ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസരംഗത്തെ അഴിമതിയിൽ ഞെട്ടി സി.ബി.ഐ.
വൻ കോഴ വാങ്ങി നിലവാരമില്ലാത്തതും മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ മെഡിക്കൽ കോളേജുകൾക്ക് അനുമതി നൽകിയെന്ന കേസിൽ യു.ജി.സി മുൻ ചെയർമാനെയും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെയും ദേശീയ മെഡിക്കൽ കമ്മിഷൻ (എം.എൻ.സി) അംഗങ്ങളെയും ഇടനിലക്കാരെയും പ്രതികളാക്കി സി.ബി.ഐ കേസെടുത്തു. പ്രതിയായ മുൻ യു.ജി.സി
ചെയർമാൻ ആരാണെന്ന വിവരം പുറത്തുവന്നിട്ടില്ല.
34 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. എട്ടുപേരെ കഴിഞ്ഞദിവസം സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ശേഷിക്കുന്ന പ്രതികളെ കണ്ടെത്താനായി ഡൽഹി, മദ്ധ്യപ്രദേശ്, കർണാടക, രാജസ്ഥാൻ, ചത്തീസ്ഗഡ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലായി 40 കേന്ദ്രങ്ങളിൽ സി.ബി.ഐ റെയ്ഡ് നടത്തി.
അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം, അടിസ്ഥാനസൗകര്യം തുടങ്ങിയവയിൽ എൻ.എം.സി നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാത്ത മെഡിക്കൽ കോളേജുകൾക്ക് പണം വാങ്ങി അംഗീകാരം നൽകിയെന്ന് സി.ബി.ഐ കണ്ടെത്തി.
ആരോഗ്യമന്ത്രാലയത്തിലും
മെഡി.കമ്മിഷനിലും അഴിമതി
കേന്ദ്ര ആരോഗ്യമന്ത്രാലയം, എൻ.എം.സി എന്നിവ കേന്ദ്രീകരിച്ച് അഴിമതിയുടെ വൻശൃംഖല തന്നെ പ്രവർത്തിക്കുന്നതായി സി.ബി.ഐയുടെ എഫ്.ഐ.ആറിൽ പറയുന്നു. മന്ത്രാലയത്തിലെ എട്ട് ഉദ്യോഗസ്ഥരാണ് പ്രതിപ്പട്ടികയിലുള്ളത്. വൻ തുകയാണ് ഇവർ രഹസ്യവിവരങ്ങളും ഫയലുകളും ഇടനിലക്കാർക്ക് കൈമാറുന്നതിന് വാങ്ങിയതെന്നും എഫ്.ഐ.ആറിലുണ്ട്. ഫാർമസി കോളേജുകൾക്ക് അംഗീകാരം നൽകുന്നതിന് പണം വാങ്ങിയെന്ന പരാതിയിൽ ഫാർമസി കൗൺസിൽ അദ്ധ്യക്ഷൻ ഡോ. മോണ്ടു എം. പട്ടേലിനെതിരെ സി.ബി.ഐ അന്വേഷണം തുടങ്ങി. അഹമ്മദാബാദിലെ വീട്ടിലും ഡൽഹിയിലെ ഓഫീസിലും റെയ്ഡ് നടത്തി. മോണ്ടു പട്ടേൽ ഒളിവിലാണ്.
പ്രതികളിലെ വമ്പൻമാർ
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് ചെയർമാൻ ഡി.പി. സിങ്, ഗീതാഞ്ജലി സർവകലാശാല രജിസ്ട്രാർ മയൂർ റാവൽ, റാവത്പുര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് ചെയർമാൻ രവിശങ്കർ ജി. മഹാരാജ്, ഇൻഡെക്‌സ് മെഡിക്കൽ കോളേജ് ചെയർമാൻ സുരേഷ് സിങ് ഭഡോറിയ തുടങ്ങിയവർ പ്രതികളാണ്.
പൂനം മീണ, ധരംവീർ, പീയുഷ് മല്യാൻ, അനുപ് ജയ്‌സ്വാൾ, രാഹുൽ ശ്രീവാസ്തവ, ദീപക്, മനീഷ, ചന്ദൻ കുമാർ എന്നിവരാണ് കുറ്റാരോപിതരായ ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |