കുമളി: വീട് കുത്തി തുറന്ന് 12 പവൻ സ്വർണ്ണവും 43,000 രൂപയും മോഷ്ടിച്ച കേസിൽ നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തു. കോന്നി സ്വദേശികളായ സോണി ഭവനിൽ സോണി (26), മാമൂട്ടിൽ ജോമോൻ (36), പട്ടുമല എസ്‌റ്റേറ്റ് അനീഷ് കുമാർ (26), മുരിക്കടി ഉഷഭവനം മണികണ്ഠൻ (37) എന്നിവരാണ് അറസ്റ്റിലായത്. കുമളി ഓമേട് സ്വദേശിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. കുടുംബത്തിലെ ഗൃഹനാഥനുമായി പരിചയമുണ്ടായിരുന്ന പ്രതികളൊരാളായ ജോമോൻ ഗൃഹനാഥൻ ഒഴികെ മറ്റാരും വീട്ടിൽ ഇല്ലാത്ത ദിവസം മനസിലാക്കിയാണ് മോഷണം ആസൂത്രണം ചെയ്തത്. വീട്ടുകാർ ബന്ധുവീട്ടിലേക്ക് പോയത് അറിഞ്ഞ ജോമോൻ ജോലി സംബന്ധമായ കാര്യങ്ങൾ പറഞ്ഞ് ഗൃഹനാഥനെ കുറച്ച് നേരത്തേക്ക് വീട്ടിൽ നിന്ന് മാറ്റി. ഈ സമയം മറ്റ് മൂന്ന് പ്രതികൾ ചേർന്ന് അടുക്കളുടെ വാതിൽ കോടാലി ഉപയോഗിച്ച് വെട്ടിപ്പൊളിച്ച് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പഴ്സിലും വീട്ടിലുമായി സൂക്ഷിച്ചിരുന്ന 43,000 രൂപയും കൈക്കലാക്കി. മോഷണം നടത്തി വീട് വിട്ടതായി പ്രതികൾ ജോമോനെ ഫോണിൽ വിളിച്ച് പറഞ്ഞതോടെ ഇയാൾ ഗൃഹനാഥനെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. വീട്ടിൽ തിരിച്ചെത്തിയപ്പോൾ മോഷണ വിവരം അറിഞ്ഞ ഗൃഹനാഥൻ ഉടൻ വിവരം കുമളി പൊലീസിൽ അറിയിച്ചു. ഇതിനിടെ ജോമോനും സോണിയും പത്തനംതിട്ടയ്ക്ക് കടക്കാൻ ശ്രമിച്ചു. എന്നാൽ ഇവരുടെ വാഹനം എരുമേലിയിൽ അപകടത്തിൽപ്പെട്ടു. ഈ സമയം കുമളി പൊലീസ് ജോമോൻ കടന്ന വിവരം എല്ലാ സ്റ്റേഷനുകളിലേക്കും കൈമാറിയിരുന്നു. തുടർന്ന് എരുമേലി പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികൾ വേളങ്കണ്ണിയിലേക്കാണ് പോയതെന്ന വിവരം ലഭിച്ചതിനെ തുടർന്ന് തമിഴ്നാട് പൊലീസിന്റെ സഹകരണത്തോടെ വ്യാഴാഴ്ച രാത്രിയോടെ ഇവരെയും പിടികൂടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |