
ബീജിംഗ്: ഇറാൻ - യുഎസ് യുദ്ധം ശക്തമാകുന്നതിനിടെ പ്രശസ്ത യൂട്യൂബ് ചാനലായ 'പ്രെഡിക്റ്റീവ് ഹിസ്റ്ററിയുടെ' അവതാരകനായ ചൈനീസ്-കനേഡിയൻ പ്രൊഫസർ ഷുക്കിൻ ജിയാംഗ് നടത്തിയ പ്രവചനം ശ്രദ്ധനേടുന്നു. യുദ്ധത്തിൽ ഇറാനോട് അമേരിക്ക തോൽക്കുമെന്നാണ് ജിയാംഗിന്റെ പ്രവചനം. 2024ൽ ഒരു ഓൺലൈൻ പ്രഭാഷണത്തിനിടെയാണ് അദ്ദേഹം പ്രവചനം നടത്തിയത്. യുഎസും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെയാണ് പഴയ വീഡിയോ പ്രചരിക്കുന്നത്.
2024ൽ ജിയാംഗ് മൂന്ന് പ്രവചനങ്ങൾ നടത്തിയിരുന്നു. അവയിൽ ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിൽ വരും, ട്രംപ് ഇറാനുമായി യുദ്ധം ആരംഭിക്കും എന്നീ രണ്ട് പ്രചനങ്ങൾ സത്യമായി. ഇതിനുശേഷം സോഷ്യൽ മീഡിയ ഉപയോക്താക്കൾ അദ്ദേഹത്തെ "ചൈനയുടെ നോസ്ട്രഡാമസ്" എന്ന് വിളിക്കാൻ തുടങ്ങിയിരുന്നു.
യേൽ കോളേജിൽ നിന്ന് ബിരുദം നേടിയ ജിയാംഗ് ബീജിംഗിൽ തത്ത്വചിന്ത -ചരിത്ര അദ്ധ്യാപകനാണ്. ജിയാംഗിന്റെ യൂട്യൂബ് ചാനലായ "പ്രെഡിക്റ്റീവ് ഹിസ്റ്ററി"ക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണുള്ളത്. ചരിത്രത്തിലെ ആവർത്തിച്ചുള്ള പാറ്റേണുകൾ, ജിയോപൊളിറ്റിക്ക്‌സ്, ഗെയിം തിയറി എന്നിവ വിശകലനം ചെയ്തുകൊണ്ടാണ് അദ്ദേഹം പ്രവചനങ്ങൾ നടത്തുന്നത്.
"സൈക്കോഹിസ്റ്ററി" എന്ന ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രവചനം. എഴുത്തുകാരൻ ഐസക് അസിമോവ് രൂപംകൊടുത്ത ഒരു സാങ്കൽപ്പിക ശാസ്ത്രമാണിത്. ഭാവി മുൻകൂട്ടി കാണാൻ ദീർഘകാല ചരിത്ര പാറ്റേണുകൾ ഉപയോഗിക്കുകയാണ് ചെയ്യുന്നത്.
ട്രംപ് വീണ്ടും അധികാരത്തിൽ വന്നാൽ ഭൂരാഷ്ട്രീയ സമ്മർദ്ദങ്ങൾ അമേരിക്കയെ ഇറാനുമായുള്ള ഏറ്റുമുട്ടലിലേക്ക് തള്ളിവിടുമെന്നാണ് ജിയാംഗ് 2024ൽ നടത്തിയ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടിയത്. രണ്ടാമതും ട്രംപ് പ്രസിഡന്റ് സ്ഥാനത്തെത്തുന്നത് ഇറാനുമായുള്ള സൈനിക ഏറ്റുമുട്ടലിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും. അത്തരമൊരു സംഘർഷം അമേരിക്കയ്ക്ക് വിനാശകരമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
ജിയാംഗ് കഴിഞ്ഞദിവസം ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളും ചർച്ചയാവുകയാണ്. 'നിലവിലെ യുദ്ധസാഹചര്യങ്ങൾ വിശകലനം ചെയ്യുമ്പോൾ ഇറാന് അമേരിക്കയേക്കാൾ കൂടുതൽ ഗുണങ്ങളുണ്ടെന്നാണ് ഞാൻ കരുതുന്നത്. ഇപ്പോൾ ഇത് അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധമാണ്. ഇറാനികൾ 20 വർഷമായി ഈ യുദ്ധത്തിനായി തയ്യാറെടുക്കുകയാണ്.
അവർക്ക് നിരവധി പരിശീലനങ്ങൾ ലഭിച്ചുകഴിഞ്ഞു. കഴിഞ്ഞ ജൂണിൽ 12 ദിവസത്തെ യുദ്ധം നടന്നു. അന്ന് ഇറാനികൾക്ക് ഇസ്രയേലികളുടെയും അമേരിക്കക്കാരുടെയും ആക്രമണശേഷി പരിശോധിക്കാനും വിശകലനം ചെയ്യാനും കഴിഞ്ഞു. ഈ പുതിയ ആക്രമണത്തിന് പൂർണമായും തയ്യാറെടുക്കാൻ അവർക്ക് എട്ട് മാസം ലഭിച്ചു.
ഇറാന്റെ പ്രോക്സികളായ ഹൂത്തികൾ, ഹിസ്ബുള്ള, ഹമാസ് എന്നിവർ അമേരിക്കൻ തന്ത്രം മനസിലാക്കിയിട്ടുണ്ട്. ഇപ്പോൾ അവരുടെ പക്കൽ അമേരിക്കൻ സാമ്രാജ്യത്തെ ദുർബലപ്പെടുത്താനും ഒടുവിൽ നശിപ്പിക്കാനും പറ്റിയ തന്ത്രമുണ്ട്. യുദ്ധം വളരെക്കാലം തുടരും. ഒടുവിലത് അവസാനിക്കുമ്പോൾ ലോകം പഴയതുപോലെയാകില്ല'- എന്നാണ് ജിയാംഗ് വ്യക്തമാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |