തിരുവനന്തപുരം: ഒമ്പതു വർഷത്തിനുള്ളിൽ നാല് ലക്ഷം പട്ടയങ്ങൾ അനുവദിച്ച് വൻ നേട്ടത്തിലേക്ക് നീങ്ങുകയാണ് സംസ്ഥാന സർക്കാർ. തുടർഭരണം കിട്ടിയതോടെ പട്ടയ വിതരണം
നാലു ലക്ഷം തികയ്ക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആശയമാണ് സഫലമാവുന്നത്.
തൃശൂരിലാണ് ഈ മാസം കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്യുക- 3895. പാലക്കാട് (2409), മലപ്പുറം (2111), കോഴിക്കോട് (1780) ജില്ലകളാണ് തുടർന്നുള്ള സ്ഥാനത്ത്. കുറവ് കൊല്ലത്ത്-94. ജൂലായ് 31നുള്ളിൽ 16,918 പട്ടയം കൂടി വിതരണം ചെയ്യാനുള്ള തീവ്രയജ്ഞത്തിലാണ് റവന്യുവകുപ്പ്.
പഞ്ചായത്ത് പ്രദേശങ്ങളിലെ ഭൂമി പതിച്ചു കൊടുക്കാനുള്ള 1964ലെ ചട്ടങ്ങൾ, മുനിസിപ്പൽ, കോർപ്പറേഷൻ പ്രദേശങ്ങളിലെ ഭൂമി പതിച്ചു നൽകാനുള്ള 1995ലെ ചട്ടങ്ങൾ, 1993ലെ വനഭൂമി പ്രത്യേക പതിവ് ചട്ടങ്ങൾ, മിച്ചഭൂമി പതിവ് ചട്ടങ്ങൾ പ്രകാരമാണ് നാലു ലക്ഷം പട്ടയമെന്ന ലക്ഷ്യത്തിലേക്ക് കടക്കുന്നത്.
വനഭൂമികളിൽ 1977ന് മുമ്പ് കുടിയേറുകയും പട്ടയത്തിന് അപേക്ഷിക്കാതിരിക്കുകയും ചെയ്ത കുടിയേറ്റ കർഷകർക്കോ പിൻഗാമികൾക്കോ ഉള്ള പട്ടയവും ഇതോടൊപ്പം വിതരണം ചെയ്യും. ജില്ലകളിൽ പട്ടയം കിട്ടാനുള്ളവരുടെ വിവരശേഖരണം പൂർത്തിയായിവരുന്നു. ഇതോടെ മലയോര മേഖലയിലെ പട്ടയ പ്രശ്‌നങ്ങൾക്ക് ശാശ്വതപരിഹാരമാവും.
ഒമ്പത് വർഷത്തിനിടെ 383,082 പട്ടയം
നാലു ലക്ഷത്തിലെത്താൻ ഇനി നൽകേണ്ട പട്ടയം- 16,918
ഒന്നാം പിണറായി സർക്കാർ നൽകിയ പട്ടയം- 1,77,011
രണ്ടാം പിണറായി സർക്കാർ നൽകിയത്- 2,06,071
ഈ മാസം നൽകുന്നത്- 16,918
5 ലക്ഷം പട്ടയം ലക്ഷ്യം: മന്ത്രി രാജൻ
ഈ സർക്കാരിന്റെ കാലാവധി പൂർത്തിയാവും മുമ്പ് അഞ്ചു ലക്ഷം പട്ടയങ്ങൾ വിതരണം ചെയ്യും. എല്ലാവർക്കും ഭൂമി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിന്റെ ചരിത്രത്തിലാദ്യമായി തുടങ്ങിയ പട്ടയ മിഷൻചരിത്രം സൃഷ്ടിക്കാൻ അവസരമൊരുക്കി. ഡിജിറ്റൽ റീസർവേയും അർഹരായ ഭൂരഹിതരെ കണ്ടെത്താൻ സഹായകരമായി. ആഴ്ചതോറും ചേരുന്ന റവന്യു സെക്രട്ടേറിയറ്റ് മുതൽ മേഖലയോഗങ്ങൾ വരെ പട്ടയ പ്രവർത്തനങ്ങൾ വേഗത്തിലാക്കി. ആവശ്യമായ ചട്ട, നിയമ ഭേദഗതികളും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |