തലയോലപ്പറമ്പ്: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ തലയോലപ്പറമ്പിലെ വീട്ടിലെത്തിയ ആരോഗ്യമന്ത്രി വീണാ ജോർജിനെ കണ്ടപ്പോൾ അമ്മ സീതാലക്ഷ്മി വിങ്ങിപ്പൊട്ടി. അവരുടെ ഇരുകരങ്ങളും മന്ത്രി ചേർത്തുപിടിച്ചു. കൂടെയുണ്ടാകുമെന്ന് ഉറപ്പു നൽകി. ഭർത്താവ് വിശ്രുതനെ വാക്കുകൾ മുഴുവൻ കേട്ട മന്ത്രി അദ്ദേഹത്തെ സാന്ത്വനിപ്പിച്ചു.
പൊലീസിനെ പോലും അറിയിക്കാതെ സി.പി.എം നേതാക്കൾക്കൊപ്പം ഇന്നലെ രാവിലെ 7.10 ഓടെയാണ് മന്ത്രി ബിന്ദുവിന്റെ വീട്ടിലെത്തിയത്. അരമണിക്കൂറോളം ചെലവഴിച്ച് കുടുംബത്തിന്റെ കണ്ണീരിന് പരിഹാരം കാണുമെന്ന ഉറപ്പും നൽകിയാണ് മന്ത്രി മടങ്ങിയത്.
മന്ത്രി രാജിവയ്ക്കണമെന്ന
അഭിപ്രായമില്ല: വിശ്രുതൻ
മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്ന അഭിപ്രായമില്ലെന്ന് ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തിന്റെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുമെന്ന് ഉറപ്പ് ലഭിച്ചു. മകന് അവൻ പഠിച്ച മേഖലയിൽ ജോലി നൽകണമെന്ന ആവശ്യം പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞു. വീടിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനുള്ള സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്നുതന്നെ ആരംഭിക്കും. ചാണ്ടി ഉമ്മൻ എം.എൽ.എയും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
''അത്യന്തം ദു:ഖകരമായ സംഭവമാണ് ഉണ്ടായത്. ഹൃദയഭേദകമായ ഒരു അവസ്ഥയാണ്. ഈ കുടുംബത്തിന്റെ ദു:ഖം എന്റേയും കൂടിയാണ്. സർക്കാർ ഒപ്പമുണ്ടാകും. സഹായ തീരുമാനം മുഖ്യമന്ത്രി അറിയിക്കും
-മന്ത്രി വീണാ ജോർജ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |