പൊളിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടോ തുടങ്ങിയ കാര്യങ്ങളും ചൂണ്ടിക്കാട്ടണം.
ആരോഗ്യ കേന്ദ്രങ്ങൾ
1280
ആരോഗ്യ ഡയറക്ടേറ്റിന് കീഴിൽ
1148
മെഡി. വിദ്യാഭ്യാസ വകുപ്പിന് കീഴിൽ
132
ചരിത്രത്തിലാദ്യമായി ആശുപത്രികളിൽ സേഫ്റ്റി ഓഡിറ്റും ഫയർ ഓഡിറ്റും നടത്തി. പൊലീസും ഫയർഫോഴ്സുമായി ചേർന്ന് മോക് ഡ്രില്ലും സംഘടിപ്പിച്ചു. തുടർ നടപടി ത്വരിതപ്പെടുത്തും
-മന്ത്രി വീണാജോർജ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |