കൊട്ടിയൂർ പെരുമാൾക്ക് തൃക്കലശാട്ടം നടത്തിയതോടെ ഈ വർഷത്തെ വൈശാഖ മഹോത്സവത്തിന് സമാപനം. വെള്ളിയാഴ്ച രാവിലെ മണിത്തറയിലെ ചോതി വിളക്കിലെ നാളം തേങ്ങാമുറികളിലേക്ക് പകർന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. മുളന്തണ്ടുകളും ഞെട്ടിപ്പനയോലകളും കൊണ്ട് കെട്ടിയുണ്ടാക്കിയ താത്കാലിക ശ്രീകോവിൽ പിഴുതെടുത്ത് തിരുവഞ്ചിറയിൽ നിക്ഷേപിച്ചു. തുടർന്ന് തൃക്കലശാട്ടിനുള്ള കളഭകുംഭങ്ങൾ സ്ഥാനികർ മണിത്തറയിലേക്ക് എഴുന്നള്ളിച്ചു. ശേഷം വേദമന്ത്രോച്ചാരണങ്ങളോടെ സ്വയംഭൂവിഗ്രഹത്തിൽ തൃക്കലശാട്ടം തുടങ്ങി.
ആദ്യം വെള്ളിക്കുടത്തിലെയും തുടർന്ന് പൊന്നിൻ കുടത്തിലെയും കളഭം പെരുമാൾക്ക് അഭിഷേകം ചെയ്തു. പരികലശം ആടിയതോടെ തൃക്കലശാട്ടം പൂർത്തിയായി. തുടർന്ന് സർവ്വ ബ്രാഹ്മണരും ചേർന്ന് പൂർണ പുഷ്പാഞ്ജലി അർപ്പിച്ചു. ആടിയ കളഭം ഊരാളന്മാർക്കും ട്രസ്റ്റിമാർക്കും ബ്രാഹ്മണർക്കും ഭക്തർക്കും പ്രസാദമായി നൽകി. തുടർന്ന് തറ ശുചിയാക്കി.
തിടപ്പള്ളിയിലും മുഖമണ്ഡപത്തിലും ഭണ്ഡാരഅറയിലും ഇരുന്ന സ്വർണ, രജത കുംഭങ്ങളെല്ലാം കൂത്തമ്പലത്തിലേക്ക് മാറ്റി. കുടിപതികൾ തണ്ടിന്മേൽ ഊണ് ചടങ്ങ് നടത്തി. മുതിരേരി വാൾ തിരിച്ചെഴുന്നള്ളിച്ചു. അമ്മാറക്കൽ തറയിൽ തൃച്ചന്ദനപ്പൊടി അഭിഷേകം ചെയ്തതോടെ ഭണ്ഡാരം തിരിച്ചെഴുന്നള്ളിക്കാനുള്ള ചടങ്ങുകൾ തുടങ്ങി. സ്ഥാനികരും ഊരാളന്മാരും സന്നിധാനം വിട്ടു. ഹവിസ് തൂകി തന്ത്രിയും മടങ്ങിയതോടെ ഈ വർഷത്തെ വൈശാഖ മഹോത്സവം സമാപിച്ചു. തുടർന്ന് ദേവീദേവന്മാരുടെ ബലിബിംബങ്ങൾ ഇക്കരെ ക്ഷേത്രത്തിൽ എത്തിച്ചു. ചപ്പാരം വാളുകളും ഭണ്ഡാരവും മണത്തണയിലേക്ക് തിരിച്ചെഴുന്നള്ളിച്ചു.
ഇന്ന് വറ്റടി നാളിൽ ജന്മശാന്തി പടിഞ്ഞിറ്റയും ഉഷകാമ്പ്രവും അക്കരെ കൊട്ടിയൂരിൽ എത്തി സ്വയംഭൂവിനെ അഷ്ട ബന്ധം കൊണ്ട് ആവരണം ചെയ്തു കൊണ്ട് ഒരു ചെമ്പ് ചോറ് നിവേദിച്ച ശേഷം മടങ്ങി. ഇനി 11 മാസക്കാലം അക്കരെ കൊട്ടിയൂർ പ്രകൃതിയുടെ നിശ്ശബ്ദതയിൽ ലയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |