കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടഭാഗം ഇടിഞ്ഞുണ്ടായ ദുരന്തം പ്രതിപക്ഷം ആയുധമാക്കുമ്പോൾ, മരിച്ച ബിന്ദുവിന്റെ കുടുംബത്തിന്റെ ആവശ്യങ്ങൾ അംഗീകരിച്ച് മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ബിന്ദുവിന്റെ കുടുംബത്തിനൊപ്പമാണ് സർക്കാരെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. മകൾ നവമിയ്ക്ക് മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയ ചെയ്യാമെന്ന് വാഗ്ദാനം നൽകിയെങ്കിലും ഇപ്പോഴത്തെ മാനസികാവസ്ഥയിൽ നീട്ടണമെന്നാണ് പിതാവ് പറഞ്ഞത്. മകൻ നവീന് വാഗ്ദാനം ചെയ്ത ആശുപത്രി വികസനസമിതി വഴിയുള്ള താത്കാലിക ജോലി സ്ഥിരമാക്കാമെന്നും അറിയിച്ചു. കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുടുംബത്തിന് മതിയായ സാമ്പത്തിക സഹായം അടുത്ത മന്ത്രിസഭായോഗം പ്രഖ്യാപിക്കും. പണി പൂർത്തിയാകാത്ത വീട് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ നാഷണൽ സർവീസ് സ്കീം നവീകരിക്കുമെന്ന് ഭർത്താവ് വിശ്രുതനെയും, അമ്മ സീതമ്മയെയും ഫോണിൽ വിളിച്ച് മന്ത്രി ഡോ. ആർ. ബിന്ദു ഉറപ്പ് നൽകി.
തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാഷ്ട്രീയം കളിക്കുകയാണ് പ്രതിപക്ഷമെന്നും ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം കേട്ടാൽ കെട്ടിടം തകർത്തത് മന്ത്രിയാണെന്ന് തോന്നുമെന്നും വാസവൻ പരിഹസിച്ചു.
കെട്ടിടാവശിഷ്ടങ്ങൾക്ക് അടിയിൽപ്പെട്ട് തലച്ചോറിന് ക്ഷതമേറ്റും വാരിയെല്ലുകൾ ഒടിഞ്ഞും ഉടൻ മരണം സംഭവിച്ചെന്നാണ് പോസ്റ്റുമാേർട്ടം റിപ്പോർട്ട്. ശ്വാസംമുട്ടിയല്ലെന്ന് ചൂണ്ടിക്കാട്ടി രക്ഷാ പ്രവർത്തനം വൈകിയെന്ന ആരോപണം തള്ളുകയാണ് ഭരണപക്ഷം.
ബിന്ദുവിന്റെ വീട് നവീകരിക്കും: മന്ത്രി
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിലുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ വീട് ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണൽ സർവീസ് സ്കീം ആഭിമുഖ്യത്തിൽ നവീകരിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ബിന്ദുവിന്റെ ഭർത്താവ് വിശ്രുതനെയും അമ്മ സീതമ്മയെയും ഫോണിൽ വിളിച്ചാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. നാഷണൽ സർവീസ് സ്കീം അധികൃതർ എത്രയും വേഗം നടപടികൾ വിലയിരുത്തും. താമസം കൂടാതെ നിർമ്മാണം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |