കൊല്ലം: കന്നിപ്രസവത്തിലെ കൺമണിക്ക് എന്ത് പേരിടും? ഫസലുദ്ദീനും ആഗ്നസും അധികം ആലോചിക്കാതെ പേര് കണ്ടെത്തി 'കാസ്റ്റ് ലെസ്". പുനലൂരിലെ വീട്ടിലെ എട്ടുപേരും 'കാസ്റ്റ് ലെസ്" ആണ്. വീട്ടുപേര് കാസ്റ്റ് ലെസ് ഹൗസ്. ഇൻഷ്വറൻസ് സർവേയറായ എ. ഫസലുദ്ദീനും (75) ഭാര്യ ആഗ്നസ് ഗബ്രിയേലും (70) ആ പേരിടീൽ വിശേഷങ്ങൾ ഓർത്തെടുക്കുമ്പോൾ കൊച്ചുമക്കൾ ഒപ്പംകൂടി. പുനലൂർ പേപ്പർ മില്ലിന് സമീപത്തായിരുന്നു ഫസലുദ്ദീന്റെയും ആഗ്നസിന്റെയും വീട്. കണ്ടും പറഞ്ഞും അവർക്കിടയിൽ പ്രണയം മൊട്ടിട്ടു. വ്യത്യസ്ത മതവിഭാഗക്കാരായതിനാൽ ഇരുവീട്ടുകാർക്കും എതിർപ്പ്. ആഗ്നസിനെ വീട്ടിൽ നിന്ന് എവിടേക്കോ മാറ്റി. ഫസലുദ്ദീൻ ഹൈക്കോടതിയെ സമീപിച്ചു. ഹേബിയസ് കോർപ്പസ് ഉത്തരവുനേടി. ആഗ്നസിനെ കണ്ടെത്തി. അങ്ങനെ 1972ൽ പ്രണയം പൂവണിഞ്ഞു.
ദമ്പതികൾക്ക് കുഞ്ഞുപിറന്നതോടെ അകന്നുനിന്നവർ അടുത്തുകൂടി. മതം മാറ്റാൻ മുമ്പ് പ്രേരിപ്പിച്ചവർ കുഞ്ഞിന് തങ്ങളുടെ മതം അടയാളമാകുന്ന പേര് വേണെമെന്ന് പറഞ്ഞു. പുരോഗമന വാദിയായ ഫസലുദ്ദീൻ വഴങ്ങിയില്ല. ആഗ്നസിനോട് ആലോചിച്ച് ജാതിയും മതവുമില്ലാത്ത പേരിട്ടു: 'കാസ്റ്റ് ലെസ്". എതിർപ്പുകളൊക്കെ അലിഞ്ഞില്ലാതെയായപ്പോഴാണ് രണ്ടാമത്തെ മകനെത്തിയത്. അവനിട്ടത് 'കാസ്റ്റ് ലെസ് ജൂനിയർ", മൂന്നാമത്തേത് പെൺകുട്ടി- ഷൈൻ കാസ്റ്റ് ലെസ്. സ്‌കൂൾ രേഖകളിലും ജാതിയും മതവും ചേർത്തില്ല.
കാസ്റ്റ് ലെസിന് 50 വയസ്
കാസ്റ്റ് ലെസിന് ഇപ്പോൾ വയസ് 50. കുടുംബസമേതം ദുബായിൽ താമസം. കാസ്റ്റ് ലെസ് ജൂനിയർ അഭിഭാഷകനാണ്. പുനലൂർ മുനിസിപ്പൽ വൈസ് ചെയർമാനായിരുന്നു. ഷൈൻ കാസ്റ്റ് ലെസ് (40) അദ്ധ്യാപിക. ഷൈൻ വിവാഹം കഴിച്ചത് മുണ്ടക്കയത്തെ പഴയ നക്സൽ കുടുംബാംഗം 'ചെഗ്വേര"യെ. ഇവരുടെ മകൾ അലൈഡ ഷൈൻ കാസ്റ്റ്ലെസ് ചെഗ്വേര. കാസ്റ്റ് ലെസ് - സബിത ദമ്പതികളുടെ മക്കൾ ആൽഫ കാസ്റ്റ്ലെസ്, ഇന്ത്യൻ കാസ്റ്റ്ലെസ്. കാസ്റ്റ് ലെസ് ജൂനിയർ - രാജലക്ഷ്മി ദമ്പതികളുടെ മക്കൾ ആൽഫ ജൂനിയർ കാസ്റ്റ്ലെസ്, ആഗ്ന ജൂനിയർ കാസ്റ്റ്ലെസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |