തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതൽ 27 വരെ നടത്തും. ഇന്നലെ പ്രസിദ്ധീകരിച്ച അക്കാഡമിക് കലണ്ടർപ്രകാരമാണിത്. ഓഗസ്റ്റ് 29 ന് ഓണാവധിക്കായി അടയ്ക്കും. സെപ്തംബർ എട്ടിന് തുറക്കും.
ക്രിസ്മസ് പരീക്ഷ ഡിസംബർ 11 മുതൽ 18 വരെയാണ്. 19 ന് ക്രിസ്മസ് അവധിക്ക് അടയ്ക്കും. 29ന് തുറക്കും.
പ്ലസ് ടു പ്രാക്ടിക്കൽപരീക്ഷ 2026 ജനുവരി 22 നും, പ്ലസ് വൺ / പ്ലസ് ടു മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 23 വരെയും വാർഷിക പരീക്ഷ മാർച്ച് രണ്ട് മുതൽ 30 വരെയുമാണ്.
. മദ്ധ്യവേനലവധിക്കായി മാർച്ച് 31ന് അടയ്ക്കും. കലണ്ടർ പ്രകാരം ജൂലായ് 26 യു.പി, ഹൈസ്ക്കൂൾ ക്ലാസുകൾക്ക് അധിക പ്രവൃത്തി ദിനമാണ്. ഓഗസ്റ്റ് 16 , ഒക്ടോബർ നാല് എന്നീ ദിവസങ്ങളും ഹൈസ്ക്കൂളിന് അധിക പ്രവൃത്തി ദിനമായിരിക്കും. ഒക്ടോബർ 24 യു.പിയ്ക്കും ഹൈസ്ക്കൂളിനും ജനുവരി മൂന്ന്, 31 തീയതികൾ ഹൈസ്ക്കൂളിനും അധിക പ്രവൃത്തി ദിനമായിരിക്കും.
യു.പി വിഭാഗത്തിൽ 200 അദ്ധ്യയന ദിനങ്ങളും ഹൈസ്ക്കൂൾ വിഭാഗത്തിൽ 204 അദ്ധ്യയന ദിനങ്ങളും ഉൾപ്പെടുന്നതാണ് അക്കാഡമിക് കലണ്ടർ. എൽ.പി വിഭാഗത്തിൽ 198 അദ്ധ്യയന ദിവസങ്ങളുണ്ട്. യു.പിക്ക് രണ്ട് ശനിയും ഹൈസ്ക്കൂളിന് ആറ് ശനിയും പ്രവൃത്തിദിനമായിരിക്കും.
അക്കാഡമിക് കലണ്ടർ പുറത്തിറങ്ങി
തിരുവനന്തപുരം: അദ്ധ്യയനം തുടങ്ങി ഒരു മാസം പിന്നിട്ടപ്പോൾ അക്കാഡമിക് കലണ്ടർ പുറത്തിറങ്ങി.
ഇന്നലെ നടന്ന അദ്ധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ്
2025-26 ലെ വിദ്യാഭ്യാസ കലണ്ടർ മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തത്.
അക്കാഡമിക് കലണ്ടർ പുറത്തിറക്കാത്തതിനെതിരെ അദ്ധ്യാപകർ രംഗത്തെത്തിയിരുന്നു.
ഇന്നലെ ഇതു സംബന്ധിച്ച് കേരള കൗമുദി വാർത്ത നൽകിയിരുന്നു.
അക്കാഡമിക് കലണ്ടർ ലഭിച്ചതോടെ ഓണപ്പരീക്ഷ തീയതി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വന്നത് പാഠഭാഗങ്ങൾക്ക് കൃത്യമായ സമയക്രമീകരണം നടത്താൻ അദ്ധ്യാപകരെ സഹായിക്കും.
ഫസ്റ്റ്ബെൽ ക്ലാസുകൾകൈറ്റ് വിക്ടേഴ്സിൽ
തിരുവനന്തപുരം:പുതിയ പാഠപുസ്തകത്തിനനുസരിച്ചുള്ള ഫസ്റ്റ്ബെൽ ക്ലാസുകൾ ജൂലായ് 9 മുതൽ കൈറ്റ് വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും.കുട്ടികൾക്കുള്ള അധിക പിന്തുണ എന്ന തരത്തിലാണ് ഈ ക്ലാസുകൾ തയ്യാറാക്കിയിട്ടുള്ളത്.
സ്കൂൾ മെനു;
തദ്ദേശ സ്ഥാപനങ്ങളുടെ
സഹായം തേടും
തിരുവനന്തപുരം: പുതുക്കിയ സ്കൂൾ ഉച്ചഭക്ഷണ മെനു പ്രഥമാദ്ധ്യാപകർക്ക് ബാദ്ധ്യതയാകുമെന്ന പരാതി ഉയർന്നതോടെ, പണം കണ്ടെത്താൻ തദ്ദേശസ്ഥാപനങ്ങളുടെ സഹായം തേടാൻ പൊതുവിദ്യാഭ്യാസ വകുപ്പ്. വെജിറ്റബിൾ ബിരിയാണിയും മുട്ട ഫ്രൈഡ് റൈസുമൊക്കെ ഉൾപ്പെടുത്തിയതാണ് പുതിയ മെനു. ഇതിനായി പാചകച്ചെലവിനടക്കം തുക വർദ്ധിപ്പിക്കണമെന്ന് അദ്ധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിക്കാമെന്ന് ശനിയാഴ്ച വിളിച്ച യോഗത്തിൽ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിയിൽ തന്നെ ഉച്ചഭക്ഷണത്തിനൊരു വിഹിതം നീക്കിവെയ്ക്കാനുള്ള മാർഗമാണ് തേടുന്നത്. ഇതു സംബന്ധിച്ച് തദ്ദേശമന്ത്രി എം.ബി.രാജേഷും തദ്ദേശ സ്ഥാപന മേധാവികളുമായും ചർച്ച നടത്തും. ഉച്ചഭക്ഷണത്തിനുള്ള വിഹിതം മാസം തോറും മുടങ്ങാതെ നൽകണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. പ്രഥമാദ്ധ്യാപകരെ ബുദ്ധിമുട്ടിലാക്കില്ലെന്ന് മന്ത്രി ഉറപ്പു നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |